തരംഗമായി എസ്എഫ്എെ; തകര്‍ന്നടിഞ്ഞ് കെഎസ്‌യു; കണ്ണൂര്‍ സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്എെക്ക് വന്‍ മുന്നേറ്റം

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ എസ്എഫ്ഐക്ക് വൻ മുന്നേറ്റം.

കഴിഞ്ഞ വർഷം കെ എസ് യു വിജയിച്ച മാടായി കോളേജ്, ഇരിട്ടി എം ജി കോളേജ്, എടതൊട്ടി ഡീപോൾ കോളേജും കഴിഞ്ഞ വർഷം വിവാദമായ പയ്യന്നൂർ കോളേജിലും ചെണ്ടയാട് എം ജി കോളേജിലും മുഴുവൻ സീറ്റിലും വിജയിച്ച് യൂണിയൻ ഭരണം തിരിച്ച് പിടിച്ചു.

കെ എസ് യു – എം എസ് എഫ് സംഖ്യം ചേർന്ന് മത്സരിച്ച കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചു.

കണ്ണൂർ എസ് എൻ കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജ്, പെരിങ്ങോം ഗവൺമെൻറ് കോളേജ്, തലശ്ശേരി ഗവൺമെൻറ് കോളേജ് ചൊക്ലി, വീർപാട് എസ് എൻ കോളേജ്, തോട്ടട എസ് എൻ ജി, ശ്രീകണ്ഠാപുരം എസ് ഇ എസ് സെൽഫിനാൻസ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചു.

പൈസക്കരി ദേവമാതാ കോളേജിലും എട്ടിൽ അഞ്ച് സീറ്റ് നേടി യൂണിയൻ ഭരണം നിലനിർത്തി. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ നാല് സീറ്റിലും തളിപ്പറമ്പ് സർ സയിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ 3 സീറ്റിലും എസ് എഫ് ഐ വിജയിച്ചു.

സമരോത്സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാർത്ഥിത്വം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇത്തവണ എസ് എഫ് ഐ തെരെഞ്ഞടുപ്പ് പ്രചരണം നടത്തിയത്.

എർണാകുളം മഹാരാജാസ് കോളേജിൽ മതതീവ്രവാദികൾ അരുംകൊല ചെയ്ത അഭിമന്യുവിന്റെ ഓർമ്മകൾ ഇരമ്പുന്ന കലാലയങ്ങളിൽ അഭിമന്യുവിന്റെ പ്രാസ്ഥാനം എസ് എഫ് ഐ യെ വിദ്യാർത്ഥികൾ ഒന്നടങ്കം നെഞ്ചേറ്റുകയാണ്.

കണ്ണൂർ സർവ്വകലാശാല യുണിയൻ തെരഞ്ഞെടുപ്പിൽ കെ എസ് യു -എംഎസ്എഫ് സഖ്യത്തെ 23ന് എതിരെ 76 വോട്ടുകൾ നേടിയാണ് 20 മത് തവണയും എസ് എഫ് ഐ സർവ്വകലാശാല യൂണിയൻ വിജയിച്ചത്.

നേരത്തെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് അന്തിമ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്കും 24 കോളേജിൽ എസ് എഫ് ഐ എതിരില്ലാതെ കോളേജ് യൂണിയൻ വിജയിച്ചു.

ശ്രീകണ്ഠാപുരം എസ് ഇ എസ്, മാത്തിൽ ഗുരുദേവ്, കുറ്റൂർ ആദിത്യകിരൺ, പയ്യന്നൂർ ഡബ്ല്യൂ എച്ച് ഒ, പയ്യന്നൂർ നെസ്റ്റ് കോളേജ്, സ്വാമി ആനന്ദ തീർത്ഥ കാമ്പസ് പയ്യന്നൂർ, പിലാത്തറ കോ-ഓപ്പകോളേജ്, നെരുവമ്പ്രം ഐഎച്ച്ആർഡി, മോറാഴ കോളേജ്, കാഞ്ഞിരങ്ങാട് കോളേജ്, പട്ടുവം ഐഎച്ച്ആർഡി, ഔവ്വർ കോളേജ് തിമിരി,

ഇരിട്ടി ഇ എം എസ് ഐഎച്ച്ആർഡി, കൂത്തുപറമ്പ് എംഇഎസ്, പിണറായി ഐഎച്ച്ആർഡി, പുറക്കളം ഐഎച്ച്ആർഡി, ആംസ്റ്റാക്ക് കല്ല്യാശ്ശേരി, മാങ്ങാട്ടുപറമ്പ് സർവ്വകലാശാല കാമ്പസ്, ഐടിഎം ആർട്സ് ആൻഡ് സയൻസ് കോളേജ് മയ്യിൽ, ഐടിഎം ഇൻസ്റ്റിറ്റ്യൂട്ട് മയ്യിൽ.

എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ വിജയിച്ചു. തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ്, ചൊക്ലി ഗവ.കോളേജ് എന്നിവിടങ്ങളിൽ ഭൂരിഭാഗം മേജർ സീറ്റുകളിലും എതിരില്ലാതെ വിജയിച്ചിരുന്നു.

ഇതോടെ ജില്ലയിലെ 55 യു യു സി മാരിൽ 45 ലും, കാസർഗോഡ് ജില്ലയിൽ 21 ൽ 18 യു യു സിയും എസ് എഫ് ഐ വിജയിച്ചു.

വയനാട് ജില്ലയിൽ പ്രളയം കാരണം സെപ്തംബർ 7 നാണ് തെരഞ്ഞെടുപ്പ്. എങ്കിലും നിലവിൽ യു യു സിമാരുടെ എണ്ണം പ്രകാരം വരാനിരിക്കുന്ന 21മത് സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലും സെനറ്റ് തെരഞ്ഞെടുപ്പിലും വിജയം ഉറപ്പിച്ചു.

എസ്എഫ്ഐയെ വിജയിപ്പിച്ച മുഴുവൻ വിദ്യാർത്ഥികളെയും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News