ബാലപീഡകരെ സംരക്ഷിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ രാജിവയ്ക്കണം; സഭയ്ക്കുള്ളില്‍ പ്രതിഷേധം ശക്തം

വത്തിക്കാന്‍: ബാലപീഡന ആരോപണം നേരിട്ട വാഷിംഗ്ടണ്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തിയോഡോര്‍ മക് കാരികിനെ സംരക്ഷിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ രാജിവെയ്ക്കണമെന്ന് കാതോലിക്ക സഭയില്‍ നിന്ന് തന്നെ ആവശ്യം.

വത്തിക്കാനിലെ മുന്‍ പ്രതിനിധി സഭാംഗമായ ആര്‍ച്ച് ബിഷപ്പും അമേരിക്കിയിലെ മുന്‍ വത്തിക്കാന്‍ അംബാസിഡറുമായിരുന്ന കാര്‍ലോ മരിയ വിഗാനോയാണ് മാര്‍പ്പാപ്പയ്‌ക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തത്.

വാഷിംഗ്ടണ്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ തിയോഡോര്‍ മക് കാരികിനെതിരെ 2013ല്‍ ലൈംഗികപീഡന ആരോപണം ഉയര്‍ന്നിരുന്നു.

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വ്യക്തമായ സ്വാധീനമുള്ള മക് കാരിക് അള്‍ത്താര ബാലന്മാരിലൊരാളെ ലൈംഗികചൂഷണം ചെയ്തു എന്നായിരുന്നു ആരോപണം. പുരോഹിതരോടും അച്ചന്‍ പട്ടത്തിന് പഠിക്കുന്നവരോടുമുള്ള കര്‍ദിനാളിന്റെ മോശം പെരുമാറ്റം പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മാര്‍പാപ്പ അവഗണിച്ചു.

ഇത് സംബന്ധിച്ച് ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവരം മാര്‍പാപ്പയെ അറിയിച്ചെന്നും എന്നാല്‍ അദ്ദേഹം നടപടികളൊന്നും സ്വീകരിച്ചില്ലെന്നുമാണ് കാര്‍ലോ മരിയ വിഗാനോ ആരോപിക്കുന്നത്.

മാത്രവുമല്ല കര്‍ദിനാളിനെതിരെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ എടുത്ത നടപടികള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ റദ്ദാക്കിയെന്ന ഗുരുതര ആരോപണവും ബിഷപ്പ് കാര്‍ലോ മരിയ വിഗാനോ ഉന്നയിച്ചിട്ടുണ്ട്.

കര്‍ദിനാളുമാര്‍ക്കും ബിഷപ്പുമാര്‍ക്കും മാതൃകയാകേണ്ട മാര്‍പാപ്പ ബാലപീഡകരെ സംരക്ഷിക്കുന്ന നയമാണ് അന്ന് കൈക്കൊണ്ടതെന്നും കാര്‍ലോ വിഗാനോ പുറത്തിറക്കിയ 11 പേജുള്ള വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ആരോപണവിധേയനായ കര്‍ദിനാള്‍ മക് കാരിക് കഴിഞ്ഞ മാസമാണ് ഔദ്യോഗികചുമതലകളില്‍ നിന്ന് വിരമിച്ചത്.

പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാത്തത് വേദനാജനകവും സഭയ്ക്ക് നാണക്കേടുമാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്കെതിരെ സഭയ്ക്കകത്ത് നിന്നുള്ള അപ്രതീക്ഷിത നീക്കം.

ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു മാര്‍പാപ്പയുടെ മറുപടി. കാര്‍ലോ മരിയ വിഗാനോയുടെ ആരോപണങ്ങള്‍ക്കുള്ള മറുപടി ആ പ്രസ്താവനയില്‍ തന്നെയുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here