വര്‍ഗ്ഗീയ ഭീകരതയ്ക്കിരയായ കെസി ഫ്രാന്‍സിസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കവി പി രാമന്‍ ചോദിക്കുന്നു – Kairalinewsonline.com
Featured

വര്‍ഗ്ഗീയ ഭീകരതയ്ക്കിരയായ കെസി ഫ്രാന്‍സിസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കവി പി രാമന്‍ ചോദിക്കുന്നു

മറ്റൊരു എ‍ഴുത്തുകാരന്‍റെ ജീവിതം ഓര്‍മ്മപ്പെടുത്തുകയാണ് കവി പി രാമന്‍

വര്‍ഗ്ഗീയവാദികളുടെ ഭീഷണിക്കിരയായി എസ് ഹരീഷിന്‍റെ `മീശ’ നോവല്‍ ആ‍ഴ്ച്ചപ്പതിപ്പില്‍ നിന്ന് പിന്‍വലിക്കപ്പെട്ട സാഹചര്യത്തില്‍ അതിനേക്കാള്‍ ഭീകരമായ അനുഭവങ്ങള്‍ നേരിട്ട മറ്റൊരു എ‍ഴുത്തുകാരന്‍റെ ജീവിതം ഓര്‍മ്മപ്പെടുത്തുകയാണ് കവി പി രാമന്‍.

അറുപതുകളുടെ തുടക്കത്തില്‍ എ‍ഴുതി പേരെടുത്തിരുന്ന കെസി ഫ്രാന്‍സിസിനെക്കുറിച്ചാണ് രാമന്‍ എ‍ഴുതുന്നത്. അക്കാലത്ത് തൃശൂരുള്ള ഒരു ആള്‍ദൈവ്വത്തിന്‍റെ നേതൃത്വത്തിലാണ് ആള്‍ക്കൂട്ട ഭീകരത ഫ്രാന്‍സിസിന്‍റെ സാഹിത്യ ജീവിതം ഇല്ലാതാക്കിയതെന്ന് രാമന്‍ എ‍ഴുതുന്നു.

പി രാമന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം താ‍ഴെ വായിക്കും

കവിതയെഴുതിയതിന്റെ പേരിൽ ആൾക്കൂട്ടത്തിന്റെ വിചാരണക്കും മാധ്യമങ്ങളുടെ തമസ്കരണത്തിനും ഇരയായ പഴയൊരു എഴുത്തുകാരനെക്കുറിച്ചാണ് ഈ കുറിപ്പ്.അദ്ദേഹത്തിന്റെ പേര് കെ.സി.ഫ്രാൻസിസ് എന്നാണ്. തൃശൂരുകാരൻ. 1933ൽ ജനിച്ചു. അധ്യാപകനായിരുന്നു.2014-ൽ അന്തരിച്ചു.

ഒരു കാലത്ത്, അതായത് 1950 കളിൽ മലയാള കവിതയിൽ നിറഞ്ഞു നിന്ന ഈ കവി മരിക്കുമ്പോൾ തീരേ അപ്രശസ്തനായിരുന്നു.എന്താണ് പിൽക്കാലത്ത് അദ്ദേഹത്തിനു സംഭവിച്ചത് എന്നന്വേഷിച്ചപ്പോഴാണ് കുടുംബാംഗങ്ങളിൽ നിന്നും പഴയ സുഹൃത്തുക്കളിൽ നിന്നുമൊക്കെയായി ആ തമസ്കരണ കഥ കേട്ടത്.

മാതൃഭൂമി ആഴ്ചപ്പതിപ്പുൾപ്പെടെ ആനുകാലികങ്ങളിൽ ധാരാളം കവിതകൾ വരികയും ന്യൂസ് പേപ്പർ ബോയ് എന്ന സിനിമക്ക് പാട്ടെഴുതുകയും ചെയ്ത് പ്രശസ്തനായിത്തീർന്ന കാലത്താണ്, 1960 കളുടെ തുടക്കത്തിൽ, അദ്ദേഹത്തിന്റെ ‘ഉച്ചഭാഷിണിയുടെ ഉത്തരം ‘ എന്ന കവിത ആൾക്കൂട്ടത്തിന്റെ അക്രമത്തിന് ഇരയായത്.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്ന ആ കവിത അക്കാലത്തെ ഹിന്ദു വർഗ്ഗീയ വാദികളെ പ്രകോപിപ്പിച്ചു. ഒരാൾദൈവത്തിന്റെ സങ്കേതത്തിൽ (ഉമാദേവീ മന്ദിരം )സ്വാമിനി പ്രസംഗിച്ചുകൊണ്ടു നിൽക്കുമ്പോൾ സാസ്കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചുമുള്ള വിടുവായത്തം സഹിക്കവയ്യാതെ മൈക്ക് സ്വയം പൊട്ടിത്തെറിച്ച് നിശ്ശബ്ദമാകുന്നതിനെപ്പറ്റിയായിരുന്നു ആ കവിത.

