പ്രളയ ദുരിതം: കേരളത്തിലെ എംപിമാര്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ അനുമതിയില്ല

കേരളത്തിലെ സര്‍വകക്ഷി എംപി സംഘത്തെ കാണാന്‍ കൂട്ടാക്കാതെ പ്രധാനമന്ത്രി. പ്രളയക്കെടുതി ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിച്ച എംപിമാര്‍ക്ക് അനുമതി നിഷേധിച്ചു.

പ്രധാനമന്ത്രിക്ക് പകരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെകാണാനാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ അറിയിപ്പ്

പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്താനായിരുന്നു പ്രധാനമന്ത്രിയുമായി സര്‍വകക്ഷി എംപിമാര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചത്.

എന്നാല്‍ അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ കേരളത്തോടുള്ള അവഗണന വീണ്ടും പരസ്യമാക്കി. പ്രധാനമന്ത്രിയുടെ സൗകര്യത്തിനുള്ള സമയം അനുവദിക്കുകയാണെങ്കില്‍ അതെപ്പോഴാണെങ്കിലും ആ സമയത്ത് കൂടിക്കാഴ്ചയ്ക്ക് എത്താന്‍ സന്നദ്ധമാണെന്ന് എംപിമാര്‍ അറിയിച്ചിട്ടുകൂടിയാണ് ഈ കടുത്ത വിവേചനം.

പ്രധാനമന്ത്രിക്ക് പകരം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കാണാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം.

എന്നാല്‍ എംപിമാര്‍ കഴിഞ്ഞ മാസം 30ന് രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇത് കണക്കിലെടുക്കാതെയാണ് ആഭ്യന്തര മന്ത്രിയെ തന്നെ കണ്ടാല്‍ മതിയെന്ന അറിയിപ്പ്.

കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ച എംപിമാരെ കാണാന്‍ സമയം ഇല്ലാത്ത പ്രധാനമന്ത്രിക്ക് നടന്‍ മോഹന്‍ലാലുമായി കൂടിക്കാഴ്ചയ്ക്ക് എങ്ങനെ സമയം ലഭിച്ചെന്ന് ചോദിച്ച് എംപിമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

മതിയായ സാമ്പത്തിക സഹായം നല്‍കാതെയും,അരിക്കും മണ്ണെണ്ണയ്ക്കും സബ്‌സിഡി അനുവദിക്കാതെയും കാണിക്കുന്ന വിവേചനം കൂടാതെയാണ് പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഈ പുതിയ അവഗണന.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് രണ്ട് തവണ പ്രധാനമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here