നവകേരളനിര്‍മ്മിതിക്കായി സ്കൂളുകളില്‍ ഇന്നും നാളെയും ദുരിതാശ്വാസഫണ്ട് ശേഖരണം

നവകേരളനിര്‍മ്മിതിക്കായി സ്കൂളുകളില്‍ ഇന്നും നാളെയും നടക്കുന്ന ദുരിതാശ്വാസഫണ്ട് ശേഖരണപ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ കുട്ടികളോടും, രക്ഷിതാക്കളോടും അധ്യാപകരോടും ആഹ്വാനം ചെയ്തു.

“നവകേരളനിര്‍മ്മിതിക്കായി നമ്മുടെ കുട്ടികള്‍ കൂടി ഒന്നിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പ്രളയബാധിതരെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. സര്‍ക്കാര്‍, എയ്ഡഡ്. അണ്‍ എയ്ഡഡ് എന്നീ വകഭേദങ്ങളില്ലാതെ എല്ലാവരും ഈ യജ്‍ഞത്തില്‍ പങ്കാളിയാകുന്നുണ്ട് എന്നത് സന്തോഷകരമാണ്.

വലിയ ഒരു ദുരന്തത്തെയാണ് നമ്മള്‍ നേരിട്ടത്. നിങ്ങളില്‍ പലരും, കൂട്ടുകാരും ഒക്കെ കൊച്ചു പ്രായത്തില്‍ തന്നെ ദുരന്തം അഭിമുഖീകരിച്ചവരാണ്. ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും സ്കൂളില്‍ എത്തുന്ന കുട്ടികളുണ്ട്.

നിങ്ങളുടെ ആ കൂട്ടുകാരെ എല്ലാം സംരക്ഷിക്കാനാണ് ഈ പരിശ്രമം. ആ കൂട്ടുകാരോട് പ്രത്യകമായി ഒരു കാര്യം പറയാം, ആരും ആശങ്കപ്പെടേണ്ട, നിങ്ങളെ എല്ലാം പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കും. അതിന് സര്‍ക്കാര്‍ പ്രതിജ്‍ഞാബദ്ധമാണ്.

ദുരന്തമുണ്ടായപ്പോള്‍ നിങ്ങളില്‍ പലരും ചെയ്ത സേവനം മനസിലുണ്ട്. ഉറങ്ങിക്കിടന്ന ക്യാമ്പുകളെ ഉണര്‍ത്തിയത് നിങ്ങളാണ്. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരുണ്ട്.

പഠനസാമഗ്രികളും ഉടുപ്പും നഷ്ടപ്പെട്ടവരെ പുതിയത് വാങ്ങി സഹായിച്ചവരുണ്ട്. മറ്റു ചിലര്‍ സമ്പാദ്യകുടുക്ക ഒന്നാകെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കി.

സൈക്കിള്‍ വാങ്ങാന്‍ കരുതി വച്ച പണം, വിഷുക്കൈനീട്ടമായി കിട്ടിയ പണം, ജന്മദിനം ആഘോഷിക്കാന്‍ കരുതിവച്ച പണം, ഓണവും, പെരുന്നാളുമെല്ലാം ആഘോഷമാക്കാന്‍ കരുതി വെച്ച പണം, ഇതെല്ലാം ഒരു മടിയും കൂടാതെ സ്വമേധയാ സംഭാവന നല്‍കിയ കൂട്ടുകാരുണ്ട്.

സ്വന്തം പേരിലുണ്ടായിരുന്ന ഭൂമി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കാനെത്തിയ പയ്യന്നൂരിലെ ആ കൊച്ചു മിടുക്കിയും മിടുക്കനും കാട്ടിയ മാതൃക എത്ര അഭിനന്ദിച്ചാലും മതിവരാത്തതാണ്. നിങ്ങളോടെല്ലാം സര്‍ക്കാര്‍ കടപ്പെട്ടിരിക്കുന്നു.

വിഷമം അനുഭവിക്കുന്നവരോട് സ്നേഹം കാണിക്കാനുള്ള മഹാമനസ്ക്കതയാണ് ഏറ്റവും നല്ല പ്രവൃത്തി. സഹജീവി സ്നേഹത്തിന്റെ പാഠങ്ങളാണ് നിങ്ങള്‍ വിദ്യാലയങ്ങളില്‍ നിന്നും ആര്‍ജ്ജിക്കേണ്ടതും.” നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയുമായി കുഞ്ഞുകൈകളും ഉയരുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News