രാജീവ് ഗാന്ധി വധം; പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീംകോടതി

ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്.

2016ല്‍ എല്ലാ പ്രതികളെയും വിട്ടയക്കാന്‍ തീരുമാനിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് തീരുമാനം.

രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ ദയാഹര്‍ജി തമിഴ്‌നാട് ഗവര്‍ണര്‍ പരിഗണിക്കണമെന്നായിരുന്നു സുപ്രീകോടതി ഉത്തരവ്.

പ്രതികളെ മോചിതരാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തമിഴ്‌നാട് സര്‍ക്കാരിന് ഗവര്‍ണറെ സമീപിക്കാമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി അധ്യക്ഷനായ രണ്ടംഗ ബെഞ്ച് പറഞ്ഞു.

ഇതോടെ 27 വര്‍ഷമായി ജയിലില്‍ കഴിയുന്ന മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നീ 7 പ്രതികളുടെ ജയില്‍ മോചനത്തിനാണ് വഴിയൊരുങ്ങുന്നത്.

പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി നേരത്തെ ജീവപര്യന്തമാക്കി കുറച്ചിരുന്നു. പിന്നീട് 2016ല്‍ ജയലളിത സര്‍ക്കാര്‍ എല്ലാ പ്രതികളേയും വിട്ടയക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ഭരണഘടനയുടെ 161ാം അനുഛേദ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ചായിരുന്നു പ്രതികളെ വിട്ടയക്കാനുള്ള തീരുമാനം. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഈ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായകമായ ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here