ദേശീയ പൗരത്വ പട്ടികയെന്നാൽ സംഘികൾ തയ്യാറാക്കുന്ന പട്ടികയെന്നാണോ?

പൗരത്വമെന്നത് ഇന്ത്യൻ ഭരണഘടന നൽകുന്നതാണ്. അല്ലാതെ സംഘപരിവാറിന്റെ വിചാരധാരയനുസരിച്ചല്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനകീയ പ്രശ്‌നങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ സംഘപരിവാർ കണ്ടെത്തിയ പുതിയൊരായുധമാണ് പൗരത്വപ്രശ്‌നം.

രാമക്ഷേത്രം, ഗോരക്ഷ, സദാചാര പോലീസിങ്ങ്, ലൗജിഹാദ് എന്നിങ്ങനെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള വിവിധ മാർഗങ്ങൾ ബിജെപി ഭരണത്തിൽ കയറിയതുമുതൽ സ്വീകരിച്ചുവരുന്നുണ്ട്. അതിനെതിരായി മതനിരപേക്ഷതയെ അടിസ്ഥാനമാക്കി ജനങ്ങളുടെ ഐക്യവും പ്രക്ഷോഭവും ശക്തിപ്പെടുകയാണ്. അത്തരമൊരു ഘട്ടത്തിലാണ് പൗരത്വപ്രശ്‌നം അന്യമതവിശ്വാസികളെ നാടുകടത്താനുള്ള ഉപാധിയാക്കി ബിജെപി രംഗത്തുവന്നത്.

സംഘികൾ മുന്നോട്ടുവെച്ച നിർദ്ദേശപ്രകാരം ദേശീയ പൗരത്വപട്ടികയിൽ നിന്ന് 40 ലക്ഷം ജനങ്ങൾ രാജ്യംവിടേണ്ടിവരും. ഈ കൂട്ടത്തിൽ 30 വർഷം രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാൻ സേവനമനുഷ്ഠിച്ച ധീരജവാൻ മുഹമ്മദ് അസ്മൽ ഹഖിന്റെ കുടുംബവുമുണ്ട്.

തന്റെ പിതാവ് 1966 മുതൽ തുടർച്ചയായി നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തിയ ഇന്ത്യൻ പൗരനാണെന്നും മാതാവാകട്ടെ, 51 മുതൽ പൗരത്വപട്ടികയിൽ പേരുണ്ടായിരുന്ന ആളുമാണെന്ന് അധികൃതരോട് പറഞ്ഞെങ്കിലും പുറത്തുപോകേണ്ട കുടുംബങ്ങളിലൊന്നായിട്ടാണ് ഇപ്പോൾ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. സൈനിക കുടുംബമായതിനാൽ കരസേനയുടെ ഈസ്‌റ്റേൺ കമാണ്ടന്റ് പറഞ്ഞെങ്കിലും ആരും ചെവി കൊടുത്തില്ല. ദേശസ്‌നേഹത്തെക്കുറിച്ച് നിരന്തരം വാചകമടിക്കുന്നവർ സൈനികർക്ക് കൊടുക്കുന്ന ‘പരിഗണന’യുടെ ഒരുദാഹരണമാണിത്.

സുപ്രീംകോടതി ഇടപെട്ടാണ് 1971 അടിസ്ഥാനമാക്കിക്കൊണ്ട് ദേശീയ പൗരത്വ പട്ടിക തയ്യാറാക്കിയത്. സ്ഥിരതാമസമാണെന്ന പഞ്ചായത്ത് സർട്ടിഫിക്കറ്റ് ആധികാരികരേഖയായി സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അത് പലയിടത്തും അവഗണിച്ചു. കൃത്യമായ പരിശോധനയില്ലാതെയാണ് പട്ടിക തയ്യാറാക്കിയത് എന്ന ആക്ഷേപം ഉണ്ടുതാനും.

റേഷൻ കാർഡും വോട്ടർപട്ടികയും ആധികാരികരേഖയായി പരിഗണിച്ചില്ല. പൗരത്വനിഷേധത്തിനിരയായതിൽ മുസ്ലീങ്ങളാണ് ഭൂരിപക്ഷമെങ്കിലും മറ്റുള്ളവരും കടന്നുകൂടിയിട്ടുണ്ട്. നാല്പതുലക്ഷം പേരെ വിദേശികളായി മുദ്രകുത്തി പുറത്താക്കുന്ന നടപടി മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമാണ്. അമിത്ഷാ സർക്കാർ നടപടിയെ സ്വാഗതം ചെയ്തു.

ബംഗ്ലാദേശിലെ നുഴഞ്ഞുകയറ്റക്കാരും അക്രമികളുമാണ് വർഷങ്ങളായി ഇന്ത്യയിൽ കഴിയുന്ന 40 ലക്ഷത്തോള് പേരെന്നാണ് അമിത്ഷാ പറയുന്നത്. ആൾക്കൂട്ടക്കൊല നടത്തുന്നവർ രാജ്യസ്‌നേഹികളും ഗോക്കളെ ഭക്ഷണമായി കരുതുന്നവർ രാജ്യദ്രോഹികളുമാണെന്ന് കേന്ദ്രമന്ത്രിമാർ പോലും പറയുന്നു. ഇത്തരം പ്രതികരണങ്ങൾ തള്ളിക്കളയാൻ പ്രധാനമന്ത്രിയൊട്ട് തയ്യാറാവുന്നുമില്ല.

ലോകസഭാ തെരഞ്ഞെടുപ്പാണ് ബിജെപിയുടെ ലക്ഷ്യം. ജനങ്ങളെ ഭിന്നിപ്പിക്കാൻ രാമക്ഷേത്രം ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങളോടൊപ്പം സംഘപരിവാറിന്റെ പുതിയ ‘തുറുപ്പുഗുലാ’നാണ് പൗരത്വപ്രശ്‌നം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News