അഞ്ച് രൂപ പരമാവധി ഫീസ്; സൈക്കിളില്‍ യാത്ര; നാട്യങ്ങളില്ലാതെ ഡോക്ടര്‍ ധര്‍മ്മരാജന്‍

കാലം മാറി. കേരളത്തിന്റെ ചികിത്സാ സംസ്‌കാരം മാറി. കൊടുങ്ങല്ലൂരിലെ ഡോക്ടര്‍ ധര്‍മ്മരാജനെ പോലുള്ളവരെ ഇപ്പോള്‍ എത്ര പേര്‍ ഓര്‍ക്കുന്നു? ഒരു ഗ്രാമത്തിന്റെ മിടിപ്പുകളറിഞ്ഞ ആ സ്റ്റെതസ്‌ക്കോപ്പ് എവിടെയാണ്?

പ്രശസ്ത ഫോട്ടോഗ്രഫര്‍ കെ ആര്‍ സുനില്‍ നാട്യങ്ങളില്ലാത്ത ഒരു പാവം ഡോക്ടറെ ഫേസ് ബുക്കിലൂടെ പരിചയപ്പെടുത്തുകയാണ്.

ഡോക്ടര്‍ ധര്‍മ്മരാജന്‍

നാട്ടിലെ പായച്ചന്തക്കരികിലായി തണല്‍മരത്തിനു കീഴെ പഴയ കെട്ടിടത്തിന്റെ ഒരറ്റത്ത് മരുന്നിന്റെ മണമുള്ള ക്ലിനിക്കുണ്ടായിരുന്നു.

ആളുകളവിടെ കയ്യില്‍കരുതിയ കുപ്പികളുമായി ഡോക്ടറെ കാണാന്‍ കാത്തുനില്‍ക്കുന്നത് കുട്ടിക്കാലംമുതലുള്ള കാഴ്ചയും. ഡോക്ടര്‍ തരുന്ന ‘മിക്‌സ്ചര്‍’ എന്ന പ്രത്യേകരുചിയുള്ള മരുന്നും ആവശ്യമെങ്കില്‍ മാത്രംലഭിക്കുന്ന ഗുളികകളുംകഴിച്ചാല്‍ സകലരോഗങ്ങളും മാറുമെന്ന് നാട്ടുകാര്‍ വിശ്വസിച്ചു.
ഇത്രയധികമൊന്നും അസുഖങ്ങളില്ലാത്ത കാലമായിരുന്നു അത്.

മഴക്കാലത്ത്, പ്രത്യേകിച്ച് കര്‍ക്കിടക നാളുകളില്‍ ക്ലിനിക്കിനുമുന്നില്‍ തിരക്കേറും. തീരെ പതിഞ്ഞശബ്ദത്തില്‍ സംസാരിക്കുന്ന, സാധുവായ ഡോക്ടര്‍ക്ക് നാട്ടിലെ ഓരോ മനുഷ്യരേയും അടുത്തറിയാമായിരുന്നു. പലരും അവരുടെ വീടുകളിലെ ചടങ്ങുകള്‍ക്ക് അദ്ദേഹത്തെ ക്ഷണിക്കും, ആള്‍ക്കുട്ടത്തിന്റെ പിറകിലായി നിശബ്ദനായി ഡോക്ടര്‍ നില്‍കുന്നുണ്ടാകും.

യാതൊരു നാട്യങ്ങളുമില്ലാത്ത, നാട്ടിലെ ഒരേയൊരു ഡോക്ടറെക്കുറിച്ച് രണ്ടു തലമുറയിലുള്ളവര്‍ക്ക് ഏറെ പറയാനുമുണ്ടാകും.

കൊടുങ്ങല്ലൂര്‍ നഗരപരിസരത്തുള്ള വീട്ടില്‍ നിന്നാണ് സൈക്കളിലും ചിലപ്പോള്‍ സ്‌കൂട്ടറിലുമായി ഡോക്ടര്‍ എത്തിയിരുന്നത്. ഇരുഭാഗത്തും കൈതകളുള്ള അന്നത്തെ വീതികുറഞ്ഞ റോഡിലൂടെയായിരുന്നു യാത്ര. ഒരുസ്‌കൂട്ടറില്‍ എത്ര പതിയെ പോകാമെന്നതിന് തെളിവായിരുന്നു അദ്ദേഹത്തിന്റെ യാത്രകളോരോന്നും!

പ്രത്യേകതയുള്ള തടിച്ച പേനയായിരുന്നു ഡോക്ടറുടേത്. എഴുതുമ്പോള്‍ ആവശ്യത്തിലേറെ ഊര്‍നിറങ്ങുന്ന മഷിയെ മറ്റൊരു കടലാസുകൊണ്ട് സാവധാനത്തില്‍ ഒപ്പിമാറ്റുന്നത് കൗതുകമുള്ള കാഴ്ചയും!. ‘ധര്‍മ്മരാജന്റെ പേനപോലെ’ എന്ന പ്രയോഗംപോലും അന്ന് നാട്ടിലുണ്ടായിരുന്നു. കുട്ടികളുടെ ദേഹത്ത് സൂചിവെക്കേണ്ടിവരുമ്പോള്‍ ഏറേ വേദനിച്ചിരുന്നത് ഡോക്ടര്‍ക്കു തന്നെയായിരുന്നു.

അഞ്ചുരൂപയായിരുന്നു പരമാവധി ഫീസ്.! മരുന്ന് കൂടുതല്‍ തരേണ്ടിവരുമ്പോള്‍ ഒന്നോരണ്ടോ രൂപ അധികം പറയാനാകാതെ ഡോക്ടര്‍ ‘ധര്‍മ്മസങ്കട’ത്തിലാവുന്നതിന് പലപ്പോളും സാക്ഷിയാകേണ്ടി വന്നിട്ടുമുണ്ട്.

