ക‍ഴുത്തറുക്കുന്ന കാവി രാഷ്ട്രീയം; കാസര്‍ഗോഡിന് നഷ്ടമായത് 15 സഖാക്കളെ; തുളുനാട്ടില്‍ പ്രായഭേദമന്യേ ആര്‍എസ്എസിന്‍റെ ചോരക്കൊതി

സാധാരണക്കാരന്‍റെ ചോര കുടിച്ച് തന്നെയാണ് ആര്‍എസ്എസ്സ് എല്ലാ കാലത്തും എല്ലായിടത്തും വളര്‍ന്നുവന്നിട്ടുള്ളത്. ആശയങ്ങളല്ല ആയുധങ്ങളാണവര്‍ വളര്‍ച്ചയ്ക്ക് അടിസ്ഥാനമായി കണ്ടതും പ്രചരിപ്പിച്ചതും.

വിദ്വേഷത്തിന്‍റെ രാഷ്ട്രീയ വിത്ത് അ്സയങ്ങള്‍ കൊണ്ട് മു‍‍‍ളപൊട്ടുക സാധ്യമല്ലല്ലോ. കമ്മ്യുണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ചവരൊന്നടങ്കം ഇടതുപക്ഷത്തെയും സിപിഎെഎമ്മിനെയും അക്രമകാരികളെന്നുവിളിച്ചപ്പോള്‍ അവര്‍ സൗകര്യ പൂര്‍വ്വം മറന്നുപോയ ഒരു യാഥാര്‍ഥ്യമുണ്ട്.

മനുഷ്യ സ്നേഹത്തിന്‍റെയും നേരിന്‍റെയും രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചതിന്‍റെ പേരില്‍ വിദേശീയാധിപത്യത്തെ ഒത്തുതീര്‍പ്പുകളില്ലാതെ എതിര്‍ത്തതിന്‍റെ പേരില്‍ കേരളത്തില്‍ മാത്രം സിപിഎെഎമ്മിന് നഷ്ടമായത് അബുവും ചാത്തുക്കുട്ടിയും മുതല്‍ അവസാനം അബൂബക്കര്‍ സിദ്ദിഖ് വരെ 579 സഖാക്കളെയാണ്.

രാഷ്ട്രീയ വിരോധം കൊണ്ട് കാസര്‍ഗോഡ് മാത്രം സിപിഎെഎമ്മിന് നഷ്ടമായത് 15 സഖാക്കളെ സഹയാത്രികരെ. കണക്കുകളും യാഥാര്‍ഥ്യങ്ങളും ഇങ്ങനെയൊക്കെയാകുമ്പോ‍ഴും പല്ലവി പ‍ഴയത് തന്നെയാവും കാരണം സമൂഹത്തിലൊരു വിഭാഗത്തിന് ബാധിച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധ തിമിരവും ഈ കമ്മ്യുണിസ്റ്റു വിരുദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ശത്രുക്കളിലുള്ള എെക്യവും തന്നെയാണ്.

അക്രമങ്ങളില്‍ മിക്കതും ഏകപക്ഷീയമായിരുന്നപ്പോ‍ഴും വാര്‍ത്തകളിലവയെല്ലാം പരസ്പര സംഘട്ടനങ്ങളായതും ഇതുകൊണ്ട് തന്നെ.
1978 മാര്‍ച്ച് 27 ന് പ്രഭാകരന്‍ മാവുങ്കലിനെ കൊലപ്പെടുത്തിയാണ് ആര്‍എസ്എസ് ജില്ലയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ ഞങ്ങളുടെ മറുപടി ആയുധമാണെന്ന് പ്രഖ്യാപിച്ചത്.

പത്തൊമ്പത് മാസങ്ങള്‍ക്ക് ശേഷം 1979 ഒക്ടോബര്‍ 30 കോടോത്തെ ടി അപ്പ എന്ന സഖാവിന്റെ ജീവന്‍ കവര്‍ന്നതും ആര്‍എസ്എസിന്റെ വര്‍ഗീയ രാഷ്ട്രീയം തന്നെയായിരുന്നു.

1982 ഫെബ്രുവരി 10ാം തിയ്യതി ഇന്നോര്‍ക്കുമ്പോഴും ആ ദിനത്തിന്റെ നടുക്കം അങ്ങനെ തന്നെയുണ്ടാവും പഴയ സഖാക്കളുടെ മനസ്സില്‍. നാടിന്റെ മനസ്സറിഞ്ഞ സഖാക്കള്‍ തങ്കച്ചന്‍ ഗോവിന്ദന്‍ ആനക്കല്ല് എന്നിവരുടെ പച്ച ജീവനിലേക്ക് ആര്‍എസ്എസിന്റെ കഠാര ആഴ്ന്നിറങ്ങിയത് 36 വര്‍ഷങ്ങള്‍ക്ക് മുമ്പൊരു ഫെബ്രുവരി 10നാണ്.

