അബൂബക്കര്‍ സിദ്ദിഖ് കൊലപാതകം: ശക്തമായ പ്രതിഷേധം ഉയരണമെന്ന് കോടിയേരി

തിരുവനന്തപുരം: കാസര്‍കോഡ് ഉപ്പളയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിനെ ബി.ജെ.പി-ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന അബ്ദുള്‍ സിദ്ദിഖിനെ ബൈക്കിലെത്തിയ ബി.ജെ.പി ആര്‍.എസ്.എസ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബി.ജെ.പി ആര്‍.എസ്.എസ് കൊലപ്പെടുത്തുന്ന 17ാമത്തെ പ്രവര്‍ത്തകനാണ് അബ്ദുള്‍ സിദ്ദിഖ്.

ഒരു ഭാഗത്ത് എസ്.ഡി.പി.ഐ യും മറുഭാഗത്ത് ആര്‍.എസ്.എസ്സും കൊലപാതകങ്ങള്‍ നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനാണ് ശ്രമിയ്ക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ എസ്.ഡി.പി.ഐ അക്രമി സംഘം കുത്തികൊലപ്പെടുത്തിയതിന്റെ വേദന നാട് ഇപ്പോഴും മറന്നിട്ടില്ല.

ബി.ജെ.പിയും മാഫിയാ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഈ കൊലപാതകത്തിലൂടെ പുറത്തുവരുന്നത്. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ബി.ജെ.പി ജനശ്രദ്ധ തിരിച്ചു വിടാനാണ് സംസ്ഥാനത്താകെ അക്രമങ്ങള്‍ വ്യാപിപ്പിയ്ക്കുന്നത്.

നാട്ടില്‍ സമാധാനം ആഗ്രഹിയ്ക്കുന്ന മുഴുവന്‍ ആളുകളും ഈ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിയ്ക്കണമെന്നും, പ്രതികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here