പ്രളയക്കെടുതി: സിപിഐഎം ഫണ്ട് ശേഖരണം 18, 19 തീയതികളില്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗസ്റ്റ് 18, 19 തീയ്യതികളില്‍ നടക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

കേരളത്തില്‍ അടുത്ത കാലത്തൊന്നും നേരിട്ടിട്ടില്ലാത്ത കാലവര്‍ഷക്കെടുതിയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ വിവിധ മേഖലകളില്‍ പ്രളയക്കെടുതി പടരുകയാണ്. സംസ്ഥാനത്ത് തുടര്‍ച്ചയായുള്ള മഴക്കെടുതിയില്‍ മെയ് 29 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ 256 പേരാണ് മരണപ്പെട്ടിട്ടുള്ളത്.

ഇപ്പോഴത്തെ ദുരിതത്തിലാവട്ടെ 65 പേരാണ് മരണപ്പെട്ടത്. ആദ്യഘട്ട വിലയിരുത്തലനുസരിച്ച് ഏകദേശം 8,316 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട് ഏതാണ്ട് 50,000ത്തോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. 600ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി ഒന്നര ലക്ഷത്തോളം പേര്‍ ഇപ്പോഴും കഴിയുന്നുണ്ട്. ആയിരക്കണക്കിന് കിലോമീറ്റര്‍ റോഡുകള്‍ തകര്‍ന്നുകഴിഞ്ഞു.

പല പാലങ്ങളും പുനര്‍നിര്‍മ്മിക്കപ്പെടേണ്ട സ്ഥിതിയുമാണ് ഉള്ളത്. അപൂര്‍വ്വ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പൈടുകയും ചെയ്തിട്ടുണ്ട്. കാര്‍ഷിക വിഭവങ്ങള്‍ വന്‍തോതില്‍ നശിച്ചുകഴിഞ്ഞു. വളര്‍ത്തുമൃഗങ്ങളുടെ നഷ്ടവും ഏറെയാണ്.

ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രതിഭാസങ്ങള്‍ വമ്പിച്ച പാരിസ്ഥിതിക പ്രശ്‌നങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. ഡാമുകളാവട്ടെ കരകവിഞ്ഞൊഴുകുകയാണ്. നിരവധിപേര്‍ വീടുകളില്‍ വെള്ളം കയറിയും വീട് തകര്‍ന്നും കഴിയുന്ന സ്ഥിതിയുമുണ്ട്.

മഴ തീര്‍ന്നുകഴിഞ്ഞാലും ജനജീവിതം സാധാരണ നിലയിലേക്ക് എത്താന്‍ ഏറെ സമയമെടുക്കുന്ന സാഹചര്യമാണുള്ളത്. ഈ സ്ഥിതിവിശേഷം കണക്കിലെടുത്ത് കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്.

സംസ്ഥാന സര്‍ക്കാരും കേന്ദ്ര സേനയും നാട്ടുകാരുടെ സഹായത്തോടെ നല്ല രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതിനെ ശക്തിപ്പെടുത്താനുള്ള സാഹായങ്ങള്‍ ചെയ്യേണ്ടതുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുവാന്‍ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണം. വെള്ളം കയറി വീട് താമസയോഗ്യമല്ലാതായിത്തീരുന്ന സ്ഥിതിയും വ്യാപകമായിട്ടുണ്ട്.

അത്തരം വീടുകള്‍ ശുചിയാക്കി താമസയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. വീടുകളിലേക്കുള്ള വഴികളും മറ്റും തകര്‍ന്നുകിടക്കുന്ന സ്ഥിതിയും നിലവിലുണ്ട്.

അവ സഞ്ചാരയോഗ്യമാക്കുന്നതിനും സഹായിക്കണം. ഉടുതുണിക്ക് മറുതുണിയില്ലാതെ ക്യാമ്പുകളിലേക്ക് അഭയം തേടേണ്ടിവന്ന ജനതയുടെ ദുരിതം വിവരാണാധീതമാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പാര്‍ടി സഖാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രളയബാധിതമല്ലാത്ത പ്രദേശങ്ങളില്‍ നിന്നാണ് ആഗസ്റ്റ് 18, 19 തീയ്യതികളില്‍ ഫണ്ട് പിരിവ് നടത്തേണ്ടത്. പിരിച്ചെടുക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം.

നമ്മുടെ നാട്ടിലെ വിവിധ മേഖലകളില്‍ വിവരാണാധീതമായ ദുരിതം സാധാരണ ജനത അനുഭവിക്കുന്നുണ്ട്. ഈ ദുരിതങ്ങളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിനുള്ള സാധ്യമായ എല്ലാ ഇടപെടലുകളും നടത്താന്‍ പാര്‍ടി ഘടകങ്ങളും അനുഭാവികളും മുന്നിട്ടിറങ്ങണം.

ഇത്തരം പ്രവര്‍ത്തനത്തിന്റെ ഭാഗമായി ദുരിതാശ്വാസ ഫണ്ടിനായി പ്രവര്‍ത്തകര്‍ സമീപിക്കുമ്പോള്‍ ഉദാരമായി സംഭാവന നല്‍കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ബഹുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News