മുനയന്‍കുന്ന് സമരസേനാനി ഇ വി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

മുനയന്‍കുന്ന് സമരസേനാനി ഇ വി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ (90) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. നാളെ രാവിലെ 9 മണി മുതല്‍ 10 മണി വരെ മാത്തില്‍ സി കെ സ്‌മാരക ഹാളില്‍ പൊതുദര്‍ശനം.തുടര്‍ന്ന് 10.30 ന് വീട്ടിലെത്തുക്കും. സംസ്‌കാരം 11 മണിക്ക്.

ചെറിയ പ്രായത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ഇ വി, ജന്മിത്വത്തിനും നാടുവാഴിത്തത്തിനും എതിരെ നാടെമ്പാടും ഉയര്‍ന്നു വന്ന ജനമുന്നേറ്റത്തില്‍ പങ്കാളിയായി. സ്റ്റുഡന്റ് ഫെഡറേഷന്റെ പയ്യന്നൂര്‍ ഫര്‍ക്കാ സെക്രട്ടറിയായിരുന്നു. അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവായും ദീര്‍ഘകാലം കര്‍ഷക സംഘത്തിന്റെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. 1946 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമാണ്.

എംഎസ്പിക്കാരുടെ വേട്ടയാടലുകള്‍ ശക്തമായപ്പോള്‍ ചെറുത്തുനില്‍പ്പിനുള്ള വഴികള്‍ തേടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഫര്‍ക്കാ സിക്രട്ടറി കെ സി കുഞ്ഞാപ്പു മാസ്റ്ററുടെ കൂടെച്ചേര്‍ന്നത്. 1948 മെയ്യ് ഒന്നിന് പുലര്‍ച്ചെ മുനയന്‍കുന്നിലെ ക്യാമ്പ് വളഞ്ഞ് എംഎസ്‌പി നടത്തിയ വെടിവെപ്പില്‍ അറ് പേര്‍ രക്തസാക്ഷികളായി.

മുനയന്‍കുന്നില്‍ വെച്ച് ശരീരമാസകലം വെടിയേറ്റ ഇ വിയേയും മൃതദേഹങ്ങള്‍ക്കൊപ്പം കൊണ്ടുവരികയായിരുന്നു. വെടിയേറ്റിട്ടും ശ്വാസം നിലച്ചിട്ടില്ല എന്ന് തിരിച്ചറിയപ്പെട്ടതിനാല്‍ കുഴിയിലിട്ട് മൂടാന്‍ വച്ചിരുന്ന ശവശരീരങ്ങള്‍ക്കിടയില്‍ നിന്നും ഇ വിയെ മാറ്റിക്കിടത്തുകയായിരുന്നു. അന്ന് അദ്ദേഹത്തിന് 19 വയസായിരുന്നു പ്രായം. വെടിയേറ്റ ശരീരവുമായാണ് അദ്ദേഹം ഇത്രയും കാലം ജീവിച്ചത്.

വിഷ്ണു ഭാരതീയനും കേരളീയനും എ കെ ജിയും ചന്ത്രോത്തും എവി കുഞ്ഞമ്പുവും തിരുമുമ്പും ഷേണായിയും ഉള്‍പ്പടെ ഉത്തര മലബാറിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളുകൂടിയാണ് ഇ വി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here