തിരുവനന്തപുരത്ത് ‍അത്യപ്പൂര്‍വ്വ ഇനം മയക്കുമരുന്നുമായി നാലുപേര്‍ പോലീസിന്‍റെ കസ്റ്റഡിയില്‍. ഉപയോഗിച്ചാല്‍ ദിവസങ്ങളോളം ലഹരി നീണ്ട് നിള്‍ക്കുന്ന ‘മെത് ‘ എന്ന മയക്കുമരുന്നാണ് സിറ്റി ഷാഡോ പോലീസ് ഇവരെ പിടികൂടിയത്.

അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടി വിലവരുന്ന ‘മെത് ‘ അത്യപ്പൂര്‍വ്വ വിഭാഗത്തില്‍ മയക്കുമരുന്നാണ് .ഒറ്റ തവണത്തെ ഉപയോഗം കൊണ്ട് തന്നെ ഇതിന് അടിമയാകും എന്നതാണ് മറ്റ് മയക്കുമരുന്നുകളില്‍ നിന്ന് മെതിനെ വ്യത്യസ്ഥമാക്കുന്നത്

ലോകത്ത് ഇന്നോളം കണ്ടെത്തിയ മാരക ലഹരി മരുന്നുകളിലൊന്നായ മെതാംഫെറ്റാമിന്‍ എന്ന അത്യപ്പൂര്‍വ്വ ഇനം മയക്കുമരുന്നുമായിട്ടാണ് നാല് തിരുവനന്തപുരം സ്വദേശികളെ സിറ്റി പോലീസിന്‍റെ ഷാഡോ സംഘം അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങല്‍ സ്വദേശികളായ ശശിധരൻ, അനിൽകുമാർ , നഹാസ്, സാജി എന്നീവരെയാണ് പോലീസ് തന്ത്രപൂര്‍വ്വം പിടികൂടിയത്.

അന്താരാഷ്ട്ര മയക്കുമരുന്ന് വിപണയില്‍ ഒരു കോടി രൂപ വിലയുളള ഈ ലഹരിമരുന്ന് ലാബില്‍ അതിസൂക്ഷ്മമായി നിര്‍മ്മിച്ചെടുക്കുന്നതാണ് സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹത്തെയും തലച്ചോറിനേയും തകര്‍ത്ത് കളയുന്ന ഈ അത്യപ്പൂര്‍വ്വ ഇനം മയക്കുമരുന്നിന് ഗ്രാമിന് മാത്രം 10000 രൂപയിലേറെ വിലവരും.

ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നെ ഈ മയക്കുമരുന്ന് ഇല്ലാതെ ജീവിക്കാനാവില്ല എന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്.

ഉപയോഗിക്കുന്നവരില്‍ അധികവും ആത്മഹത്യയിലാണ് അഭയം തേടിന്നത് എന്നതും ഈ മയക്കുമരുന്നിനെ അപകടകാരിയാക്കുന്നു.

തിരുവനന്തപുരത്തെ ഒരു പ്രശസ്ത കലാലയത്തില്‍ പഠിക്കുന്ന അതീവ സമ്പന്നനായ ഒരു വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റത്തെ പിന്തുടര്‍ന്നാണ് സിറ്റി പോലീസ് ഈ മയക്കുമരുന്ന് ലോബിയിലെ ഇങ്ങേ അറ്റത്തെ കണ്ണികളെ വലയിലാക്കിയത്.

വീട്ടില്‍ നിന്ന് വന്‍ തുകകള്‍ കൈക്കലാക്കിയ വിദ്യാര്‍ത്ഥി പലഘട്ടത്തിലും അക്രമാസക്തനായതിനെ തുടര്‍ന്ന് വീട്ടുകാര്‍ രഹസ്യമായി പോലീസിനെ വിവരം അറിയിക്കുകയാകുന്നു.

പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിയെ ഉപയോഗിച്ച് മയക്കുമരുന്ന് സംഘത്തെ പോലീസ് വലയിലാക്കി.

എന്നാല്‍ പിടിയിലായിരിക്കുന്നവര്‍ മയക്കുമരുന്ന് ലോബിയിലെ ഏറ്റവും താ‍ഴെ തട്ടിലെ കണ്ണികളാണ്.

ഇവരില്‍ ആര്‍ക്കും തന്നെ ഈ മയക്കുമരുന്ന് നിര്‍മ്മിക്കാനുളള സാങ്കേതിക വിദ്യയില്‍ വൈദഗ്ദ്യം ഉളളവരല്ല.

ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് കമ്മീഷണര്‍ അറിയിച്ചു.എന്നാല്‍ കസ്റ്റഡിയില്‍ ഉളളവര്‍ നിസഹകരണം തുടരുകയാണ്.