ലോകം കാത്തിരിക്കുകയാണ്; ആ `പ്രാകൃത’ ചരിത്രകാരന്‍റെ പുതിയ പുസ്തകം ഇന്നിറങ്ങുമോ?

രണ്ടേ രണ്ട് പുസ്തകങ്ങളിലൂടെ ലോകത്തെ ഞെട്ടിത്തരിപ്പിച്ച ഇസ്രായേലി ചിന്തകന്‍ യുവാന്‍ നോവ ഹരാരിയുടെ പുസ്തകം ഇന്നിറങ്ങുമോ?
ഹരാരിയുടെ പ്രക്ഷോഭകരമായ പുസ്തകം `ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് 21 പാഠങ്ങള്‍’ ആഗസ്ത് 30ന് പുറത്തിറങ്ങുമെന്നാണ് നേരത്തെ പ്രഖ്യാപനമുണ്ടായത്.

മനുഷ്യ ചരിത്രത്തെക്കുറിച്ച് മനുഷ്യ ചിന്തകള്‍ ഇതുവരെയും കടന്നെത്തിയിട്ടില്ലാത്ത ലക്ഷക്കണക്കിന് വര്‍ഷം മുമ്പുള്ള കാര്യങ്ങളാണ് ഹരാരി പറഞ്ഞുകൊണ്ടിരുന്നത് .

നിലവിലുള്ള സകല ധാരണകളെയും അട്ടിമറിച്ചതുകൊണ്ടാണ് ലോകം അത് ഏറ്റെടുത്തത്.

യുവാല്‍ നോഹ ഹരാരിയുടെ അഭിപ്രായത്തില്‍ ആധുനിക സമ്പദ് വ്യവസ്ഥയേക്കാള്‍ ആകര്‍ഷകമായിരുന്നു പഴയ വേട്ടക്കാരുടെ സമ്പദ് വ്യവസ്ഥ. അദ്ദേഹം ഇങ്ങനെ എ‍ഴുതുന്നു:

“ആധുനിക മനുഷ്യന്‍ കാലത്ത് എഴുനേറ്റ് പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം എട്ടുമണിയോടുകൂടി തന്‍റെ ജോലിസ്ഥലത്തേക്ക് യാത്രതിരിക്കുന്നു. സ്ഥിരം കടന്നുപോവുന്ന എല്ലാ മാലിന്യങ്ങള്‍ക്കും ഇടയിലൂടെ അയാള്‍ തന്‍റെ ജോലിസ്ഥലത്ത് എത്തുന്നു. അവിടെ എത്തിച്ചേര്‍ന്നാലോ, എന്നും ചെയ്യുന്ന വിരസമായ അതേ ജോലി തന്നെ ചെയ്ത് മണിക്കൂറുകള്‍ തള്ളിനീക്കുന്നു. വൈകുന്നേരം ആറുമണിയോടുകൂടി വീട്ടില്‍ തിരിച്ചെത്തുന്ന അയാള്‍ ഭക്ഷണം പാകം ചെയ്യാനും, മറ്റു വീട്ടുജോലികള്‍ക്കുമായി ബാക്കി സമയം നീക്കിവെക്കുന്നു.

എന്നാല്‍ മുപ്പതിനായിരം കൊല്ലങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന വേട്ടക്കരായ നമ്മുടെ പൂര്‍വ്വീകരോ? അവര്‍ രാവിലെ എട്ടോടുകൂടി താവളങ്ങള്‍ വിട്ടു സംഘമായി കാടു കയറിയിരിക്കാം. തലേന്ന് വെട്ടിയ മിന്നലില്‍ മുളച്ച കൂണുകള്‍ കൊത്തിയും, ഫലവൃക്ഷങ്ങളില്‍ വലിഞ്ഞു കയറിയും, ആടിനെയോ മാനിനെയോ എറിഞ്ഞുവീഴ്ത്തിയും, കടുവയെയോ പുലിയെയോ കാണുമ്പോള്‍ ഓടിയോളിച്ചും അവര്‍ സമയം ചിലവിട്ടിരിക്കാം.

ഉച്ചതിരിയുന്നതോടുകൂടി താവളങ്ങളില്‍ തിരിച്ചെത്തിയിരുന്ന അവര്‍ക്ക് ഭക്ഷണം പാകം ചെയ്യുവാനും, കഥകളും പരദൂഷണങ്ങളും പറയുവാനും, കുട്ടികളോടൊപ്പം കളിക്കുവാനും, കലാ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും, വ്യഭിചരിക്കുവാനും ഒക്കെ ധാരാളം സമയം ബാക്കി.

