മാർക്സിസം ഏറ്റവും വലിയ മനുഷ്യസ്നേഹമാണെന്നു പഠിപ്പിച്ച സഖാവിന്റെ സ്മരണാദിനം രക്ഷാപ്രവർത്തനത്തിനു സമർപ്പിച്ച് സിപിഐ (എം); കോടിയേരി ബാലകൃഷ്ണന്റെ ആഹ്വാനം

മാർക്സിസം ഏറ്റവും വലിയ മനുഷ്യസ്നേഹമാണെന്നു പഠിപ്പിച്ച സഖാവിന്റെ സ്മരണാദിനം രക്ഷാപ്രവർത്തനത്തിനു സമർപ്പിച്ച് സിപിഐ (എം); കോടിയേരി ബാലകൃഷ്ണന്റെ ആഹ്വാനം.

പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’യിലെ‍ഴുതിയ ലേഖനത്തിലാണ് കോടിയേരി ഇതറിയിച്ചത്. ജനങ്ങൾ മഹാദുരിതങ്ങളിൽ അകപ്പെടുമ്പോൾ അവരെ സഹായിക്കാൻ കൈമെയ് മറന്ന് പ്രവർത്തിച്ചവരായിരുന്നു സഖാവിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെ കുറിപ്പ്.

ലേഖനത്തിന്റെ പൂർണ്ണരൂപം:

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ സഖാവ് പി കൃഷ്ണപിള്ളയുടെ സ്മരണ ഇന്ന് പുതുക്കുകയാണ്. ജനങ്ങൾക്കൊപ്പം ജീവിച്ച് അവരുടെ സുഖദുഃഖങ്ങളിൽ പങ്കാളിയായ സഖാവിന്റെ സ്മരണ പ്രളയക്കെടുതിയിൽ അകപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനും ആശ്വാസം നൽകാനുമുള്ള പ്രവർത്തനങ്ങൾക്കായി മാറ്റുക. കേരളം അഭിമുഖീകരിക്കുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയാണ്. ഇത് നേരിടുന്നതിന് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾക്കും സഹായപ്രവർത്തനങ്ങൾക്കും പിന്നിൽ അണിനിരക്കണം.

ഇന്നേക്ക് 70 വർഷംമുമ്പ്, 1948ലെ ഇതേദിവസം ഒളിവുജീവിതത്തിനിടെ പാമ്പുകടിയേറ്റാണ് സഖാവ് പി കൃഷ്ണപിള്ളയുടെ അന്ത്യം. വൈക്കത്ത് 1906 ലാണ് ജനനം. ദാരിദ്ര്യംകാരണം പ്രാഥമികവിദ്യാഭ്യാസംമാത്രം നേടാനേ കഴിഞ്ഞുള്ളൂ. 16‐ാം വയസ്സിൽ ആലപ്പുഴയിൽ കയർത്തൊഴിലാളിയായി. പിന്നീട് പലയിടത്തും ജോലിചെയ്തു. 1927ൽ ബനാറസിലെത്തി. അവിടെ രണ്ടുവർഷം ഹിന്ദി പഠിച്ച് സാഹിത്യവിശാരദ് പരീക്ഷയെഴുതി. പിന്നീട് തൃപ്പൂണിത്തുറയിൽ ഹിന്ദി പ്രചാരകനായി. ഉത്തരേന്ത്യൻ വാസത്തിനിടയിൽത്തന്നെ സ്വാതന്ത്ര്യസമര പ്രവർത്തനത്തിന്റെ ഭാഗമായാണ് ഹിന്ദി പ്രചാരകനായത്. പിന്നീട് ഹിന്ദി പ്രചാരണം വിട്ട് രാഷ്ട്രീയപ്രവർത്തനത്തിൽ പൂർണമായി മുഴുകി. കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ് , കമ്യൂണിസ്റ്റ് എന്നിങ്ങനെ രണ്ടുപതിറ്റാണ്ടോളം കേരളരാഷ്ട്രീയത്തെ നയിച്ച വ്യക്തിത്വമായി.

