കോട്ടയം ജില്ലയില്‍ പ്രളയജലം വഴിമാറി തുടങ്ങിയതോടെ ജനങ്ങള്‍ ജീവിതത്തിലേക്ക്; ക്യാമ്പുകളില്‍ കഴിയുന്നത് ഒന്നരലക്ഷത്തോളം പേര്‍

കോട്ടയം ജില്ലയില്‍ പ്രളയജലം വഴിമാറി തുടങ്ങിയതോടെ ജനങ്ങള്‍ ജീവിതത്തിലേക്ക്. ഒന്നരലക്ഷത്തോളം പേരാണ് ജില്ലയിലെ 443 ക്യാമ്പുകളില്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യ രക്ഷ ഉറപ്പാക്കുന്നതിനായി 81 മെഡിക്കല്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മറ്റു കുട്ടികള്‍ പുസ്തകങ്ങള്‍ സമ്മാനിക്കുന്ന മാതൃകാപദ്ധതിക്ക് ജില്ലാഭരണകൂടം രൂപം നല്‍കി.

ജില്ലയില്‍ ഇതുവരെയുളള റിപ്പോര്‍ട്ട് അനുസരിച്ച് ആകെ 443 ക്യാമ്പുകളുണ്ട് ഇവിടെ 40143 കുടുംബങ്ങളിലെ 139561 പേരാണ് ക്യാമ്പുകളിലുള്ളത്. പടിഞ്ഞാറന്‍ മേഖലയില്‍ താമസിക്കുന്നവരാണ് ക്യാമ്പുകളിലധികം പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങിയിട്ടുണ്ടെങ്കിലും ഇനി വെള്ളമിറങ്ങാന്‍ ദിവസങ്ങളെടുക്കും.

പ്രളയ ജലം വഴിമാറുന്നതോടെ ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങും. ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇനിയുള്ള കടമ്പ. അതിനുള്ള പദ്ധതികളും തയ്യാറായി കഴിഞ്ഞു.

പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മാറ്റുകുട്ടികള്‍ പുസ്തകങ്ങള്‍ സമ്മാനിക്കുന്ന മാതൃകാപദ്ധതിക്ക് ജില്ലാഭരണകൂടം രൂപം നല്‍കി കഴിഞ്ഞു.

അതേസമയം, പ്രളയ ദുരിതം ബാധിച്ച് ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് 81 മെഡിക്കല്‍ സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് പുറമെ മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍മാരേയും ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ സ്വകാര്യ ഡോക്ടര്‍മാരേയും മെഡിക്കല്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് ഡോക്ടര്‍, രണ്ട് നേഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടുന്ന ഓരോ സംഘവും എല്ലാ ദിവസവും ക്യാമ്പുകളിലെത്തി രോഗ പരിശോധന നടത്തും. എല്ലാത്തരം മരുന്നുകളും ആരോഗ്യ വകുപ്പ് സ്റ്റോക്ക് ചെയ്തിട്ടുണ്ട്.

കുട്ടനാട്ടില്‍ നിന്ന് എത്തിയവര്‍ക്കായി ചങ്ങനാശ്ശേരിയിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളിലെ ആരോഗ്യ ശുചിത്വ പരിപാലനം ഏകോപിപ്പിക്കുന്നതിന് ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

500ല്‍ ലധികം ആളുകളുളള ക്യാമ്പുകളില്‍ കോട്ടയം മെഡിക്കല്‍ കോളേജിന്റെ മാനസിക ചികിത്സാ വദഗ്ദ്ധരും നേഴ്സുമാരും അടങ്ങുന്ന സംഘം, നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സേവനം ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News