നവകേരള നിർമ്മിതിക്കായി ‘നവകേരള ഭാഗ്യക്കുറി: ടിക്കറ്റ് പ്രകാശനം നാളെ (03.09.2018) ആലപ്പുഴയിൽ

ആലപ്പുഴ: പ്രളയ ദുരിതാശ്വാസത്തിനും കേരളത്തിന്റെ പുനർനിർമ്മിതിക്കും ധനസമാഹരണത്തിനായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ‘നവകേരള’ ഭാഗ്യക്കുറി ടിക്കറ്റ് നാളെ (03.09.2218) പ്രകാശനം ചെയ്യും.

ആലപ്പുഴ രജിസ്‌ട്രേഷൻ സമുച്ചയത്തിനു സമീപത്തെ സ്ത്രീസൗഹൃദ കേന്ദ്രത്തിൽ (ജെൻഡർ പാർക്ക്) നടക്കുന്ന ചടങ്ങിൽ രാവിലെ 10ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആദ്യ ടിക്കറ്റ് കൈമാറും.

പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ അധ്യക്ഷനാകുന്ന ചടങ്ങിൽ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ ആദ്യ വിൽപന നിർവ്വഹിക്കും.

ജനപ്രതിനിധികൾ, തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. നവകേരള ഭാഗ്യക്കുറിയിലൂടെ പരമാവധി 85 കോടി രൂപ അറ്റാദായമായി സമാഹരിക്കാനാണ് ഉദ്ദേശ്യം.

ഈ തുക പൂർണ്ണമായും ദുരിതാശ്വാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. സാധാരണ ഭാഗ്യക്കുറിയിൽ നിന്നും വ്യത്യസ്തമായി വലിയ സമ്മാനങ്ങൾ ഇല്ലാതെയാണ് ‘നവകേരള’ ഭാഗ്യക്കുറിയുടെ സമ്മാനഘടന നിശ്ചയിച്ചിട്ടുളളത്.

ഒന്നാം സമ്മാനമായി ഒരു ലക്ഷംരൂപ വീതം 90 പേർക്ക് ലഭിക്കും. 5000 രൂപ വീതമുളള 100000 സമ്മാനങ്ങളും നൽകും. 250 രൂപയാണ് ടിക്കറ്റ് വില. ഒക്ടോബർ മൂന്നിന് നറുക്കെടുക്കും.

ഭാഗ്യക്കുറിയുടെ സ്ഥിരം ഏജന്റുമാർക്ക് പുറമെ, താല്പര്യമുള്ള വ്യക്തികൾ, സന്നദ്ധ സാംസ്‌കാരിക സംഘടനകൾ, സർവ്വീസ് സംഘടനകൾ, ക്ലബുകൾ, സ്‌കൂൾ-കോളേജ് പി.ടി.എകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ തുടങ്ങിയവയ്ക്ക് ‘നവകേരള’ ഭാഗ്യക്കുറി വില്പനയ്ക്കായി താത്കാലിക ഏജൻസി ലഭിക്കും.

സൗജന്യമായാണ് ഏജൻസി ലഭിക്കുക. ഇതിനായി ചുമതലപ്പെട്ടവർ ആധാർ കാർഡ്/വിലാസം തെളിയിക്കുന്ന രേഖയുമായി അതത് ജില്ല, സബ് ഓഫീസിൽ ബന്ധപ്പെടണം.

ഇതിനായി പ്രത്യേക സംവിധാനം എല്ലാ ഭാഗ്യക്കുറി ഓഫീസുകളിലും ഒരുക്കിയിട്ടുണ്ട്. ടിക്കറ്റിന് 25ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here