കാലം മാറിയപ്പോള്‍ നാട്ടിലെ പായച്ചന്തയുടെ പ്രതാപവുംകഴിഞ്ഞു. ഗള്‍ഫിലേക്ക് തൊഴില്‍ തേടിപ്പോയവരുടെ പണം നാടിനെ മാറ്റിമറിച്ചു. ചന്തക്കരികിലെ തണല്‍മരവും ഓടുമേഞ്ഞ കെട്ടിടവും ഓര്‍മ്മയായി. കുറച്ചുമാറിയുള്ള സ്‌കൂളിനു മുന്നിലെ ഒറ്റമുറിക്കെട്ടിടത്തിലേക്ക് ഡോക്ടര്‍ തന്റെ ക്ലിനിക് മാറ്റി. അവിടേയും ഡോക്ടറെ കാണാന്‍ ആളുകളെത്തി. സ്‌കൂളില്‍ നിന്നുവരുന്ന കുട്ടികളെ അദ്ദേഹം സൗജന്യമായി ചികിത്സിച്ചു.

പിന്നീട്, ആളുകളുടെ ജീവിതരീതികളില്‍ വന്ന മാറ്റങ്ങള്‍ പുതിയ പല രോഗങ്ങള്‍ക്കും കാരണമായി. നാട്ടില്‍ പുതിയ ഡോക്ടര്‍മാരും മെഡിക്കല്‍ഷോപ്പുകളും ലാബുകളും വന്നു. നഗരങ്ങളിലെ വലിയ ഹോസ്പിറ്റലുകളുടെ പരസ്യങ്ങള്‍ പലയിടങ്ങളിലും കണ്ടു. ചില ആധുനിക രോഗങ്ങള്‍ തനിക്കുണ്ടെന്ന് വീമ്പു പറയുന്നവരെപ്പോലും കണ്ടുമുട്ടി. ഇതിനിടെ എന്നോ ആ നാടിനെ സ്‌നേഹിച്ച ഡോക്ടര്‍ തന്റെ ക്ലിനിക് തുറക്കാതെയായി. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ആ മനുഷ്യനെ നാട്ടിലെ പലരും സൗകര്യപൂര്‍വ്വം മറന്നു. അദ്ദേഹം ജീവിച്ചിരിപ്പില്ലെന്നുതന്നെ പലരും വിശ്വസിച്ചു.

ഗ്രാമത്തിലെ ക്ലിനിക് അവസാനിപ്പിച്ചതിനുശേഷം ഡോക്ടര്‍ ഒരിടത്തും ചികിത്സ തുടര്‍ന്നില്ല. ഒരിക്കല്‍ സംസാരത്തിനിടെ പഴയ തടിച്ച പേനയെക്കുറിച്ച് കൗതുകത്തോടെ തിരക്കിയപ്പോള്‍ അതെന്നോ നഷ്ടമായെന്ന് പറഞ്ഞു.

എന്തോ ആലോചിച്ചശേഷം മുറിയിലേക്കു തിരികേപ്പോയുള്ളതിരച്ചിലിനൊടുവില്‍ കാലങ്ങളായി ഉപയോഗിക്കാതെ പൊടിയും തുരുമ്പും കയറിത്തുടങ്ങിയ ചെറിയ ബോക്‌സുമായി വന്നു.

ചെറിയ ചിരിയോടെ,കരുതലോടെ അദ്ദേഹം അത് മെല്ലെ തുറന്നുകാണിച്ചു; ഒരു ഗ്രാമത്തിന്റെ മിടിപ്പുകളെ എത്രയോകാലമറിഞ്ഞ അതേ സ്റ്റെതസ്‌ക്കോപ്പ് ! കാലങ്ങള്‍ക്കുശേഷം ആ പഴയ മോഡല്‍ സ്റ്റെതസ്‌ക്കോപ്പിനെ ഡോക്ടര്‍ ഒരിക്കല്‍കൂടി ചെവിയോട് ചേര്‍ത്തുവെച്ചു.

ഈ കര്‍ക്കിടകത്തില്‍ ഡോക്ടറെ ഒരിക്കല്‍ക്കൂടികാണാന്‍തോന്നി. ആ വീട്ടില്‍ ഡോക്ടറും ഭാര്യയും മാത്രമാണിപ്പോള്‍. പതിവിലേറെ പെയ്ത മഴ പ്രായമായ വീടിനേയും ബാധിച്ചിട്ടുണ്ട്.

ചിലയിടത്ത് ചോരുന്നു.ഭാര്യ ചെന്നു വിളിച്ചപ്പോള്‍ ഇരുട്ടുനിറഞ്ഞ മുറിയില്‍ നിന്ന് ഒരുവിധം നടന്നുവന്ന് ഡോക്ടര്‍ കസേരയിലിരുന്നു. നന്നേ ക്ഷീണിതനാണ്. സംസാരിച്ചതെല്ലാം ഡോക്ടറുടെ ഭാര്യയാണ്.

ജീവിതത്തിലെ നല്ലൊരു ഭാഗവും ഒരു നാടിനുവേണ്ടി മാറ്റിവെച്ച ആ മനുഷ്യന്‍ തന്റെ ശിഷ്ടജീവിതത്തിനായി ഒന്നും കരുതിയിട്ടില്ലായിരുന്നുവെന്ന് ആ ചുറ്റുപാടുകള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here