ഇടുക്കി ഡാമിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു; ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്താന്‍ രണ്ട് അടി മാത്രം; സെക്കന്റില്‍ പുറത്തുവരുന്നത് ഏഴു ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം; കനത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അഞ്ചാമത്തെ  ഷട്ടറും തുറന്നു. നാലു ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പു കുറയാത്തതിനെത്തുടര്‍ന്നാണ് 5 മത്തെ ഷട്ടറും തുറന്നത്.

രാവിലെ ഏഴിന് രണ്ടും നാലും ഷട്ടറുകളാണ് തുറന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് തുറന്ന മൂന്നാമത്തെ ഷട്ടര്‍ അടച്ചിരുന്നില്ല. ഷട്ടര്‍ തുറന്നിട്ടും ഡാമിലേക്കുള്ള ജലനിരപ്പ് ഉയരുകയാണ്. ഇന്ന് ഉച്ച 12 മണി വരെ ജലനിരപ്പ് 2401.46 അടിയായി.

ഇതിനിടെ മൂന്നു ഷട്ടറുകളും ഒരു മീറ്റര്‍ ഉയര്‍ത്തി. സെക്കന്റില്‍ ഏഴു ലക്ഷത്തിലധികം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തുപോകുന്നത്. ഉച്ചയ്ക്ക് ശേഷം ആറു ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കി വിടാനും സാധ്യതയുണ്ട്.

ചെറുതോണി ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലുള്ളവരും ചെറുതോണി, പെരിയാര്‍ നദിയുടെ കരകളിലുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡാമിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്. പ്രദേശത്ത് ഇപ്പോഴും കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുകയാണ്.

വെള്ളം ഒഴുകിയെത്തുന്നതോടെ ആലുവയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളമുയരും. കൂടുതല്‍ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും.

ഇന്നലെ ഇടമലയാര്‍ ഡാം തുറന്നപ്പോള്‍ തന്നെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം രണ്ടുമണിക്കുര്‍ അടച്ചിടേണ്ടിവന്നു. പെരുമ്പാവൂര്‍, ഏലൂര്‍, ആലുവ, കാഞ്ഞൂര്‍, നെടുമ്പാശ്ശേരി, പരവൂര്‍, വരാപ്പുഴ, തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്.

26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here