ലയണല്‍ മെസി വീണ്ടും കളി നിര്‍ത്തുന്നു; ഈ സീസണില്‍ അര്‍ജന്‍റീനയ്ക്ക് വേണ്ടി കളിക്കില്ല; വരും വര്‍ഷങ്ങളില്‍ ദേശീയ ജ‍ഴ്സിയണിയുന്നതില്‍ സംശയമെന്നും അര്‍ജന്‍റീന മാധ്യമങ്ങള്‍

അര്‍ജന്‍റീനയ്ക്ക് വേണ്ടി ഈ സീസണില്‍ കളിക്കാനില്ലെന്ന് സൂപ്പര്‍താരം ലയണല്‍ മെസി.

ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ പുറത്താക്കിയ ജോര്‍ജ് സാംപോളിക്ക്പകരം താല്‍ക്കാലിക പരിശീലക ചുമതലയുള്ള ലയണല്‍ സ്‌കലോനിയുടെ നേതൃത്വത്തില്‍ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിനെ അടുത്തയാ‍ഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് മെസിയുടെ പിന്മാറ്റമെന്ന് അര്‍ജന്‍റീണ ദിനപത്രമായ ക്ലാരിന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ സീസണില്‍ നാല് സൗഹൃദ മത്സരങ്ങളാണ് അര്‍ജന്‍റീന കളിക്കുന്നത്. ഭാവിയില്‍ മെസി അര്‍ജന്‍റീന ജഴ്‌സിയില്‍ കളിക്കുന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബ്രസീല്‍ ലോകകപ്പ് ഫൈനലിലെയും 2016 കോപ്പ അമേരിക്ക ഫൈനലിലെയും തോല്‍വികള്‍ക്ക് പിന്നാലെ മെസി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തീരുമാനം പിന്‍വലിച്ച് കളിക്കളത്തില്‍ തിരിച്ചെത്തിയിരുന്നു.

റഷ്യന്‍ ലോകകപ്പിന് മുമ്പ് കിരീടം നേടിയില്ലെങ്കില്‍ ദേശീയ ടീമില്‍ ഇനി കളിക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ലോകകപ്പ് നേടാതെ വിരമിക്കില്ലെന്ന് മാറ്റിപ്പറഞ്ഞ ചരിത്രവും മെസിക്കുണ്ട്.

മെസിയുടെ നേതൃത്വത്തില്‍ റഷ്യന്‍ ലോകകപ്പിനിറങ്ങിയ അര്‍ജന്‍റീന പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്താകുകയായിരുന്നു.

അതേസയമം ദേശീയ ടീമില്‍ കളിക്കണമോ വേണ്ടോയോയെന്ന് തീരുമാനിക്കേണ്ടത് മെസി തന്നെയാണെന്ന് മെസിയുടെ സഹതാരമായിരുന്ന കാര്‍ലോസ് ടെവസ് പറഞ്ഞു.

മെസി കളിച്ചാലും കളിച്ചില്ലെങ്കിലും അര്‍ജന്‍റീനയുടെ മത്സരഫലം എന്തായാലും ആളുകള്‍ അദ്ദേഹത്തെ വിമര്‍ശിക്കും. അത് ടീമിനും അദ്ദേഹത്തിനും മോശം തന്നെയാണെന്നും ടെവസ് കൂട്ടിച്ചേര്‍ത്തു.

സെപ്തംബര്‍ ഏഴിന് ലോസ് ആഞ്ജലിസില്‍ ഗ്വാട്ടിമലയ്‌ക്കെതിരെയും നാലു ദിവസത്തിനു ശേഷം ന്യൂയോര്‍ക്കില്‍ കൊളംബിയക്കെതിരെയുമാണ് അര്‍ജന്‍റീനയുടെ അടുത്ത സൗഹൃദമത്സരങ്ങള്‍. മറ്റ് രണ്ട് മത്സരങ്ങള്‍ക്കുള്ള എതിരാളികളെ തീരുമാനിച്ചിട്ടില്ല.

അതേ സമയം മെസി കളിക്കില്ലെന്ന വാര്‍ത്ത തള്ളി ന്യൂസ് വെബ്‌സൈറ്റായ ഇന്‍ഫോബെ രംഗത്തെത്തി. വിശ്രമത്തിനായാണ് മെസി മാറി നില്‍ക്കുന്നതെന്നും അദ്ദേഹം കളിനിര്‍ത്തുകയാണെന്ന് ഇത് അര്‍ഥമില്ലെന്നും ഇന്‍ഫോബെ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News