1930 മുതൽ 1948 വരെ കേരളത്തിലെ പൊതുപ്രസ്ഥാനത്തിന്, സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്, തൊഴിലാളിവർഗ മുന്നേറ്റത്തിന്, ഇടതുപക്ഷരാഷ്ട്രീയത്തിന്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ വളർച്ചയിൽ സഖാവിന്റെ പങ്കാളിത്തവും സംഭാവനയും വലുതാണ്. 1932 ജനുവരിയിൽ കോഴിക്കോട് സബ്ജയിലിൽവച്ചാണ് ഇ എം എസും കൃഷ്ണപിള്ളയും ആദ്യം കാണുന്നത്. അന്ന് ഇടതുപക്ഷ ദേശീയവാദിയായ ഇ എം എസിനെ കമ്യൂണിസ്റ്റായി വളർത്തിയത് സഖാവാണെന്ന് ഇഎംഎസ‌് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് സോഷ്യലിസ്റ്റ‌് പാർടിയിൽ തന്നെ ചേർത്തത് സഖാവാണെന്ന‌് ഇ കെ നായനാരും സ്മരിച്ചിട്ടുണ്ട്.

തൊഴിലാളികൾ, കൃഷിക്കാർ തുടങ്ങി സമൂഹത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും അധഃസ്ഥിതരെയും സംഘടിപ്പിക്കുന്നതിലുള്ള സഖാവിന്റെ പാടവം ഒന്നുവേറെയായിരുന്നു. കൂലി, ജീവിതസാഹചര്യം എന്നിവയിലെ പരിതാപകരമായ അവസ്ഥ മാറ്റാൻ ചൂഷണത്തിനും മർദനത്തിനുമെതിരായി മുതലാളിമാരോടും ഭൂപ്രഭുക്കളോടും ഒരുവശത്ത് സമരം നടത്തി. മറുവശത്താകട്ടെ, സ്വാതന്ത്ര്യസമരത്തിൽ അവരെ അണിനിരത്തി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനുമെതിരായ സമരത്തെ വിപുലമാക്കി. ഇങ്ങനെ സാമ്പത്തികസമരത്തെ എങ്ങനെ രാഷ്ട്രീയസമരമാക്കി വളർത്താമെന്ന് തെളിയിച്ചു.

അതുപോലെ എല്ലാവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താൻ കമ്യൂണിസ്റ്റുകാർ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ നേതാവായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നവോത്ഥാനചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായ ഗുരുവായൂർ സത്യഗ്രഹത്തിൽ 1931 ൽ സജീവമായി അദ്ദേഹം പങ്കെടുത്തു. അന്ന് അമ്പലമണി അടിച്ചതിനെത്തുടർന്ന് ഭീകരമർദനം ഏറ്റുവാങ്ങേണ്ടിവന്നു. ആ സത്യഗ്രഹസമരത്തിൽ എ കെ ജിയായിരുന്നു വളന്റിയർ ക്യാപ്റ്റൻ. ക്ഷേത്രങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്ന പിന്നോക്ക‐ദളിത് വിഭാഗങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനുള്ള സമരപരിപാടികൾക്കും നേതൃത്വംനൽകി.
നവഉദാരവൽക്കരണത്തിനും വർഗീയഫാസിസത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തിൽ തൊഴിലാളി കർഷകാദി വിഭാഗങ്ങളെ എങ്ങനെ ഇന്ന് അണിനിരത്താമെന്ന് ചിന്തിക്കുമ്പോൾ കൃഷ്ണപിള്ളയെപ്പോലെയുള്ള നേതാക്കൾ നയിച്ച പാത സ്മരിക്കാം.

ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ സമരങ്ങളിൽ സജീവമായിരുന്ന കൃഷ്ണപിള്ള ഉപ്പ് സത്യഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവർണപതാക വിട്ടുകൊടുക്കാതെ നടത്തിയ ചെറുത്തുനിൽപ്പ് ഉജ്വല അധ്യായമാണ്. മർദനമേറ്റ് സഖാവ് ബോധംകെട്ട് വീണു. മർദനവും ജയിൽവാസവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജയിൽമോചിതനായശേഷം ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്തു. 1934ൽ കോൺഗ്രസിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിയായി. വർഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഖാവ് ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും ഓട്ടുതൊഴിലാളികളെയും കണ്ണൂരിലെ ബീഡി‐നെയ്ത്ത് തൊഴിലാളികളെയും ആറോൺ മിൽ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പിണറായി‐പാറപ്പുറം രഹസ്യസമ്മേളനത്തിൽ പങ്കെടുക്കുകയും ഇന്ത്യൻ കമ്യൂണിസ്റ്റുപാർടിയുടെ കേരളഘടകം സെക്രട്ടറിയാകുകയുംചെയ്തു.

