തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ഒറ്റക്കെട്ടായി നടന്ന രക്ഷാപ്രവര്‍ത്തനത്തെ അഭിനന്ദിച്ച് കേന്ദ്ര സേനകള്‍.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഏകോപനം മികവുറ്റതായിരുന്നെന്ന് കര നാവിക വ്യോമ സേനകളും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇതുവരെ രാജ്യത്ത് നടന്നതില്‍ വച്ച് വലിയ രക്ഷാപ്രവര്‍ത്തനമാണ് സംസ്ഥാനത്തെ പ്രളയക്കെടുതില്‍ കേന്ദ്ര സേനകള്‍ നടത്തിയത്. മുഖ്യമന്ത്രി മുന്നില്‍നിന്ന് നയിച്ചത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കി. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടന്ന ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് ഓപ്പറേഷന്‍ വിജയിക്കാന്‍ കാരണമെന്ന് സതേണ്‍ എയര്‍ കമാന്റ് എയര്‍ മാര്‍ഷല്‍ ബി.സുരേഷ് പറഞ്ഞു

അപകട മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു കരസേനയുടെ പ്രവര്‍ത്തനം. ഭൂരിഭാഗം പേരെയും ജീവനനോടെ രക്ഷിക്കാനുള്ള ദൗത്യം വിജയിച്ചതില്‍ സന്തോഷമുണ്ടെന്ന് പാങ്ങോട് സ്റ്റേഷന്‍ കമാന്‍ഡര്‍ ഇഏ അരുണ്‍ പറഞ്ഞു.

കാലാവസ്ഥ, പ്രളയത്തിന്റെ തീവ്രത എന്നിവ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലമായിരുന്നു. എന്നാല്‍ കേന്ദ്ര സേനയ്‌ക്കൊപ്പെം മത്സ്യത്തൊഴിലാളികളില്‍ നിന്നുള്‍പ്പെടെ ലഭിച്ച സഹായം വളരെ ഉപകാരപ്പെട്ടതായി കോസ്റ്റ് ഗാര്‍ഡും നേവിയും അഭിപ്രായപ്പെട്ടു.

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ സാഹചര്യത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനത്തിലും പരമാവധി സഹായം സര്‍ക്കാരിന് നല്‍കുമെന്ന് കേന്ദ്ര സേനകള്‍ വ്യക്തമാക്കി. ഒപ്പം ദുരന്തത്തെ നേരിട്ടതിലെ കേരള ജനതയുടെ ഐക്യത്തെ അഭിനന്ദിക്കുകയും ചെയ്തു.