സ്വാതന്ത്ര്യ ദിനാഘോഷം സേനാനികള്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടുവോ എന്ന പരിശോധനയാവണം: മുഖ്യമന്ത്രി

ലോകത്തെങ്ങുമുളള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിനാശംസ നേര്‍ന്നു.

സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ നമ്മുടെ നേതാക്കള്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞുവോ എന്ന പരിശോധന സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഓരോരുത്തരും നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യവും മതനിരപേക്ഷതയുമാണ് നമ്മുടെ രാഷ്ട്രത്തിന്‍റെ ശക്തിസ്രോതസ്സ്. മതനിരപേക്ഷത നിലനിന്നാലേ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കൂ എന്ന ചിന്ത ജനങ്ങളിലാകെ ഉണര്‍ത്താന്‍ സ്വാതന്ത്ര്യദിനാഘോഷം സഹായിക്കട്ടെ.

വലിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം വന്നെത്തുന്നത്. കേരളത്തിന്‍റെ ചരിത്രത്തില്‍ ഇത്രയും വലിയ ദുരന്തമുണ്ടായിട്ടില്ല.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളാകെയും ഒന്നിച്ചുനിന്നാണ് ഈ ദുരന്തത്തെ അതിജീവിക്കുന്നത്. നാം ഒന്നിച്ചു നിന്നാല്‍ ഏതു കൊടിയ ദുരന്തവും നേരിടാന്‍ കഴിയും എന്ന സന്ദേശമാണ് പ്രളയകാലത്തെ ജനങ്ങളുടെ കൂട്ടായ്മ നല്‍കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമതികള്‍ കാര്യമായ തോതില്‍ സഹായമെത്തിക്കുന്ന ഘട്ടമാണിത്. ഏതു തുകയും ചെറുതല്ല, വലുതുമല്ല.

ഈ ബോധത്തോടെ എല്ലാവരും ആത്മാര്‍ത്ഥമായി ഈ രംഗത്ത് സഹായിക്കുകയും സഹകരിക്കുകയും ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഈ വിധത്തിലുളള ജീവകാരുണ്യ നടപടികളിലൂടെയാവട്ടെ ഇക്കൊല്ലത്തെ നമ്മുടെ സ്വാതന്ത്ര്യദിനാഘോഷം – മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News