ചൂടെടുക്കും എന്ന കാരണത്താലാണ് പലരും ഹെല്‍മറ്റ് വെയ്ക്കാന്‍ വിമുഖത കാട്ടുന്നത്. എന്നാല്‍ അത്തരക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി ഇതാ രാജ്യാന്തര ഹെല്‍മറ്റ് നിര്‍മ്മാതാക്കളായ ഫെഹര്‍ എത്തുകയാണ്.

ഹെല്‍മറ്റിനകത്ത് ശീതീകരണ സംവിധാനം ഉള്‍പ്പെടുത്തിയാണ് ഫെഹര്‍ ഈ പ്രശ്നം പരിഹരിക്കുന്നത്. ലോകത്തെ ആദ്യ എസി ഹെല്‍മറ്റായിരിക്കും ഇത്.

ACH-1 എന്നാണ് ഹെല്‍മറ്റിന് നല്‍കിയിരിക്കുന്ന പേര്. ണിജ്യാടിസ്ഥാനത്തില്‍ എസി ഘടിപ്പിച്ച് വിപണിയില്‍ എത്തുന്ന ആദ്യ ഹെല്‍മറ്റാണിത്.

തെര്‍മോഇലക്ട്രിക് ടെക്‌നോളജിയുടെ പിന്‍ബലത്തിലാണ് എസി ഹെല്‍മറ്റ് തയ്യാറാവുന്നത്. ആഢംബര കാറുകളില്‍ സീറ്റുകള്‍ തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന അതേ ടെക്‌നോളജിയാണിത്.

ഹെല്‍മറ്റിന്റെ എല്ലാഭാഗങ്ങളിലും തണുത്ത വായു എത്തിക്കാന്‍ തെര്‍മോഇലക്ട്രിക് ടെക്‌നോളജിക്ക് കഴിയും. ചൂട് പത്തു മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ ACH-1 ഹെല്‍മറ്റിന് കഴിയുമെന്ന് നിര്‍മ്മാതാക്കളായ ഫെഹര്‍ അവകാശപ്പെടുന്നു.

ഹെല്‍മറ്റിലേക്ക് കടന്നുകയറുന്ന ചൂടുവായുവിനെ സ്‌പേസ് ഫാബ്രിക്ക് തണുപ്പിക്കും. നിലവില്‍ 599 ഡോളറാണ് ഹെല്‍മറ്റിന് നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിരിക്കുന്ന വില. ഇന്ത്യയിലെത്തുമ്പോള്‍ ഏകദേശം 42,000 രൂപ വില വരും.