നരി പിടിച്ചോ പാമ്പുകടിച്ചോ ഇടക്കിടക്ക് ആളുകള്‍ മരിച്ചുവീണിരിക്കാം. പക്ഷെ അപ്പോള്‍ അവര്‍ക്ക് വാഹനാപകടങ്ങളെയോ, കീടനാശിനികളെയോ ഭയക്കേണ്ടിയിരുന്നില്ല. എത്ര മനോഹരമായ ജീവിതങ്ങള്‍, എന്നാല്‍ ഇതൊക്കെ തലകീഴ് മറിഞ്ഞത് ഏതാണ്ട് പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. മനുഷ്യര്‍ തങ്ങളുടെ സമയത്തിന്റെ നല്ലൊരു ഭാഗം ചില സസ്യങ്ങളുടെയും, ജന്തുക്കളുടെയും പരിപാലനത്തിനായി ഉഴിഞ്ഞുവെക്കാന്‍ ആരംഭിച്ചപ്പോള്‍” (History’s Biggest Fraud)

. ക്രിസ്തുവിനു മുന്‍പ് 9500 മുതല്‍ 8500 വരെ വര്‍ഷങ്ങള്‍ക്ക് ഇടയില്‍ തെക്കു-കിഴക്കന്‍ തുര്‍ക്കിയില്‍ ആണ് കൃഷിയുടെ ആരംഭം. ഗോതമ്പ് ആയിരുന്നു മനുഷ്യന്‍ ആദ്യമായി കൃഷി ചെയ്ത ധാന്യം. മനുഷ്യന്‍റെ ജീവിതം കൂടുതല്‍ എളുപ്പം ആക്കുന്നതിനു പകരം അവനെ കൂടുതല്‍ കഷ്ടതകളിലേക്കും അസംതൃപ്തിയിലേക്കും തള്ളിയിടുകയാണ് കൃഷി ചെയ്തതെന്ന് ഹരാരി എ‍ഴുതുന്നു.

കൃഷിക്കാരെക്കാള്‍ ആരോഗ്യകരമായ ജീവിതം നയിച്ചിരുന്നവരായിരുന്നുവത്രേ വേട്ടക്കാര്‍. വേട്ടയാടി നടന്നിരുന്ന മനുഷ്യന്‍റെ ശരാശരി ആയുസ്സ് 30 മുതല്‍ 40 വയസ്സ് വരെയാണ്. എന്നാല്‍ ശിശു മരണ നിരക്ക് 10 മുതല്‍ 20 ശതമാനം വരെയും.

നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ ഇരുപതു കുട്ടികള്‍ മരിക്കുന്ന ഒരു സമൂഹത്തില്‍ ശരാശരി ആയുസ്സ് 40 വയസ്സ് എന്ന് പറയുമ്പോള്‍, തീര്‍ച്ചയായും കുട്ടിക്കാലം തരണം ചെയ്യുന്ന ഒരു വ്യക്തി 70 വയസ്സ് വരെയെങ്കിലും ജീവിച്ചിരിക്കണം. വേട്ടക്കാര്‍ക്ക് പട്ടിണിയോ പോഷകാഹാരക്കുറവോ നേരിടേണ്ടി വന്നിട്ടില്ല എന്നും ഹരാരി മുന്നോട്ടുവെക്കുന്ന വാദമാണ്.

നമ്മള്‍ അരിയേയും, ഗോതമ്പിനെയും മറ്റും മെരുക്കുകയായിരുന്നോ അതോ ഇവയൊക്കെക്കൂടെ നമ്മളെ മെരുക്കുകയായിരുന്നോ എന്നതാണ് ഹരാരിയുടെ ചോദ്യം. പ്രകോപനപരമായ ചിന്തകളുമായി വേട്ടയ്ക്കിറങ്ങിയിരിക്കുകയാണ് നാല്‍പ്പത്തിയൊന്നുകാരനായ ഈ `പ്രാകൃത’ ചരിത്രകാരന്‍.

Sapiens: A Brief History of Humankind, Homo Deus: A Brief History of Tomorrow എന്നിവയാണ് ഹരാരിയുടെ സ്ഫോടനാത്മക ചിന്തകള്‍ പ്രവഹിക്കുന്ന പുസ്തങ്ങള്‍. 21 Lessons for the 21st Century ആണ് ലോകം ഇനി കാത്തിരിക്കുന്ന ഹരാരിയുടെ പുസ്തകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News