1940 സെപ്തംബർ 15ന് ഒളിവിലിരുന്ന് മലബാറിലെ മർദന പ്രതിഷേധത്തിന് നേതൃത്വംനൽകി. പിന്നീട് അറസ്റ്റ് ചെയ്ത് ശുചീന്ദ്രം ജയിലിലടച്ചു. 1942 മാർച്ചിലാണ് വിട്ടത്. പിന്നീട് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാർടി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. 46 മുതൽ വീണ്ടും ഒളിവുജീവിതം. 1946 ആഗസ്തിൽ പ്രവർത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുകയും പുന്നപ്ര‐ വയലാർ സമരത്തിന് നേതൃത്വം നൽകുകയുംചെയ്തു. സമരം പൊട്ടിപ്പുറപ്പെടുംമുമ്പ് ഇ എം എസിനൊപ്പം ആലപ്പുഴയിൽ സഞ്ചരിച്ച് സമരത്തിന്റെ ആവശ്യകതയെപ്പറ്റി തൊഴിലാളികളോടും പ്രവർത്തകരോടും സംസാരിച്ചു.

പിന്നീട് സമരകാലത്ത് ആലപ്പുഴയിലും പരിസരങ്ങളിലും കറുത്തിരുണ്ട ഒരു മെലിഞ്ഞ മനുഷ്യനെ തൊഴിലാളികൾ കണ്ടു. തൊഴിലാളിവർഗം സമരത്തിനിറങ്ങിയേ മോചനമുള്ളൂവെന്ന് അവരോട് സന്ദേശം നൽകിയ നേതാവായിരുന്നു അദ്ദേഹം. പുന്നപ്ര‐ വയലാർ സമരശേഷം ബഹുജനനേതാക്കളെ കൂട്ടത്തോടെ സർ സി പിയുടെ പൊലീസ് അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയും പാർടിയെ നിരോധിക്കുകയും ചെയ്തു. ആ വിഷമഘട്ടത്തിൽ തിരുവിതാംകൂറിലെ ജനങ്ങൾക്ക് ശരിയായ നേതൃത്വം നൽകാനാണ് സഖാവ് ആലപ്പുഴയിലെത്തി ഒളിവിലിരുന്ന് പ്രവർത്തിച്ചത്. പാമ്പുകടിയേറ്റ് അവശനായിരിക്കുമ്പോൾ അദ്ദേഹം നോട്ടുബുക്കിൽ കുറിച്ചു. “എന്നെ പാമ്പുകടിച്ചു. എന്റെ കണ്ണും തലയും ഇരുളുന്നു. വിവരം എല്ലാവരെയും അറിയിക്കുക. സഖാക്കളെ മുന്നോട്ട്” മാർക്സിസം ഏറ്റവും വലിയ മനുഷ്യസ്നേഹമാണെന്നും സാമൂഹ്യപരിവർത്തനത്തിനുള്ള ഉപാധിയാണെന്നും പഠിപ്പിച്ച പി കൃഷ്ണപിള്ള വളർത്തിയ കമ്യൂണിസ്റ്റ് പാർടി ബഹുജന വിപ്ലവപാർടിയായി ഇനിയും കൂടുതൽ വളരും. ജനങ്ങൾ മഹാദുരിതങ്ങളിൽ അകപ്പെടുമ്പോൾ അവരെ സഹായിക്കാൻ കൈമെയ് മറന്ന് പ്രവർത്തിച്ചവരായിരുന്നു സഖാവിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ. പ്രളയക്കെടുതി ദുരിതാശ്വാസപ്രവർത്തനത്തിൽ കൂടുതൽ വ്യാപൃതരായി സഖാവിന്റെ സ്മരണ നമുക്ക് പുതുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here