സംസ്ഥാനത്ത് ഒാഗസ്റ്റ് 4 വരെ കനത്ത മ‍ഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഒാഗസ്റ്റ് 4 വരെ കനത്ത മ‍ഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോടുകൂടിയ മ‍ഴയും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പലയിടത്തും കടൽ പ്രക്ഷുബ്ദമാണ്. തിരുവനന്തപുരം ജില്ലയിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് ഒരാൾ മരണപ്പെട്ടു.

ക‍ഴിഞ്ഞ ദിവസം തെക്കൻജില്ലകളിൽ ആരംഭിച്ച ഇടിമിന്നലോടുകൂടിയ മ‍ഴ കൂടുതൽ ശക്തിപ്രാപിക്കുകയാണ്. വരുന്ന 4 ദിവസം കൂടി സംസ്ഥാനത്ത് മ‍ഴ തുടരും. 3 ദിവസം ശക്തമായത് മുതൽ അതിശക്തമായ മ‍ഴ വരെ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പടിഞ്ഞാറ് നിന്നുള്ള കാറ്റ് ശക്തിപ്പെട്ടതോടെ കേരള തീരത്തെയ്ക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. 3 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരും. അതുകൊണ്ട് തീരദേശത്തും നദീ തീരങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മ‍ഴക്കെടുതി വിലയിരുത്താൻ കളക്ടറേറ്റിലും സെക്രട്ടറിയേറ്റിലും പ്രത്യേക ഒാഫീസ് തുറന്ന് പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരത്തെ ദുരിതബാധിത പ്രദേശത്ത് ജില്ലാകളക്ടർ വാസുകി സന്ദർശിച്ചു.

പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ് തിരുവനന്തപുരത്ത് ഒരാൾ മരണപ്പെട്ടു.നാലാഞ്ചിറ സ്വദേശി ജോർജ് കുട്ടിയാണ് മരിച്ചത്.മലയോര പ്രദേശങ്ങലിൽ വിവിധയിടങ്ങലിൽ വീടുകൾക്കുമുകളിൽ മരങ്ങൾ വീണു നാശനഷ്ടങ്ങളുണ്ടായി ശക്തമായ മ‍ഴയിൽ തിരുവനന്തപുരം ജില്ളയിലെ താ‍ഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.

തിരുവനന്തപുരത്ത നെയ്യാർ ഡാമിറ്റിന്‍റെ 4 ഷട്ടറുകളും അരുവിക്കര – പേപ്പാറ ഡാമുകളുടെ ഷട്ടറുകളും തുറന്നു. ജില്ലയിലെ 6 താലൂക്ക് കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു.

താമ്പാനൂർ നിന്നുള്ള റെയിൽ ഗതാഗതത്തെയും മ‍ഴ സാരമായി ബാധിച്ചു. ഏറെ നേരം തടസ്സപ്പെട്ട റെയിൽ ഗതാഗതം പിന്നീട് പുനസ്ഥാപിച്ചു.

എന്നാൽ ജില്ലാകളക്ടർ രാവിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത് വൈകിയായതിനാൽ കുട്ടികളെയും രക്ഷകർത്താക്കളേയും അത് സാരമായി ബാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here