പ്രളയദുരിതം: കേരളത്തിന് കേന്ദ്രത്തിന്‍റെ പിന്തുണ; സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി  പിണറായി 

കൊച്ചി: പ്രളയദുരിതം നേരിടുന്നതിന്‌ സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌ത്‌ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌. എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ഇളന്തിക്കര ഗവ. എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്‌ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി അൽഫോൺസ്‌ കണ്ണന്താനം, മന്ത്രിമാർ, മറ്റ്‌ ജനപ്രതിനിധികൾ എന്നിവരോടൊപ്പമാണ്‌ അദ്ദേഹം ക്യാമ്പ്‌ സന്ദർശിച്ചത്‌.

കുറച്ച്‌ ദിവസം മുൻപ്‌ വെള്ളപ്പൊക്കമുണ്ടായപ്പോൾ ഇവിടം സന്ദർശിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിവരങ്ങൾ ധരിപ്പിച്ചിരുന്നു. പ്രളയദുരിതം നേരിടുന്നതിന്‌ സംസ്ഥാന സർക്കാരിന്‌ കേന്ദ്ര സർക്കാർ എല്ലാ വിധ സഹായവും ചെയ്യുമെന്ന്‌ ഉറപ്പുനൽകുന്നു ‐ രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു.

മഴക്കെടുതിക്കു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ നിന്ന്‌ വീട്ടിലേക്ക്‌ തിരിച്ചു പോകുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങൾ അറിയിച്ചവരോട്‌ അതെല്ലാം പരിഹരിക്കാൻ സർക്കാരിന്റെ സഹായമുണ്ടാവുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും ഉറപ്പുനൽകി.

പകൽ 12.30ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ കേന്ദ്ര ആഭ്യന്തരമന്ത്രിയെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള , ഐ.ജി. വിജയ് സാക്കറെ, റൂറൽ എസ്പി രാഹുൽ ആർ നായർ എന്നിവർ ചേർന്ന് ടാര്‍മാർക്കിൽ മന്ത്രിയെ സ്വീകരിച്ചു. കേന്ദ്രസഹമന്ത്രി അൽഫോൺസ് കണ്ണന്താനവും ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തി.

തുടർന്ന് ഡൊമസ്റ്റിക് ടെർമിനലിലെ വിഐപി ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ്, ജിസിസിഎ ചെയർമാൻ സി.എൻ. മോഹനൻ എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.

തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ പ്രളയബാധിത മേഖലകൾ കാണുന്നതിനായി കേന്ദ്ര മന്ത്രി നെടുമ്പാശ്ശേരിയിൽ നിന്നും യാത്ര തിരിച്ചു. ഇടുക്കി, ചെറുതോണി ഡാമുകളും ദുരിത ബാധിത പ്രദേശങ്ങളും ഹെലികോപ്റ്ററിൽ നിന്ന് അദ്ദേഹം വീക്ഷിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസഹമന്ത്രി അൽഫോൻസ് കണ്ണന്താനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ എന്നിവരും ഹെലികോപ്റ്ററിൽ കേന്ദ്രമന്ത്രിയ്ക്കൊപ്പുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News