യുഎഇ ധനസഹായം സംബന്ധിച്ച് അവ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി; സഹായം സ്വീകരിക്കണോ വേണ്ടയോയെന്നത് കേന്ദ്രതീരുമാനം; സ്വീകരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി – Kairalinewsonline.com
FLASH

യുഎഇ ധനസഹായം സംബന്ധിച്ച് അവ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി; സഹായം സ്വീകരിക്കണോ വേണ്ടയോയെന്നത് കേന്ദ്രതീരുമാനം; സ്വീകരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി

പ്രധാനമന്ത്രി , യുഎഇ ഭരണാധികാരിയുമായി സംസാരിച്ചതാണ്

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് യുഎഇ പ്രഖ്യാപിച്ച ധനസഹായം സംബന്ധിച്ച് അവ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ധനസഹായം സംബന്ധിച്ച് യുഎഇ ഭരണാധികാരിയും പ്രധാനമന്ത്രിയും സംസാരിച്ചതാണെന്നും മോദിയുടെ ട്വീറ്റ് എല്ലാവരും കണ്ടതാണല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഎഇ സഹായിക്കുമെന്ന വാര്‍ത്ത തന്നെ അറിയിച്ചത് ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയാണ്. എന്നാല്‍ സഹായം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും സ്വീകരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 2287 ആയി കുറഞ്ഞെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു. നിലവിലെ ക്യാമ്പുകളില്‍ ഇപ്പോള്‍ 8,69,124 ആളുകളുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ മാസം 8 മുതല്‍ 265 പേര്‍ മരിച്ചു. 7000ഓളം വീടുകള്‍ പൂര്‍ണമായും നശിച്ചു. 50,000ഓളം വീടുകള്‍ ഭാഗികമായി നശിച്ചെന്നും അദ്ദേഹം പറഞ്ഞു.

വീടുകളുടെ ദുരവസ്ഥ മൊബൈല്‍ ആപ്പ് വഴി ശേഖരിക്കും. നാശനഷ്ടങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെ അറിയിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴി സഹായത്തിന് അപേക്ഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളത്തില്‍ മുങ്ങിയ 31 ശതമാനം വീടുകളും വൃത്തിയാക്കി. വീടുകള്‍ ശുചീകരിക്കുന്നത് ഇനിയും തുടരും. മാലിന്യങ്ങള്‍ നീക്കം ചെയ്യുമ്പോള്‍
കരുതല്‍ സ്വീകരിക്കണം.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കി മാലിന്യം നീക്കം ചെയ്യണം. ക്യാമ്പ് വിട്ട് പോകുന്നവര്‍ക്ക് 10,000 രൂപ
ധനസഹായം നല്‍കും. ഇത് ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതില്‍ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് വൃത്തിയാക്കുമ്പോള്‍ മാലിന്യം ജലാശയങ്ങളിലോ പൊതുഇടങ്ങളിലോ തള്ളരുത്. ഇത് ശേഖരിച്ച് പൊതുവായ സ്ഥലത്ത് നിക്ഷേപിക്കണം. ഇതിന് വേണ്ടി അതത് പഞ്ചായത്തുകള്‍ സ്ഥലം കണ്ടെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്.

വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് ലഭിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. ദുരിതത്തെ നേരിടാന്‍ തിരുവോണ ദിവസം പോലും അവധിയെടുക്കാതെയാണ് വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ചെറിയ കുട്ടികള്‍ പോലുമെത്തുന്നുണ്ട്. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ ആളുകളെ തടഞ്ഞുനിറുത്തി നിര്‍ബന്ധിത പിരിവ് നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ദുരിതാശ്വാസത്തിന്റെ മറവില്‍ ചൂഷണം അനുവദിക്കില്ല. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാഹചര്യം മുതലെടുക്കുന്ന സ്വകാര്യ ഇടപാടുകള്‍ തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

To Top