ക‍ഴുത്തറുപ്പന്‍ സേവനം; മിനിമം ബാലന്‍സിന്‍റെ പേരില്‍ രാജ്യത്തെ ബാങ്കുകള്‍ നിക്ഷേപകരില്‍ നിന്നും പി‍ഴിഞ്ഞത് 5000 കോടിയിലേറെ

മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് പിഴയായി ബാങ്കുകള്‍ രാജ്യത്തെ നിക്ഷേപകരില്‍ നിന്ന് പിഴിഞ്ഞെടുത്തത് 5000 കോടിയോളം രൂപ.പിഴയില്‍ പകുതിയും ഈടാക്കിയത് എസ്ബിഐ.

2017- 18 സാമ്പത്തിക വര്‍ഷത്തില്‍ 5000കോടിയോളം രൂപയാണ് മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെന്ന ന്യായീകരണം പറഞ്ഞ് ബാങ്കുകള്‍ പിഴിഞ്ഞെടുത്തത്.

ഈ പിഴത്തുകയില്‍ പകുതിയിലേറെ ഈടാക്കിയത് പൊതുമേഖലാ ബാങ്കായ എസ്ബിഐയും . ഏതാണ്ട് 2433 കോടിരൂപയാണ് എസ്ബിഐ മാത്രം പിഴയായി പിഴിഞ്ഞെടുത്തത്.

ബാങ്കുകള്‍ ആകെ ഈടാക്കിയ പിഴത്തുകയുടെ പകുതിയോളം വരുമിത്. ആകെ പിഴത്തുകയുടെ 30ശതമാനം പിഴ ഈടാക്കിയത് സ്വകാര്യ ബാങ്കുകളായ ആക്‌സിസ് ബാങ്ക്,എച്ച് ഡിഎഫ്‌സി,ഐസിഐസിഐ ബാങ്ക് എന്നിവയാണ്.

കേന്ദ്രധന സഹമന്ത്രി എസ് പി ശുക്ലയാണ് ഇത് സംബന്ധിച്ച കണക്ക് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതലാണ് പിഴയീടാക്കാന്‍ എസ്ബിഐ വീണ്ടും തീരുമാനിച്ചത്.

വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പിഴത്തുകയില്‍ 75 ശതമാനത്തോളം കുറവ് എസ്ബിഐ വരുത്തിയിരുന്നു. കിട്ടാക്കടങ്ങളില്‍ നിന്നുണ്ടാകുന്ന നഷ്ടം നികത്താനായിരുന്നു പിഴയീടാക്കാനുള്ള ബാങ്കുകളുടെ തീരുമാനം.

ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട കണക്ക് അന്യായമായ ബാങ്ക് കൊള്ളയുടെ വ്യാപ്തി അടയാളപ്പെടുത്തുന്നതായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here