ഇംഗ്ലണ്ട് താരത്തിന് നോക്കുകൂലിയായി കിട്ടിയത് 11 ലക്ഷത്തിലേറെ രൂപ; കോഹ് ലിക്കും കൂട്ടര്‍ക്കും നന്ദി പറഞ്ഞ് സ്പിന്നര്‍ ആദില്‍ റഷീദ്

ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വമായ നോക്കുകൂലി റെക്കോഡുമായി ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ്. ഇന്ത്യ ഇന്നിങ്ങ്സിനും 159 റണ്‍സിനും തോറ്റ ലണ്ടന്‍ ടെസ്റ്റില്‍ ഒരു പന്തുപോലും ബൗള്‍ ചെയ്യാതെ, ബാറ്റിങ്ങിന് ഇറങ്ങാതെ, ക്യാച്ചൊന്നുമെടുക്കാതെ, റണ്ണൗട്ടിലും പങ്കാളിയാകാതെ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയാണ് റഷീദ് റെക്കോഡ് ബുക്കില്‍ തന്‍റെ പേരും എ‍ഴുതി ചേര്‍ത്തത്.

കളിക്കളത്തില്‍ കാര്യമായ അധ്വാനമൊന്നും വേണ്ടിവന്നില്ലെങ്കിലും മറ്റു താരങ്ങൾക്കു ലഭിച്ചതുപോലെ ആദിൽ റഷീദിന് ഈ മൽസരത്തിൽനിന്ന് പ്രതിഫലമായി ലഭിക്കുന്നത് 11,09,220 രൂപയാണ്.

ടെസ്റ്റ് ക്രിക്കറ്റിന്‍റെ 141 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു റെക്കോർഡ് തീർത്തും വിരളമാണ്. റഷീദിനു മുൻപ് ഒരു കളിയിൽ ബാറ്റിങ്ങിനോ ബോളിങ്ങിനോ ഇറങ്ങാതിരിക്കുകയും ക്യാച്ചോ, സ്റ്റംപിങ്ങോ നേടാതെ പോവുകയും ചെയ്ത താരങ്ങൾ 13 പേർ മാത്രം.

13 വർഷത്തിനിടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലിഷ് താരവുമാണ് റഷീദ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആന്‍ഡേ‍ഴ്സണ്‍-ബ്രോഡ്-വോക്സ് പേസ് ത്രയത്തിന് മുന്നിൽ പൊരുതാതെ കീഴടങ്ങിയതോടെ ഒന്നാം ഇന്നിങ്സിൽ സ്പിന്നറായ റഷീദിന് ബൗള്‍ ചെയ്യേണ്ടിവന്നില്ല.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ 7 വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സില്‍ ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്തതോടെ റഷീദടങ്ങുന്ന വാലറ്റത്തിന് ബാറ്റ് ചെയ്യേണ്ടി വന്നില്ല.

289 റൺസിന്‍റെ കടവുമായി രണ്ടാം ഇന്നിങ്ങ്സിനിറങ്ങിയ ഇറങ്ങിയ ഇന്ത്യ പതിവുപോലെ പേസ് പടയ്ക്കു മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ റഷീദിനെ ഇക്കുറിയും ബൗള്‍ ചെയ്യാന്‍ ക്യാപ്റ്റന്‍ വിളിച്ചില്ല.

പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്ങ് നിരയുടെ ബാറ്റില്‍ തട്ടി പൊങ്ങിയ പന്ത് ക്ലോസിന്‍ ഫീല്‍ഡര്‍മാരെടുത്തതോടെ മുപ്പത് വാരയ്ക്കപ്പുറം ഫീല്‍ഡ് ചെയ്തിരുന്ന റഷീദിന്‍റെ സാധ്യതകള്‍ അവിടെയും അടഞ്ഞു.

ഇന്ത്യന്‍ ഇന്നിങ്ങ്സിലാകട്ടെ റണൗട്ടും ഉണ്ടായില്ല. ഇതോടെ പണിയെടുക്കാതെ തന്നെ അഞ്ച് ദിവത്തെ പ്രതിഫലം വാങ്ങേണ്ട അവസ്ഥയിലായി ഈ യുവ താരം.

12 ടെസ്റ്റിന്‍റെ മാത്രം പരിചയ സമ്പത്തുള്ള ആദില്‍ റഷീദ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം കാ‍ഴ്ചവെച്ചിരുന്നു.

ഈ മൽസരത്തിൽ 40 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ റഷീദ് ഒന്നാം ഇന്നിങ്സിൽ 13 റൺസും രണ്ടാം ഇന്നിങ്സിൽ 16 റൺസും നേടിയിരുന്നു.

മൽസരം ഇംഗ്ലണ്ടിനനുകൂലമാക്കിയ രണ്ടാം ഇന്നിങ്സിലെ അർധസെഞ്ചുറി കൂട്ടുകെട്ടിൽ സാം കറനൊപ്പം റഷീദ് പങ്കാളിയാവുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News