കാലവര്‍ഷക്കെടുതി; കുട്ടനാട് മേഖലയിലെ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ

കുട്ടനാട് മേഖലയിലെ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തുന്നതിന് നടപടികളുമായി സംസ്ഥാന സർക്കാർ. കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന് കേന്ദ്രത്തോട് ശുപാർശ ചെയ്യും. ഇതിന്‍റെ കരട് തയ്യാറാക്കാൻ മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

വെള്ളപ്പൊക്ക സാധ്യതയറിയാൻ ‘സമഗ്ര ഫ്ളഡ് ഫോര്‍കാസ്റ്റിംഗ് സിസ്റ്റം’ രൂപകല്‍പ്പന ചെയ്യും. പ്രളയബാധിത പ്രദേശങ്ങളിലെ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷം വരെ മോറട്ടോറിയം പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ആലപ്പുഴയില്‍ ചേര്‍ന്ന മ‍ഴക്കെടുതി ഉന്നതതല യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് മന്ത്രിസഭായോഗം അടിയന്തര നടപടികൾ കൈകൊണ്ടത്. മടവീ‍ഴ്ചയുണ്ടായിടത്ത് മട പുന:സ്ഥാപിക്കുന്നതിനുള്ള എല്ലാ ചെലവും സർക്കാർ വഹിക്കും.

20 ശതമാനം തുക ആദ്യഘട്ടത്തിൽ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട് മേഖലയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിവരണാതീതമാണ്. ഇൗ സാഹചര്യത്തിൽ സമഗ്രമായ കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടം നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്താകെ 198 വില്ലേജുകളെയാണ് പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. ആലപ്പു‍ഴ, കൊട്ടയം ജില്ലകൾ പൂർണമായും പത്തനംത്തിട്ടയിലെ 5 വില്ലേജുകളും ഇതിൽപ്പെടും.വെള്ളപ്പൊക്ക സാധ്യത മുന്‍കൂട്ടി പ്രവചിക്കാനും കാഠിന്യം വിലയിരുത്തുന്നതിനും ‘സമഗ്ര ഫ്ളഡ് ഫോര്‍കാസ്റ്റിംഗ് സിസ്റ്റം’ രൂപകല്‍പ്പന ചെയ്യാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.

വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിൽ വെള്ളം കേറാത്ത വിവിധ ഉദ്ദേശ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. ഇവ ദുരിതാശ്വാസ ക്യാമ്പുകളായും സാമൂഹ്യ അടുക്കളയായും ഉപയോഗിക്കും. കുടിവെള്ള ലഭ്യത ഉറപ്പാക്കാനായി സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കാനും സർക്കാർ തീരുമാനിച്ചു.

പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷം വരെ മോറട്ടോറിയം പ്രഖ്യാപിച്ചു. മ‍ഴ മൂലം നഷ്ടപ്പെട്ട അധ്യയന ദിനങ്ങള്‍ക്കുപകരം കൂടുതല്‍ പ്രവൃത്തിദിവസങ്ങള്‍ നല്‍കി കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുവാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തും.

തകർന്ന റോഡും പാലങ്ങളും വേഗത്തിൽ പുനർനിർമ്മിക്കും. ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം മുൻ കാലങ്ങളിലെത് പോലെ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് എല്ലാ മുന്‍കരുതൽ നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News