വേര്‍പാടിന്റെ വേദനയില്‍ മനസുലഞ്ഞപ്പോഴും സമാധാനം കൈവിടാതെ തമിഴ്ജനത

പാലക്കാട്: തലൈവരുടെ മരണം പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി ആത്മസംയമനത്തോടെയാണ് തമിഴ്ജനത ഉള്‍ക്കൊണ്ടത്.

പ്രിയ നേതാവ് വിടവാങ്ങിയപ്പോള്‍ ജനങ്ങള്‍ തെരുവിലിറങ്ങിയെങ്കിലും സംഘര്‍ഷങ്ങളോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായില്ല. തമിഴ്‌നാടിന്റെ വിവിധ മേഖലകളില്‍ വലിയ സുരക്ഷാ സന്നാഹമൊരുക്കിയിരുന്നു.

എംജിആര്‍ മുതല്‍ ജയലളിത വരെ രാഷ്ട്രീയസിനിമാ രംഗത്തെ മരണങ്ങള്‍ തമിഴ്‌നാടിനെ ഒന്നടങ്കം പിടിച്ചുലച്ചിരുന്നു. പ്രിയപ്പെട്ടവരുടെ വേര്‍പാടിനോടൊപ്പം സംഘര്‍ഷങ്ങളും ജീവത്യാഗവും തമിഴ്‌നാട്ടില്‍ പതിവ് കാഴ്ചയായിരുന്നു. എന്നാല്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ തീരുമാനിച്ച രാഷ്ട്രീയ അമരക്കാരന്റെ വേര്‍പാട് പതിവുകള്‍ തെറ്റിച്ചു.

ആശുപത്രിക്ക് മുന്നില്‍ രാത്രിയിലടക്കം കാത്തിരുന്നവര്‍ വേര്‍പാടിന്റെ വേദനയില്‍ മനസുലഞ്ഞപ്പോഴും സമാധാനം കൈവിട്ടില്ല. സംസ്‌ക്കാര സ്ഥലവുമായി ബന്ധപ്പട്ട പ്രശ്‌നങ്ങള്‍ കോടതി പരിഗണിക്കുന്‌പോള്‍ അനുയായികള്‍ തെരുവിലിറങ്ങി.

എന്നാല്‍ അനുകൂല നിലപാട് ഉണ്ടായതോടെ ആശങ്ക വഴിമാറി. തെരുവിലങ്ങോളമിങ്ങോളം കരുണാനിധിയുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥനയോടെ അവര്‍ കൂട്ടമായെത്തി. അന്ത്യാഞ്ജലി അര്‍പ്പിച്ചു. വിങ്ങുന്ന മനസ്സോടെ സ്ത്രീകള്‍ കലൈഞ്ജറുടെ ഓര്‍മകളില്‍ തമിഴ്‌സംസ്‌ക്കാരത്തിനനുസരിച്ച് ഒപ്പാരിയര്‍പ്പിച്ചു.

ജയലളിതയുടെ മരണത്തില്‍ ജീവത്യാഗങ്ങളുണ്ടായപ്പോഴും സംഘര്‍ഷങ്ങള്‍ പൊതുവെ കുറവായിരുന്നു. കരുണാനിധിയുടെ വേര്‍പാടിലേക്കെത്തുമ്പോള്‍ തമിഴ്‌നജനത കൂടുതല്‍ സംയമനം കാത്തുസൂക്ഷിച്ചു. സര്‍ക്കാര്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി വെച്ചപ്പോള്‍ ബസ് സ്റ്റാന്റുകള്‍ വിജനമായിരുന്നു.

ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കടകമ്പോളങ്ങളെല്ലാം എങ്ങും അടഞ്ഞു കിടന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിവിധ മേഖലകളില്‍ വിന്യസിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News