അടിതെറ്റി ഇന്ത്യ; ആശ്വാസമായി കോഹ്ലിയുടെ സെഞ്ച്വറി

അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇംഗ്ലീഷ് പേസര്‍മാര്‍ക്കുമുന്നില്‍ പേരുകെട്ട ഇന്ത്യന്‍ ബാറ്റിങ്‌നിരയ്ക്ക് അടിതെറ്റി. കൂടെയുള്ളവരെല്ലാം വേഗത്തില്‍ മടങ്ങിയപ്പോള്‍ ഒറ്റയ്ക്കു പൊരുതിയ നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറി (112*) ഇന്ത്യക്ക് ആശ്വാസമായി.

ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയിട്ടും അതു മുതലാക്കാന്‍ മറ്റുള്ളവര്‍ക്കു സാധിച്ചില്ല. മധ്യനിരയുടെ പരാജയം ഇന്ത്യയ്ക്ക് തിരിച്ചടിയായി.

നാലുവിക്കറ്റ് വീഴ്ത്തിയ യുവതാരം സാം കറനാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. രണ്ടുവിക്കറ്റ് വീതം നേടിയ ബെന്‍ സ്റ്റോക്‌സും ജെയിംസ് ആന്‍ഡേഴ്‌സണുംകൂടി ചേര്‍ന്നതോടെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്ങ്‌സ് ചെറിയ സ്‌കോറില്‍ ഒതുങ്ങി. ടീം സ്‌കോറിന്റെ പകുതിയും സ്വന്തംപേരില്‍ കുറിച്ച കോഹ്ലി 22ാം സെഞ്ച്വറിയും നേടി. അവസാന വിക്കറ്റില്‍ ഉമേഷ് യാദവിനെ ഒരറ്റത്ത് നിര്‍ത്തിയാണ് കോഹ്ലി സെഞ്ച്വറി തികച്ചത്. സ്റ്റോക്‌സിനെ ബൗണ്ടറി പായിച്ച് നേടിയ സെഞ്ച്വറി നായകന്റെ ആത്മവിശ്വാസത്തിനു തെളിവായി.

രണ്ടാംദിനം ഒമ്പതിന് 285 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് രണ്ട് റണ്‍ കൂട്ടിച്ചേര്‍ക്കാനേ സാധിച്ചുള്ളൂ. 24 റണ്ണുമായിനിന്ന കറനെ മുഹമ്മദ് ഷമി ദിനേശ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു. ജയിംസ് ആന്‍ഡേഴ്‌സണ്‍(2) പുറത്താകാതെ നിന്നു.

മറുപടിക്കെത്തിയ ഇന്ത്യയുടെ തുടക്കം മോശമല്ലായിരുന്നു. ഓപ്പണര്‍മാരായ മുരളി വിജയ്യും ശിഖര്‍ ധവാനും നന്നായി തുടങ്ങി. ക്ഷമയോടെ കളിച്ച ഇവരുടെ കൂട്ടുകെട്ട് അമ്പതു തികച്ചു. എന്നാല്‍, പിന്നീടുവന്ന ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും സാഹചര്യവുമായി ഇണങ്ങാനായില്ല. ഒന്നിന് 50 എന്ന നിലയില്‍നിന്ന് ഇന്ത്യ അഞ്ചിന് 100 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

കൗമാരതാരം കറന്‍ ആണ് മുന്‍നിരയെ തകര്‍ത്തത്. മുരളി വിജയ്യെ പുറത്താക്കി കറന്‍ വിക്കറ്റുവേട്ടയ്ക്ക് തുടക്കമിട്ടു. അതേ ഓവറിന്റെ അവസാനം മൂന്നാമനായിയെത്തിയ ലോകേഷ് രാഹുലിന്റെ വിക്കറ്റും കറാന്‍ തെറിപ്പിച്ചു. അടുത്ത ഓവറിന്റെ അവസാനപന്തില്‍ ധവാനെ സ്ലിപ്പില്‍നിന്നിരുന്ന ഡേവിഡ് മിലാന്റെ കൈകളിലെത്തിച്ചു ഈ ഇരുപതുകാരന്‍.

മധ്യനിരയില്‍ സ്റ്റോക്‌സ് അപകടം വിതച്ചു. കോഹ്ലിക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുമെന്ന് തോന്നിച്ച അജിന്‍ക്യ രഹാനെയെ സ്റ്റോക്‌സ് മടക്കി. കീറ്റണ്‍ ജെന്നിങ്‌സിന് ക്യാച്ച് നല്‍കിയായിരുന്നു രഹാനെയുടെ മടക്കം. പകരമെത്തിയ കാര്‍ത്തിക് റണ്ണൊന്നുമെടുക്കാതെ വിക്കറ്റ് നഷ്ടപ്പെടുത്തി.

കാര്‍ത്തിക്കിനെ പുറത്താക്കിയ സ്റ്റോക്‌സ് ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ചു. 2500 റണ്‍നേടുകയും 100 വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്ന അഞ്ചമാത്തെ ഇംഗ്ലീഷ് താരമായി സ്റ്റോക്‌സ്. വ്യക്തിഗത സ്‌കോര്‍ 21ല്‍ നില്‍ക്കുമ്പോള്‍ കോഹ്ലിയെ ഡേവിഡ് മിലാന്‍ വിട്ടുകളഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയ ഇന്ത്യന്‍ നായകന്‍ ആറാംവിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയുമായി ചേര്‍ന്ന് രക്ഷപ്രവര്‍ത്തനത്തിന് ശ്രമിച്ചു. ആറാംവിക്കറ്റില്‍ ഇരുവരും 48 റണ്‍ ചേര്‍ത്തു. എന്നാല്‍, വീണ്ടും കറന്‍ ഇന്ത്യയെ പ്രഹരിച്ചു.

പാണ്ഡ്യയെ വിക്കറ്റിനുമുമ്പില്‍ കുടുക്കി. അടുത്തത് ആന്‍ഡേഴ്‌സന്റെ ഊഴമായിരുന്നു. തുടരെ രണ്ടുപേരെ മടക്കി ഈ പരിചയസമ്പന്നന്‍ ഇംഗ്ലീഷ് ബൗളിങ്‌നിരയുടെ വീര്യം തെളിയിച്ചു. 10 റണ്ണുമായി നിന്ന ആര്‍ അശ്വിനെയാണ് ലോക ഒന്നാംനമ്പര്‍ ബൗളര്‍ ആദ്യം വീഴ്ത്തിയത്. പിന്നാലെയെത്തിയ മുഹമ്മദ് ഷമിയെയും(2) പെട്ടെന്നുതന്നെ കൂടാരം കയറ്റി. അഞ്ചു റണ്ണെടുത്ത ഇശാന്ത് ശര്‍മയുടെ വിക്കറ്റ് ആദില്‍ റഷീദ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News