1997 ഏപ്രില്‍ 22ന് ചുറുചുറുക്കും നേരും കൈമുതലാക്കിയ ചെറുപ്പക്കാരന്‍ ബാസ്‌ക്കര കുമ്പളയെ കൊലപ്പെടുത്തുമ്പോള്‍ രാഷ്ട്രീയ വിദ്വേഷമല്ലാതെ മറ്റൊന്നും ആ കൊലപാതകത്തിന്റെ കാരണമായവര്‍ക്ക് പറയാന്‍ കഴിയുമായിരുന്നില്ല നാടിനും നാട്ടുകാര്‍ക്കും അത്രയ്ക്ക് പ്രിയപ്പെട്ടവനായിരുന്നു ആ ചെറുപ്പക്കാരന്‍.

ആയുധം കാട്ടി ഭയപ്പെടുത്തുക എന്ന കൃത്യമായ കണക്കുകൂട്ടലോടെ തന്നെയാണ് ബസ്സിനകത്തിട്ട് ആ ചെറുപ്പക്കരനെ വെട്ടിക്കൊന്നത്. അവിടെയും അവസാനിച്ചില്ല.

1998 നവംബര്‍ 28 ന് കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ ചുമട്ടുതൊഴിലാളി പ്രകടനത്തെ ആക്രമിച്ച് സുരേന്ദ്രനെ വധിച്ചു. 2000 ഏപ്രില്‍ ഒന്നിന് ഗുരുപുരത്തെ കുഞ്ഞികൃഷ്ണനെയും ഇതേവര്‍ഷം ഏപ്രില്‍ എട്ടിന് വിജയന്‍ മാനടുക്കത്തെയും കൊലപ്പെടുത്തി.

2008 ഒക്ടോബര്‍ 14 ന് മുഹമ്മദ് റഫീഖും 2014 ജൂലൈ 29 ന് അബ്ദുള്‍ ഷെരീഫും ആര്‍എസ്എസിന്റെ കൊലക്കത്തിക്കുമുന്നില്‍ പിടഞ്ഞുവീണു.

2014 ഒക്ടോബര്‍ 27ന് കുമ്പളയിലെ സി പി മുരളിയെയും 2015 ഓഗസ്റ്റ് 28ന് തിരുവോണ നാളില്‍ കാലിച്ചാനടുക്കം കായക്കുന്നില്‍ സി നാരായണനെയും കൊലപ്പെടുത്തി.

രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള കൊലപാതകങ്ങളില്‍ കേരളത്തിന്റെ മനസ്സാക്ഷിയെ മരവിപ്പിച്ചുകൊണ്ട് സഹപാഠികള്‍ക്കും സഹോദരങ്ങള്‍ക്കും മുന്നില്‍ വച്ച് 8 വയസ് മാത്രം പ്രായമുള്ള ഫഹദിനെ കൊലപ്പെടുത്തുമ്പോള്‍ ആര്‍എസ്എസിന്റെ കൊലക്കത്തിയേന്തിയവര്‍ക്ക് അറപ്പുണ്ടായില്ലെന്നത് അവരുയര്‍ത്തിവിടുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ നേരടയാളമാണ്.

കൊലയാളിയെ മനോരാഗിയാക്കാന്‍ സംഘപരിവാരത്തിനൊപ്പം പൊതുസമൂഹത്തിന്റെ ചെറിയൊരു വിഭാഗവും ഉണ്ടായെന്നതാണ് ഏറെ ഞെട്ടിക്കുന്ന കാര്യം.

2008 സെപ്റ്റംബര്‍ 27ന് അബ്ദുള്‍ സത്താറിനെ കൊലപ്പെടുത്തിയതും ആര്‍എസ്എസ് ഉള്‍പ്പെടുന്ന ക്രിമിനല്‍ സംഘമാണ്.

കാസര്‍ഗോഡ് പഴയ ചൂരിയില്‍ റിയാസ് മൗലവിയെ പള്ളിയില്‍ കയറി കൊലപ്പെടുത്തുമ്പോള്‍ ആര്‍എസ്എസ് എന്ന വിധ്വംസക ശക്തികള്‍ കേരളീയ യുവത്വത്തിന്റെ മനസ്സിലേക്ക് കടത്തിവിടുന്ന അന്യമത വിദ്വേഷം എത്രയെന്ന് നമ്മള്‍ കണ്ടറിഞ്ഞതുമാണ്.

ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തെ കൊലപാതകമാണ് അബൂബക്കര്‍ സിദ്ദിഖിന്റേത്. മദ്യക്കടത്തുകാരായ ആര്‍എസ്എസുകാരെ എതിര്‍ത്തതോടെയാണ് അബൂബക്കര്‍ സിദ്ദിഖ് കൊല്ലപ്പെട്ടത്.

കഠാരകള്‍കൊണ്ടും കൊലപാതകങ്ങള്‍കൊണ്ടും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ കുഞ്ഞപ്പ പട്ടാന്നൂര്‍ കുറിച്ചിട്ട വരികളുണ്ട്

‘ഉയരുന്നൊരാക്കൈ അറുത്തെടുത്തതുനിങ്ങള്‍
കൊടിമരത്തില്‍ കൊണ്ട് കെട്ടി
അതുതന്നെ ഇനിമുതല്‍ ഞങ്ങള്‍ക്ക് കൊടിയെന്ന്
കരുതുന്നു ഞങ്ങള്‍ സഖാവെ’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here