ഞാന്‍ പോയാല്‍ ഒരാളല്ലേ; രക്ഷിക്കാനായാല്‍ എത്ര ജീവനാ സാറേ; രക്ഷാപ്രവര്‍ത്തനങ്ങളില്‍ മാതൃകയായി ഫ്രെഡ്ഡി

“ഞാന്‍ പോയാല്‍ ഓരാളല്ലേ;രക്ഷിക്കാനായാല്‍ എത്ര ജീനവാ സാറേ” വിഴിഞ്ഞം സ്വദേശി ഫ്രെഡ്ഡിക്ക് ജില്ലാകളക്ടറോട് ഇതു പറയുമ്പോള്‍ തെല്ലും ആശങ്കയില്ലായിരുന്നു.

വാര്‍ത്ത അറിഞ്ഞയുടന്‍ മറ്റൊന്നും ആലോചിക്കാതെ ദുരന്തമുഖത്തേക്ക് കുതിച്ചു. കൂടെ അന്നം തരുന്ന ബോട്ടും ബന്ധുക്കളായ പഴനിയടിമ, ജില്ലര്‍ എന്നിവരും ഫ്രെഡ്ഡിയോടൊപ്പം ചേര്‍ന്നു.

വെള്ളത്തില്‍ മുങ്ങിയ വീടിന് മുകളില്‍ നിന്നും ഉയര്‍ന്ന പ്രാണനുവേണ്ടി നിലവിളിക്കുന്നവരെ ഒന്നൊന്നായി ഇവര്‍ ജീവിതത്തിന്റെ കരയില്‍ എത്തിച്ചു.

വള്ളത്തിലെ വടം ഉപയോഗിച്ചാണ് പലരെയും ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്നും താഴെ എത്തിച്ചത്. പ്രായമായവരെയാണ് ഇത്തരത്തില്‍ താഴെയിറക്കാന്‍ പ്രയാസപ്പെട്ടത്.

ചിലര്‍ വീട് വിട്ട് വരുവാന്‍ കൂട്ടാക്കുന്നില്ല അവര്‍ക്ക് ഭക്ഷണം മാത്രം മതി. തങ്ങള്‍ക്ക് കഴിക്കാനായി കരുതിയിരുന്ന ബിസ്‌ക്കറ്റും പഴവും വെള്ളവും ഇവര്‍ക്ക് കൊടുത്തിട്ട് രക്ഷാ പ്രവര്‍ത്തനത്തിലേക്ക് വീണ്ടും പോകും.

മണിക്കൂറുകള്‍ നീളുന്ന പ്രയത്‌നത്തിനിടയ്ക്ക് പലപ്പോഴും ക്ഷീണിച്ച് ഇരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴാവും ദൂരെ നിന്നും നിലവിളി കേള്‍ക്കുന്നത്.

പിന്നെ ഒന്നും ആലോചിക്കില്ല ക്ഷീണം മറന്ന് അവിടേക്ക്. രാത്രിയിലെ വെളിച്ചക്കുറവാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായത്. എങ്കിലും പലപ്പോഴും രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.

തിരുവനന്തപുരത്തു നിന്നും തങ്ങളുടെ ബോട്ടും മറ്റും ലോറിയില്‍ ദുരന്ത സ്ഥലത്തേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ലോറികള്‍ ഏര്‍പ്പാട് ചെയ്തിരുന്നു.

മാത്രവുമല്ല പത്തനംതിട്ടയില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നിര്‍ദേശ പ്രകാരമുള്ള ക്രമീകരണങ്ങളും ആളുകളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിച്ചുവെന്നും ഫ്രെഡ്ഡി പറഞ്ഞു.

ബോട്ടില്‍ സ്ഥലത്തെക്കുറിച്ച് അറിയാവുന്ന ഒരാളെ കയറ്റി വിടുന്നതും കൂടുതല്‍ ആളുകള്‍ ഉള്ള സ്ഥലം കണ്ടെത്തി തന്നതും രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലാക്കാന്‍ ഉപകാരമായി.

വീട്ടില്‍ നിന്നും കുടുംബക്കാര്‍ വിളിക്കുന്നുണ്ടെങ്കിലും ഇതൊന്നും തത്ക്കാലം ശ്രദ്ധിക്കാന്‍ സമയമില്ലെന്നും ദുരിതത്തിലായ നമ്മുടെ സഹോദരങ്ങളുടെ രക്ഷയാണ് പ്രധാനമെന്നും ഫ്രെഡ്ഡി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News