എല്ലാ എംപിമാരും ഒരു മാസത്തെ ശമ്പളം പ്രളയക്കെടുതി നേരിടുന്ന കേരളത്തിനു നൽകണം; അഭ്യർത്ഥനയുമായി ഉപരാഷ്ട്രപതിയും സ്പീക്കറും

ന്യൂഡൽഹി: എല്ലാ എംപിമാരും ഒരു മാസത്തെ ശമ്പളം പ്രളയക്കെടുതി നേരിടുന്ന കേരളത്തിനു സഹായമായി നൽകണമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ എം വെങ്കയ്യനായിഡുവും ലോക്സഭ സ്പീക്കർ സുമിത്ര മഹാജനും അഭ്യർഥിച്ചു.

ദുരിതാശ്വാസ‐പുനരധിവാസ പ്രവർത്തനങ്ങൾക്കായി എംപിമാരുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് ഉദാരമായി സംഭാവന നൽകാനും ഇരുവരും ആഹ്വാനം ചെയ്തു. ഇക്കാര്യം അഭ്യർഥിച്ച് എംപിമാർക്ക് കത്തെഴുതുമെന്ന് ഉപരാഷ്ട്രപതിയുടെ വസതിയിൽ ചേർന്ന അവലോകനയോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

നിലവിലുള്ള ചട്ടപ്രകാരം, ഗുരുതരസ്വഭാവമുള്ളതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രകൃതിദുരന്തങ്ങളുടെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി എംപി ഫണ്ടിൽനിന്ന് ഒരു കോടി രൂപ വരെ അനുവദിക്കാൻ കഴിയും.

തുക അനുവദിച്ച് ഒരു മാസത്തിനകം പദ്ധതിയുടെ നിർമാണം തുടങ്ങുകയും എട്ട് മാസത്തിനകം പൂർത്തീകരിക്കുകയും ചെയ്യണമെന്നും ചട്ടത്തിൽ പറയുന്നുണ്ട്. ഇരുസഭകളിലുമായി നിലവിൽ 778 അംഗങ്ങളുണ്ട്; ലോക്സഭയിൽ 534, രാജ്യസഭയിൽ 244.

ഉപരാഷ്ട്രപതിയും, അദ്ദേഹത്തിന്റെ ഓഫീസിലെയും രാജ്യസഭയിലെയും മുതിർന്ന ഉദ്യോഗസ്ഥരും ലോക്സഭ സ്പീക്കറും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസഫണ്ടിലേക്ക് നൽകും.
ആന്ധ്രപ്രദേശിലെ സർക്കാർ ജീവനക്കാരും അധ്യാപകരും പെൻഷൻകാരും ചേർന്ന് 20 കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News