പൂഞ്ഞാറിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പൂഞ്ഞാർ തട്ടുങ്കതാഴെ കെ കുമാരമേനോൻ(92) അന്തരിച്ചു.

വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നിര്യാണം.

മൃതദേഹം ചൊവ്വാഴ്ച പകൽ 12ന്‌ പൂഞ്ഞാർ പഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് പകൽ മൂന്നിന് സിപിഐ എം പൂഞ്ഞാർ ലോക്കൽ കമ്മറ്റി ഓഫീസിന് (ഇഎംഎസ് ഭവൻ) സമീപം സംസ്കാരം നടക്കും.

ഭാര്യ ശാരദ കയ്യൂർ കുളപ്പുറത്ത് കുടുംബാഗം. മക്കൾ ബീന (പ്രൊഫ.ഡി.ബി.കോളേജ് തലയോലപ്പറമ്പ്), സിന്ധു, ജാൻസി, ജയന്തി (ഡി.ബി എച്ച്.എസ്.എസ് തിരുവല്ല) മരുമക്കൾ അഡ്വ. കെ ആർ മുരളീധരൻ കിഴക്കേതിൽ, കെ ആനന്ദ് കുമാർ (എസ്ബിഐ ബറോഡ ), ജഗദീഷ് കുമാർ (ബഹ്റിൻ), എ പി മുരളീധരൻ (ഡെപ്യൂട്ടി രജിസ്ട്രാർ കുസാറ്റ്).

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് സ്ഥാപക മെമ്പറായ ഇദ്ദേഹം 1966 മുതൽ 1979 വരെ പഞ്ചായത്തംഗമായി പ്രവർത്തിച്ചു. 1956 മുതൽ ഇദ്ദേഹം പാർട്ടി അംഗമായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടി ജില്ലാ കമ്മറ്റി അംഗമായും, സിപിഐ എം കാലടി ലോക്കൽ കമ്മറ്റി അംഗമായും അദ്ധ്യാപക സംഘടനയുടെ സംസ്ഥാന നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ നിയമസഭയിലേയ്ക്കും മത്സരിച്ചു.

കാലടി ശ്രീശങ്കരയിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ശ്രീശങ്കരാ കോളേജിൽ നിന്ന് സാമ്പത്തികശാസ്‌ത്രവിഭാഗം മേധാവിയായാണ്‌ വിരമിച്ചത്.

പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല(എറ്റിഎം ലൈബ്രറി)യുടെ രൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ചു.

എടിഎം ലൈബ്രറിയ്ക്ക് വേണ്ട അലമാരയും പുസ്തകങ്ങളും വാങ്ങാനുള്ള പണം കണ്ടെത്താൻ പല നാടകങ്ങളിലും കുമാരമേനോൻ അഭിനയിച്ചിട്ടുണ്ട്.

പൊൻകുന്നം വർക്കിയുടെ വിശറിക്ക് കാറ്റ് വേണ്ട, തൂവലും തൂമ്പായും തുടങ്ങിയ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.