തൃശൂർ നഗരത്തിലെ ഒരു ആൾദൈവത്തിന് എതിരായാണ് ആ കവിത എന്നു പ്രചരിപ്പിക്കപ്പെട്ടു. വിശ്വാസികൾ കവിക്കെതിരെ ഇളകിപ്പുറപ്പെട്ടു. പല തരം ഭീഷണികൾ. അതോടെ മാതൃഭൂമി ആഴ്ചപ്പതിപ്പുൾപ്പെടെയുള്ള മാധ്യമങ്ങളിലൊന്നും കെ.സി.ഫ്രാൻസിസിന്റെ കവിതകൾ വരാതായി.പിന്നീടദ്ദേഹത്തിന് സ്വന്തം പേരു മറച്ചുവെച്ച് അജിതൻ എന്ന തൂലികാനാമത്തിൽ ചെറുകിട പ്രസിദ്ധീകരണങ്ങളിൽ എഴുതേണ്ടി വന്നു.

ഈ സംഭവം കവിയുടെ സാഹിത്യ ജീവിതത്തെ അപ്പാടെ തകർത്തു. സർഗ്ഗാത്മക ജീവിതത്തെച്ചൊല്ലി തീർത്തും നിരാശനായിരുന്നു അദ്ദേഹം അവസാനകാലത്ത്. വർഗ്ഗീയ വിഷത്തിന് ഇരയായി കാവ്യജീവിതം ഏതാണ്ടവസാനിപ്പിക്കേണ്ടി വന്ന, സ്വാതന്ത്ര്യാനന്തര കേരളത്തിലെ ആദ്യ എഴുത്തുകാരൻ ഒരു പക്ഷേ ഇദ്ദേഹമാവാം.

കെ.സി.ഫ്രാൻസിസിന്റെ ഏറ്റവും മികച്ച കവിതകളടങ്ങുന്ന തെരഞ്ഞെടുത്ത രചനകളുടെ സമാഹാരം (പുതിയ മനുഷ്യൻ – തെരഞ്ഞെടുത്ത കവിതകൾ) കേരള സാഹിത്യ അക്കാദമി ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നു.

പള്ളിക്കാരേയും അമ്പലക്കാരേയുമൊക്കെ ഇപ്പോഴും പ്രകോപിപ്പിക്കാൻ ശേഷിയുള്ള ഗംഭീര കവിതകൾ അതിലുണ്ട്.കേരള സംസ്ഥാനം പിറവി കൊണ്ട കാലത്തെ സാമൂഹ്യമായ ഉൽക്കണ്ഠകളുടെ ആവിഷ്കാരങ്ങളാണ് ഇതിലെ മിക്ക കവിതകളും. ഒരു കവിത താഴെ ചേർക്കുന്നു

നിയമ ലംഘനം

വാളു കിട്ടിയാൽ തുള്ളു –
മത്രമേൽ കോപാന്ധയായ്
മാലതിട്ടീച്ചർ മൂസ –
ക്കുട്ടിയെപ്പുറത്താക്കി.

കുളിച്ചിട്ടില്ലാ പോലു-
മന്നു ,മക്കിടാവിന്റെ
കുസൃതിത്തരം കുറെ –
യേറിപ്പോവുകയല്ലേ?

തന്റെയസ്സിരകളിൽ
വട്ടമിട്ടോടും വേലു –
ത്തമ്പിതൻ രക്തം പെട്ടെ-
ന്നിങ്ങനെ തിളയ്ക്കയാൽ,

അരുണാഭമായ് തീർന്നി-
തമ്മുഖത്തിനോടൊന്നി-
ച്ചിരുകൺകളും, വിറ
കൊണ്ടിതാ സ്വരം പോലും.

ഭുജശാഖകൾ, തളിർ –
ച്ചുണ്ടുകൾ, ഫലങ്ങളാം
കുചകുംഭങ്ങൾ കോപ –
ക്കാറ്റുകൊണ്ടുലയുമ്പോൾ,

അമ്മുറിക്കുള്ളിൽ പെണ്ണി-
ന്നാടയും ചുറ്റിക്കൊണ്ടൊ –
രമ്മച്ചിപ്ലാവങ്ങനെ
വന്നു നിൽപ്പതായ് തോന്നി.

( വീറൊടീ പ്ലാവിൽ ചാടി –
ക്കേറിയിട്ടല്ലോ പണ്ടു
വീരമാർത്താണ്ഡൻ സ്വന്തം
ജീവനെസ്സംരക്ഷിച്ചു!)

