കുഞ്ഞിക്കയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് മികച്ച പ്രതികരണം; ആദ്യ അഭിപ്രായങ്ങള്‍ ഇങ്ങനെ

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍ക്കെല്ലാം മലയാളത്തിലെന്ന പോലെ ഇതര ഭാഷകളിലും വലിയ സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്.

ഇപ്പോഴിതാ ബോളിവുഡിലും തന്റെ അരങ്ങേറ്റം കുറിച്ചിരിക്കയാണ് മലയാളികളുടെ കുഞ്ഞിക്ക.

ദുല്‍ഖര്‍ മുഖ്യ വേഷത്തിലഭിനയിച്ച കര്‍വാന്‍ ആഗസ്റ്റ് മൂന്നിനാണ് പ്രധാന തിയ്യേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് വര്‍ളി അട്രിയ മാളിലെ ഇനോക്‌സ് സിനിമാസില്‍ തുടക്കമായി.

കോമഡി ട്രാക്കില്‍ ആകര്‍ഷ് ഖുറാന അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ തുടങ്ങിയ താരങ്ങളും അണി നിരക്കുന്നു.

മുംബൈയില്‍ കര്‍വാന്റെ പ്രിവ്യൂ ഷോ കണ്ട പ്രമുഖര്‍ മികച്ച അഭിപ്രായങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെയാണ് പലരും ചിത്രത്തെ കുറിച്ചും കര്‍വാനിലെ ദുല്‍ഖറിന്റെ പ്രകടനത്തെ കുറിച്ചും മനസ്സ് തുറന്നിരിക്കുന്നത്. ദുല്‍ഖറിനെ വാനോളം പുകഴ്ത്തികൊണ്ടാണ് പലരും ട്വീറ്റ് ചെയ്തിരിക്കുന്നത്.

കര്‍വാനെക്കുറിച്ചുളള നിരൂപണങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മുംബൈയിലെ മലയാളികളും ചിത്രത്തെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സൗത്ത് ഇന്ത്യന്‍ നടിമാര്‍ ബോളിവുഡില്‍ അരങ്ങു വാണ ചരിത്രമുണ്ടെങ്കിലും നടന്മാര്‍ക്ക് അത്തരമൊരു അവസരം ലഭിച്ചിട്ടില്ലായെന്നു വേണം പറയാന്‍. ചിത്രത്തിന് ലഭിക്കുന്ന ആദ്യ പ്രതികരണങ്ങള്‍ മലയാളികള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു.

ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമെന്ന നിലയിലായിരുന്നു തുടക്കം മുതല്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നത്.

കര്‍വാന്റെ പോസ്റ്ററുകള്‍ക്കും ട്രെയിലറുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here