കന്യാസ്ത്രീ പീഡന കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി; നിലവില്‍ സിബിഐ അന്വേഷണം ആവശ്യമില്ല; അറസ്റ്റ് ആവശ്യപ്പെടുന്നവര്‍ അല്‍പം കൂടി ക്ഷമ കാണിക്കണമെന്നും കോടതി

ജലന്ധര്‍ ബിഷപ്പ് പ്രതിയായ കന്യാസ്ത്രീ പീഡന കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്നും പ്രതിയുടെ അറസ്റ്റ് ആവശ്യപ്പെടുന്നവര്‍ അല്‍പം ക്ഷമ കാണിക്കണമെന്നും കോടതി നിരീക്ഷിച്ചു.

പീഡന പരാതിയില്‍ ബിഷപ്പിനെതിക്കുള്ള അന്വേഷണം നീണ്ടു പോകുന്നുവെന്നുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരിക്ഷണം. തെളിവുകള്‍ ശേഖരിക്കാന്‍ സമയം എടുക്കുക സ്വാഭാവികമാണെന്ന് കോടതി പറഞ്ഞു.

അസാധാരണമായ സാഹചര്യം ഇപ്പോഴില്ലെന്നും പരാതിക്കിടയായ സംഭവങ്ങള്‍ നടന്നത് നാലഞ്ച് വര്‍ഷം മുന്‍പെന്നും കോടതി ചൂണ്ടിക്കാട്ടി.

നിലവില്‍ വിഷയം പരിശോധിച്ചു വരികയാണ്. തെളിവുകള്‍ പോലീസ് ശേഖരിച്ചതിനാല്‍ നശിപ്പിക്കുമെന്ന ഭയം വേണ്ട. പൊലീസ് ശേഖരിച്ച തെളിവുകള്‍ പ്രതിയുടെ കയ്യെത്താ ദൂരത്താണ്. അറസ്റ്റിനേക്കാള്‍ വലുതല്ലേ ശിക്ഷയെന്നും കോടതി ചോദിച്ചു.

അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിര്‍ബന്ധിക്കാനാകില്ല. അത് എപ്പോള്‍ വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാം. പരാതി പറയാന്‍ 3 വര്‍ഷം കാത്തിരുന്നു. അതിനാല്‍ അന്വേഷണം പൂര്‍ത്തിയാകാന്‍ പരാതിക്കാരും കാത്തിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനുശേഷം കേസ് പരിഗണിക്കുന്നതാവും ഉചിതമെന്ന് കോടതി പറഞ്ഞു.

അസാധാരണ സാഹചര്യം ഇപ്പോഴില്ലെന്നും കോടതി വിലയിരുത്തി. സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്നും കോടതി അറിയിച്ചു. കേസ് 24ന് പരിഗണിക്കാനായി മാറ്റി.

പരാതിക്കാരിക്കോ സാക്ഷികള്‍ക്കോ ഭീഷണി ഉണ്ടായാല്‍ കോടതിയെ നേരിട്ട് സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് രംഗത്ത് വരുന്നവര്‍ പരാതി നല്‍കിയ കന്യാസ്ത്രീ പ്രകടിപ്പിച്ച ക്ഷമയെങ്കിലും കാണിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയും കോടതി പരിഗണിച്ചു. സ്വതന്ത്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. സിബിഐ അന്വേഷണം ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളുന്നില്ല, മറ്റ് ഹര്‍ജികള്‍ക്കൊപ്പം പിന്നിട് പരിഗണിക്കും. എല്ലാ ഹര്‍ജികളും ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം 24ന് പരിഗണിക്കാനായി മാറ്റിവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here