പുതിയ വേഷത്തില്‍ മെസിക്കും റൊണാള്‍ഡോയ്ക്കും വിജയത്തുടക്കം; മെസിക്ക് റെക്കോഡും സ്പാനിഷ് സൂപ്പര്‍ കപ്പും; എട്ടാം മിനിട്ടില്‍ റോണോ ഗോള്‍

ലോകകപ്പില്‍ നിരാശപ്പെടുത്തിയ ഫുട്ബോള്‍ ഇതിഹാസങ്ങള്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും പുതിയ സീസണിലെ ആദ്യ മത്സരം അവിസ്മരണീയമാക്കി. സ്പാനിഷ് സൂപ്പര്‍ ടീം ബാ‍ഴ്സലോണയുടെ ഫസ്റ്റ് ക്യാപ്റ്റനെന്ന നിലയിലെ അരങ്ങേറ്റത്തില്‍ ലയണല്‍ മെസിക്ക് വിജയത്തുടക്കം.

മറുവശത്ത് റയല്‍ മാഡ്രിഡിനെ ഉപേക്ഷിച്ച് ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരായ യുവന്‍റസിലെത്തിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊഡാള്‍ഡോ ആദ്യ മത്സരത്തിന്‍റെ എട്ടാം മിനിട്ടില്‍ ആദ്യ ഗോള്‍ നേടിയതോടെ യുവെ ജ‍ഴ്സിയിലെ അരങ്ങേറ്റം ഗംഭീരമാക്കി.

സ്പാനിഷ് ലാ ലിഗയ്ക്ക് മുന്നോടിയായുള്ള സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മെസിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ബാഴ്‌സ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സെവിയ്യയെ പരാജയപ്പെടുത്തിയാണ് കിരീടമണിഞ്ഞത്.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബാ‍ഴ്സയുടെ കിരീട നേട്ടം. ഒന്‍പതാം മിനിറ്റില്‍ പാബ്ലോ സറാബിയയുടെ ഗോളില്‍ സെവിയ്യയാണ് ആദ്യം മുന്നിലെത്തിയത്. ദേശീയ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച സ്പാനിഷ് ഡിഫന്‍ഡര്‍ ജെറാര്‍ഡ് പിക്വെ 42-ാം മിനിറ്റില്‍ ബാഴ്‌സയെ ഒപ്പമെത്തിച്ചു. 78-ാം മിനിറ്റില്‍ ഔസ്മാനെ ഡെംബെലെ ബാഴ്‌സയുടെ വിജയഗോള്‍ നേടി.

വീഡിയോ കാണാം

സൂപ്പര്‍ കപ്പ് നേട്ടത്തോടെ ബാഴ്‌സലോണയ്ക്കായി ഏറ്റവും കൂടുതല്‍ കിരീട വിജയങ്ങളെന്ന നേട്ടവും മെസിക്ക് സ്വന്തമായി. ബാഴ്‌സയ്‌ക്കൊപ്പം മെസി നേടുന്ന 33-ാം കിരീടമാണിത്. നാലു ചാമ്പ്യന്‍സ് ലീഗ്, ഒന്‍പത് ലാ ലിഗ, ആറ് കോപ്പ ഡെല്‍ റേ എന്നീ കിരീടനേട്ടങ്ങള്‍ ഉള്‍പ്പെടെയാണിത്.

എട്ടാം മിനിട്ടിലെ റോണോ ഗോള്‍

800 കോടിയിലധികം രൂപയ്ക്ക് യുവെന്‍റസിലെത്തിയ റൊണാൾഡോ പുതിയ ജ‍ഴ്സിയില്‍ എട്ടാം മിനിട്ടില്‍ തന്നെ ആദ്യ ഗോള്‍. പരമ്പരാഗത ആചാരമെന്ന നിലയില്‍ സീരി
സീസണിന് മുന്‍പ് യുവന്‍റസ് ബി ടീമിനെതിരെ നടത്തുന്ന സൗഹൃദമത്സരത്തിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍.

ഫെഡറിക്കോ ബെർണാഡേഷിയുടെ ലോങ് പാസ് പിടിച്ചെടുത്ത് ആരാധകർ കാത്തിരുന്ന തനി റോണോ ശൈലിയിലായിരുന്നു സൂപ്പര്‍ താരത്തിന്‍റെ അരങ്ങേറ്റ ഗോള്‍. പിരോസ ഗോൾകീപ്പറെ നിഷ്പ്രഭനാക്കി റൊണാൾഡോ പന്ത് വലയിലെത്തിച്ചു.

യുവെന്‍റസിന്‍റെ രണ്ടാം ഗോളിനു വഴിയൊരുക്കിയതും ക്രിസ്റ്റ്യാനോ തന്നെ. റിക്കാര്‍ഡോ കാപ്പെല്ലിനിയുടെ സെല്‍ഫ് ഗോളും അര്‍ജന്‍റീന താരം പൗളോ ഡിബല്ലെ ഇരട്ട ഗോളും നേടിയതോടെ ആദ്യ പകുതിയില്‍ നാല് ഗോളുകള്‍ക്ക് മുന്നിലായി യുവെന്‍റസ്.

രണ്ടാം പകുതിയില്‍ ക്ലോഡിയോ മര്‍ചീസിയോയുടെ യുവെന്‍റസ് ഗോള്‍ നേട്ടം അഞ്ചാക്കി. പിന്നാലെ പരമ്പരാഗത രീതിയില്‍ ആരാധകര്‍ മൈതാനത്തേക്ക് ഇരച്ചെത്തിയതോടെ മത്സരം അവസാനിപ്പിക്കുകയായിരുന്നു.

ആരാധകര്‍ കളിക്കളം കൈയേറുന്നത് ഈ സൗഹൃദ മത്സരത്തിന്‍റെ പ്രത്യേകതയാണ്. ആരാധകര്‍ക്ക് പ്രയി താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും ആശംസ നേരാനുമാണ് ഈ കൈയേറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here