സംസ്ഥാന വോളീബോള്‍ അസോസിയേഷനില്‍ പൊട്ടിത്തെറി; ദേശീയ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രമക്കേട് നടന്നെന്ന് വൈസ് പ്രസിഡന്‍റ്

സംസ്ഥാന വോളീബോള്‍ അസോസിയേഷനില്‍ പൊട്ടിത്തെറി. 66 -ാമത് ദേശീയ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജീവന്‍ രാജിവെച്ചു. എന്നാല്‍ സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് രാജീവനെ പുറത്താക്കിയതായി അസോസിയേഷന്‍ നേതൃത്വം തിരിച്ചടിച്ചു.

നേതൃത്വത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ ഊന്നയിച്ചാണ് സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി രാജീവന്റെ രാജി. ഫെബ്രുവരിയില്‍ കോഴിക്കോട് നടന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നാതായാണ് ആരോപണം.

ജനറല്‍ കണ്‍വീനറും വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസോസിയേറ്റ് സെക്രട്ടറിയുമായ നാലകത്ത് ബഷീറാണ് ആരോപണം നേരിടുന്നത്. ദേശീയ വോളിയില്‍ കണ്‍വീനറുടെ വണ്‍മാന്‍ ഷോയാണ് നടന്നത്. പല സബ് കമ്മിറ്റി കണ്‍വീനര്‍മാരും പണം ചെലവഴിച്ച വിവരം അറിഞ്ഞില്ല. ചാമ്പ്യന്‍ഷിപ്പിന്റെ കണക്ക് ഓഡിറ്റ് ചെയ്തതായി അറിയില്ലെന്നും രാജീവന്‍ പറയുന്നു.

ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിലും വരവു ചെലവു കണക്കുകളിലും പൊതുജനങ്ങള്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കണമെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ഇടപെടണമെന്നും രാജീവന്‍ ആവശ്യപ്പെട്ടു.

സംഘാടക സമിതി ചെയര്‍മാന്‍ എം മെഹബൂബിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള അന്വേഷണ സമിതിയില്‍ വിശ്വാസമുണ്ടെന്നും രാജീവന്‍ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിന്റെ വരവ് ചെലവ് കണക്ക് അവതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍ നടന്നിരുന്നു.

ദേശീയ വോളി നടത്തിപ്പില്‍ ഒമ്പതര ലക്ഷത്തിന്റെ നഷ്ടമുണ്ടായെന്നാണ് അസോസിയേഷന്‍ വിശദീകരണം. അതെ സമയം സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് വൈസ് പ്രസിഡന്റ് പി രാജീവനെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel