അട്ടപ്പാടിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം; ഭക്ഷണം, മരുന്ന്, തുടങ്ങി അവശ്യസാധനങ്ങള്‍  ഉറപ്പു വരുത്തി : മന്ത്രി എ.കെ.ബാലന്‍

അട്ടപ്പാടിയില്‍ മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് പട്ടികജാതി-പട്ടിവര്‍ഗ-പിന്നോക്ക-ക്ഷേമവകുപ്പു മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ അട്ടപ്പാടിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.ആര്‍.എസ് മുക്കാലി, ജി.യു.പി.എസ് കൂക്കമ്പാളയം, പാടവയല്‍, വിട്ടിയൂര്‍, ട്രൈബല്‍ ഹോസ്റ്റല്‍ ഗൊട്ടിയാര്‍ക്കണ്ടി എന്നിവിടങ്ങളിലായി അഞ്ച് ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ചു ക്യാമ്പുകളിലുമായി 347 പേരാണ് താമസിക്കുന്നത്.

ഇതില്‍ 141 പേര്‍ ആദിവാസി വിഭാഗക്കാരാണ്. ഇവര്‍ക്കുള്ള ഭക്ഷണം, മരുന്ന്, മറ്റു അവശ്യസാധനങ്ങള്‍ എന്നിവ ഉറപ്പു വരുത്തിയിട്ടുണ്ട്. 24 മണിക്കൂറും ഡോക്ടറുടെ സേവനവും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. കോട്ടത്തറ ട്രൈബല്‍ ഡവലപെമെന്റ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനവും മരുന്നുകളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ നാല് മൊബൈല്‍ യൂണിറ്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

അട്ടപ്പാടിയിലെ നിലവിലെ പ്രധാന ബുദ്ധിമുട്ട് റോഡുകളുടെ സ്തംഭനാവസ്ഥയാണ്. തുടക്കത്തില്‍ പ്രാഥമിക യാത്രാസൗകര്യം ഒരുക്കും. രണ്ട് ദിവസത്തിനുള്ളില്‍ റോഡുകളില്‍ ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന രീതിയിലുള്ള സൗകര്യം ഒരുക്കും. ഇതുമായി ബന്ധപ്പെട്ട് പി.ഡബ്‌ളിയു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി തമിഴ്നാട്ടില്‍ നിന്നുള്ള ഫയര്‍ ആന്റ് റസ്‌ക്യൂ ഫോഴ്സിന്റെ സഹായവും പ്രയോജനപ്പെടുത്തുന്നുണ്ട്.

റേഷന്‍ കടകള്‍ വഴി എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് പട്ടികവര്‍ഗവകുപ്പിന്റെ നേതൃത്വത്തില്‍ അര്‍ഹരായവര്‍ക്ക്് ഓണപുടവയോടു കൂടിയ ഓണക്കിറ്റ് നല്‍കും.

കാലവര്‍ഷക്കെടുതി മൂലം ഉണ്ടായ ദുരന്തങ്ങള്‍ പരിഹരിക്കാന്‍ എല്ലാ മേഖലയിലുള്ള ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അവലോകന യോഗത്തില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍, അട്ടപ്പാടി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്ത പ്രസിഡന്റുമാര്‍, ഒറ്റപ്പാലം സബ്കലക്ടര്‍ ജെറോമിക് ജോര്‍ജ്, വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News