എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കുക; പ്രതിരോധ മരുന്നുകള്‍ കഴിക്കുക: മുഖ്യമന്ത്രി പിണറായി

മഴക്കെടുതികൾക്ക് ശേഷം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ എലിപ്പനി ബാധിക്കാതിരിക്കുവാൻ
ആരോഗ്യ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോയവരും നിര്‍ബന്ധമായും ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനിയ്ക്കുള്ള പ്രതിരോധ ഗുളികയായ 200 എം.ജി. ഡോക്‌സിസൈക്ലിന്‍ കഴിക്കണം.

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാത്രമായി ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ വഴി പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കും. എല്ലാ ക്യാമ്പുകളിലും പ്രതിരോധ ഗുളികകള്‍ ആരോഗ്യ വകുപ്പ് നല്‍കിയിരുന്നെങ്കിലും പലരും കഴിക്കാന്‍ വിമുഖത കാട്ടിയിരുന്നു. അവര്‍ എത്രയും വേഗം പ്രതിരോധ ഗുളികൾ കഴിക്കാൻ തയ്യാറാകണമെന്നും അഭ്യർത്ഥിക്കുന്നു.

കൂടാതെ പ്രതിരോധ മരുന്നുകള്‍ കഴിച്ചവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കയ്യുറയും കാലുറയും ഉള്‍പ്പെടെയുള്ള സ്വയം പരിരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

രോഗം മൂര്‍ഛിച്ചവര്‍ക്ക് പലര്‍ക്കും പെന്‍സിലിന്‍ ചികിത്സ ആവശ്യമായി വരും. താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ ആശുപത്രികളിലും പെന്‍സിലിന്റെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.

സ്വയം ചികിത്സയും ചികിത്സിക്കാനുള്ള കാലതാമസവും എലിപ്പനി ഗുരുതരാവസ്ഥയിലെത്തിക്കും. സമയബന്ധിതമായി പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ എലിപ്പനിയെ ഫലപ്രദമായി നേരിടാൻ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here