മാലതിട്ടീച്ചർ വീര-
പുളകം കൊണ്ടിക്കഥ-
യാലപിച്ചിടാറുള്ള –
തോർമ്മയിലുദിക്കവേ,

ചിരിക്കാതിരിക്കുവാ-
നായില്ല മൂസക്കുട്ടി –
ക്കൊരു പമ്പരവിഡ്ഢി –
യാണവൻ പണ്ടേതന്നെ!

വേലിയേറ്റവും കഴി-
ഞ്ഞിറങ്ങിപ്പോകും തിര –
മാല പോൽ ടീച്ചർ പിന്നെ –
ശ്ശാന്തയായ് ചമഞ്ഞപ്പോൾ,

പരമാനന്ദം കുഴ-
ച്ചേകിടും പഞ്ചാമൃത-
ച്ചിരിയപ്പവിത്രമാം
ചുണ്ടിലും പകർന്നപ്പോൾ,

ഊർന്നുവീണൊരു കൈത –
പ്പൂവിതൾ വീണ്ടും തന്റെ
വാർമുടിക്കെട്ടിൽ താഴ്ത്തി –
വെച്ചുകൊണ്ടവരോതി:

” കുളിച്ചിട്ടില്ലാ പോലു-
മിന്നു, മിക്കിടാവിന്റെ
കുസൃതിത്തരം കുറെ –
യേറിപ്പോവുകയല്ലേ?

ഞാനനുവദിക്കുകി –
ല്ലേതു ജാതിയും നിത്യ-
സ്നാനമാം മലനാട്ടിൻ
നിയമം ലംഘിക്കുവാൻ

കേവല വൈദേശിക
വേഴ്ചയിൽ നിന്നും നമ്മെ
കേരളീയരാക്കുന്ന –
തീയൊറ്റപ്പതിവത്രെ ”

മുറിയുമഭിമാന –
ത്തിന്നുമേൽ കൂട്ടാളിക-
ളെറിയും നോട്ടക്കുപ്പി –
ച്ചില്ലുകൾ തറയ്ക്കയാൽ

കയ്യിലച്ചൂരൽപ്പാടും
കണ്ണിലശ്രുവും ചുണ്ടിൽ
കണ്ടൊരത്ഭുത മന്ദ-
ഹാസ ലാസവുമേന്തി,

വിറയ്ക്കും കയ്യാൽ കുറേ
പുസ്തകങ്ങളും വാരി –
പ്പെറുക്കിക്കൊണ്ടച്ചെക്കൻ
തന്റെ വീട്ടിലേക്കോടി.

തോക്കു കാണവേ പരി-
ഭ്രാന്തനായ് കൂട്ടം തെറ്റി –
ത്തോന്നിയ വഴിക്കോടും
മാൻകിടാവിനെപ്പോലെ

പാഞ്ഞു പോകുമപ്പോക്കി –
ലറിയാതവൻ ചെന്നാ-
പ്പാതവക്കത്തെച്ചെളി –
ക്കാനയിൽ പതിച്ചത്രെ.

ഉലകിൻ പിതാവാദം
നിന്നപോൽ സർവാംഗവും
ചെളിയിൽ പുതഞ്ഞുംകൊ-
ണ്ടവനന്നെഴുന്നേൽക്കെ,

നാണവുമതിലേറെ
ദു:ഖവും വെറുപ്പുമാ
പ്രാണനെത്തീക്കുണ്ഡമായ്
തീർക്കുവാനണഞ്ഞെത്തി.

ഒളികണ്ണിനാൽ കണ്ടി-
ല്ലാരുമെന്നുറപ്പിക്കു-
മൊരു നോട്ടവും നോക്കി,
പുല്ലിലാക്കയ്യും തട്ടി,

ചിതറിക്കിടക്കും തൻ
പുസ്തകങ്ങളും വാരി –
പ്പതറിപ്പതറിയ –
ച്ചെക്കനന്നടുത്തപ്പോൾ,

വടക്കേച്ചിറയുടെ
വൻമതിൽക്കെട്ടിൽ തൂങ്ങി –
ക്കിടപ്പുണ്ടൊരുജ്വല –
ധീരമാം വിജ്ഞാപനം

പഴകിപ്പൊളിഞ്ഞൊര –
പ്പാവന നിയമം തൻ
മിഴിയാലൊരാവൃത്തി
മൗനമായ് വായിച്ചപ്പോൾ

ചിരിക്കാതിരിക്കുവാ-
നായില്ല മൂസക്കുട്ടി –
ക്കൊരു പമ്പരവിഡ്ഢി –
യാണവൻ പണ്ടേ തന്നെ :

” കുളിക്കാനവകാശ –
മില്ലിതിൽ പശുക്കൾക്കും
പകർച്ചവ്യാധിക്കാർക്കും
ഹിന്ദുക്കളല്ലാത്തോർക്കും.”
– 1957 (മാതൃഭൂമി ആഴ്ചപ്പതിപ്പ്)

To Top