പ്രതിപക്ഷത്തിന്‍റേത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം; സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന ആരോപണം അടിസ്ഥാന രഹിതം

സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്ന് മുിഖ്യമന്ത്രിയുടെ ഒാഫീസ്. മുഖ്യമന്ത്രി ചികിത്സയ്ക്കു പോയതുകൊണ്ട് കേരളത്തില്‍ ഭരണം സ്തംഭിച്ചുവെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുളള ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ എന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് ഭരണസ്തംഭനമെന്നും മുഖ്യമന്ത്രി പോയതിന് ശേഷം മന്ത്രി സഭായോഗം ചേർന്നിട്ടില്ലെന്നും ജയലളിത ആശുപത്രിയിൽ കിടന്നപ്പോൾ തമി‍ഴ് നാട്ടിൽ ഉണ്ടായ സാഹചര്യമാണ് കേരളത്തിലെന്നുമുള്ള ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ഒാഫീസിന്‍റെ പ്രതികരണം.

പ്രളയദുരിതാശ്വാസം, പുനരധിവാസം എന്നീ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്.

ഈ സമിതി അതിന്‍റെ പ്രവര്‍ത്തനം നല്ല നിലയില്‍ നിര്‍വഹിച്ചുവരുന്നു. കഴിഞ്ഞ ആഴ്ച ഉപസമിതി യോഗം ചേരുകയുണ്ടായി.

സപ്തംബര്‍ 12 ബുധനാഴ്ചയും സമിതി ചേരുന്നുണ്ടെന്നും ഒഫീസ് കുറിപ്പിലൂടെ വ്യക്തമാക്കി.

ദുരിതാശ്വാസത്തിന്‍റെ ഭാഗമായുളള 10,000 രൂപ ധനസഹായത്തിന് അര്‍ഹരായ 6,05,555 പേരില്‍ 4,95,000 പേര്‍ക്ക് ഇന്ന് ഉച്ചയോടെ തുക ലഭ്യമാക്കി.

ബാക്കിയുളളവര്‍ക്ക് ബുധനാഴ്ചയോടെ സഹായം ലഭിക്കും. പ്രളയക്കെടുതിക്ക് ഇരയായവരുടെ പുനരധിവാസം, തകര്‍ന്ന കേരളത്തിന്‍റെ മെച്ചപ്പെട്ട നിലയിലുളള പുനര്‍നിര്‍മ്മാണം എന്നിവയാണ് ഇനി സര്‍ക്കാരിന്‍റെ മുമ്പിലുളള പ്രധാന അജണ്ട.

അതനുസരിച്ചുളള നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ മുന്നോട്ടുപോകുകയാണ്. സ്ഥലത്തില്ലെങ്കിലും അപ്പപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന കാര്യങ്ങളില്‍ മുഖ്യമന്ത്രി തന്നെ തീരുമാനം എടുക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

മന്ത്രിമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്.

ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു തടസ്സവും ഉണ്ടായിട്ടില്ല. വിദേശത്തുപോയ ശേഷം ആഗസ്റ്റ് മൂന്നു മുതല്‍ ഒമ്പതു വരെയുളള ദിവസങ്ങളില്‍ 316 ഫയലുകളില്‍ മുഖ്യമന്ത്രി തീര്‍പ്പ് കല്‍പ്പിച്ചു.

ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ഫയല്‍ കൈകാര്യം ചെയ്യുന്നതിനുളള എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ട്.

അത് സുഗമമായി നടക്കുകയും ചെയ്യുന്നു.കൂട്ടുത്തരവാദിത്വത്തിലാണ് മന്ത്രിസഭ പ്രവര്‍ത്തിക്കുന്നത്. മുഖ്യന്ത്രി സ്ഥലത്തില്ലെങ്കിലും മന്ത്രിമാര്‍ കൂട്ടായി പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നുവെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News