നടിയെ ആക്രമിച്ച കേസില്‍ തന്ത്രപരമായ നീക്കവുമായി ‘അമ്മ’; വനിതാ അംഗങ്ങള്‍ കേസില്‍ കക്ഷി ചേരും; ഹര്‍ജി നല്‍കുന്നത് ഹണി റോസും രചന നാരായണൻകുട്ടിയും

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്ക് വനിതാ ജഡ്ജിയെ ആവശ്യപ്പെട്ടുള്ള നടിയുടെ ഹർജിയിൽ താരസംഘടനയായ എ എം എം എ യുടെ ഭാരവാഹികൾ കക്ഷി ചേരും .

നടിയുടെ ആവശ്യത്തെ പിന്തുണച്ചു കൊണ്ടാണ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസ്, രചന നാരായണൻകുട്ടി എന്നിവർ കക്ഷി ചേരുക. ഇരുവരുടെയും കക്ഷി ചേരൽ ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും .

വിചാരണക്ക് വനിതാ ജഡ്ജി വേണമെന്നുള്ള നടിയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ് . ഇതിനിടെയാണ് കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന ആവശ്യവുമായി അമ്മ ഭാരവാഹികൾ കോടതിയെ സമീപിക്കുന്നത് .

മൂന്ന് ആവശ്യങ്ങളാണ് കക്ഷിചേരൽ ഹർജിയിൽ അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹണിറോസ്, രചന നാരായണൻകുട്ടി എന്നിവർ മുന്നോട്ടുവയ്ക്കുന്നത്.

വിചാരണയ്ക്ക് വനിതാ ജഡ്ജിയെ വേണം , സ്പെഷ്യൽ പ്രോസിക്യൂട്ടറായി മുതിർന്ന അഭിഭാഷകനെ നിയോഗിക്കണം, വിചാരണ തൃശ്ശൂർ ജില്ലയിലെ ഏതെങ്കിലും കോടതിയിലേക്ക് മാറ്റണം, എന്നിവയാണ് ഹർജിയിലെ ആവശ്യങ്ങൾ.

അമ്മ സംഘടനയുടെ പേരിലല്ലാതെ വ്യക്തിപരമായാണ് ഇരുവരും കോടതിയെ സമീപിക്കുന്നത്. എന്നാൽ ഇരുവരുടെയും നടപടി അമ്മ നേതൃത്വത്തിന് നിർദ്ദേശപ്രകാരം ആണെന്നാണ് സൂചന.

ദിലീപ് വിഷയത്തിൽ വനിത കൂട്ടായ്മയായ ഡബ്ല്യു സി സി അമ്മ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണ് . ഇവരെ അനുനയിപ്പിക്കാൻ ഈമാസം ഏഴിന് കൊച്ചിയിൽ ചർച്ച നിശ്ചയിച്ചിട്ടുണ്ട്.

ചർച്ചക്ക് മുന്നോടിയായുള്ള തന്ത്രപരമായ നീക്കമായാണ് കക്ഷി ചേരൽ ഹർജിയെ സിനിമാലോകം നോക്കി കാണുന്നത് . ദിലീപ് വിഷയത്തിൽ പൊതുസമൂഹത്തിൽ നിന്നുള്ള വിമർശനത്തെ തണുപ്പിക്കുക എന്ന ലക്ഷ്യവും പുതിയ നീക്കത്തിന് പിന്നിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News