ബേബിച്ചേട്ടന്‍റെ പച്ചക്കറിക്കടയും ഒ‍ഴുകിപ്പോയി; ഇനി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം

പ്രളയം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളില്‍ ഒരാളാണ് ചേന്ദമംഗലത്തെ ബേബിച്ചേട്ടന്‍. പാലിയം നടയിലെ ബേബിച്ചേട്ടന്‍റെ പച്ചക്കറിക്കട അദ്ദേഹത്തിന് ലാഭമുണ്ടാക്കാനുള്ള മാര്‍ഗ്ഗമല്ല.

പ്രമുഖ ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനില്‍ ഫേസ് ബുക്കിലെ‍ഴുതിയ ഈ കുറിപ്പ് വായിക്കുക:

ചേന്ദമംഗലത്തെ പാലിയംനടയിൽ പച്ചക്കറിക്കട നടത്തുന്ന ബേബിച്ചേട്ടൻ. ജൈവ പച്ചക്കറിക്കട എന്നുള്ള ബോർഡൊന്നും വെച്ചിട്ടില്ലെങ്കിലും അവിടെയുള്ളതിലേറെയും നാട്ടിലെ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഉൽപ്പന്നങ്ങളായിരുന്നു.

വേനലാകുമ്പോൾ വൈക്കോലിനുള്ളിൽവെച്ച് പാകപ്പെടുത്തുന്ന വിവിധയിനം മാങ്ങകൾ വാങ്ങാനായി പലയിടങ്ങളിൽനിന്നും ആളുകളവിടെ എത്തിച്ചേർന്നു. അവർക്കെല്ലാം അദ്ദേഹം പകർന്നുകൊടുത്തത് കൃഷിയെക്കുറിച്ചുള്ള ഒരുപാട് നാട്ടറിവുകൾ കൂടിയായാരുന്നു.

പച്ചക്കറിക്കട ഇദ്ദേഹത്തിന് ലാഭമുണ്ടാക്കാനുള്ള ഒരു മാർഗമായിരുന്നില്ല. അതിനാൽത്തന്നെ നാൽപതു വർഷമായി കച്ചവടം ചെയ്തിട്ടും ചെറിയൊരു വാടക വീട്ടിലാണ് ഇന്നും താമസം.

മൂന്നാഴ്ച മുൻപ് ക്യാമറയുമായി അതുവഴി വരുന്നതിനിടെ അദ്ദേഹവുമായി കുറേനേരം സംസാരിച്ചു. മറ്റാരോ താൽക്കാലികമായി കൊടുത്ത കുറച്ചു സ്ഥലത്ത് താൻ കൃഷി ചെയ്യുന്നകാര്യം സൂചിപ്പിക്കുകയും കാണാനായി അങ്ങോട്ടേക്ക് ക്ഷണിക്കുകയും ചെയ്തു.

ആ മണ്ണിൽ അദ്ദേഹത്തിന്റെ അധ്വാനം പല രൂപത്തിലായി വിളഞ്ഞുനിന്നു. ചേനയുടെ തന്നേക്കാൾ വലിയ ഇലകൾക്കു താഴെ തെല്ല് അഭിമാനത്തോടെയാണ് അദ്ദേഹം നിന്നത്. കടയിലെത്തിയശേഷം കേരളത്തിലെ മാങ്ങകളെക്കുറിച്ച് രേഖപ്പെടുത്തിയ പുസ്തകവും കൃഷിമന്ത്രി വിഎസ്.സുനിൽകുമാർ തന്റെ പ്രവൃത്തിയറിഞ്ഞ്
കടയിലെത്തി അനുമോദിക്കുന്ന ചിത്രവും കാണിച്ചുതന്നു.

തിരിച്ചിറങ്ങാൻനേരം അദ്ദേഹം വീട്ടിൽസൂക്ഷിച്ചുവെച്ചിട്ടുള്ള ഒരപൂർവ്വ ചിത്രത്തെക്കുറിച്ച് സൂചിപ്പിച്ചു, 1961ലെ വെള്ളപ്പൊക്കത്തിൽ തന്റെ കടയടക്കം മുങ്ങിനിൽക്കുന്ന ചിത്രമാണതെന്നും ഇനിവരുമ്പോൾ ആ ചിത്രം കാണിച്ചുതരാമെന്നും പറഞ്ഞു. എന്നാൽ രണ്ടുദിവസം കഴിഞ്ഞുവന്ന പ്രളയത്തിൽ ചേന്ദമംഗലം മുങ്ങി. കടയുടെ നിരപ്പലകകൾ തകർന്നു. എല്ലാം ഒഴുകിപ്പോയി.

ദുരിതാശ്വാസക്യാമ്പിൽ നിന്നും ഒഴുക്കുവെള്ളത്തിലൂടെ നീന്തിച്ചെന്ന് വീട്ടിൽനിന്നുമെടുത്ത ചില രേഖകൾ മാത്രം ബാക്കിയുണ്ട്. ഈ വാർദ്ധക്യത്തിൽ ഇനിയെല്ലാം ഒന്നിൽനിന്ന് തുടങ്ങണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here