പ്രളയക്കെടുതി: കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ള നഷ്ടപരിഹാരത്തിന് സംസ്ഥാനം നിവേദനം നല്‍കി; പുനരധിവാസ പാക്കേജ് ഉള്‍പ്പെടുന്ന നിവേദനം ഉടന്‍ നല്‍കും

പ്രളയക്കെടുതിയിൽ സഹായമാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് നിവേദനം സമർപ്പിച്ചു. കേന്ദ്ര മാനദണ്ഡപ്രകാരം ലഭിക്കാൻ അർഹതയുള്ള 4796.35 കോടി രൂപയുടെ സഹായമാണ് നിവേദനത്തിലെ ആവശ്യം.

പൂർണ നാശനഷ്ട കണക്ക് ഉൾപ്പെടുന്ന പുനരധിവാസ പാക്കേജ് ആ‍വശ്യപ്പെടുന്ന നിവേദനം ഉടൻ സംസ്ഥാനം കേന്ദ്രത്തിന് നൽകും.

2018 ഒാഗസ്റ്റ് ഒന്നു മുതൽ 31 വരെയുള്ള പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനം കേന്ദ്ര സർക്കാരിന് സഹായം ആവശ്യപ്പെട്ടുള്ള നിവേദനം നൽകിയത്.

4796.35 കോടി രൂപയുടെ സഹായമാണ് സംസ്ഥാനം നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ലഭിക്കാൻ അർഹതയുള്ള തുക മാത്രമാണ് ഇൗ നിവേദനത്തിൽ സംസ്ഥാനത്തിന്‍റെ ആവശ്യം.

യാഥാർത്ഥ നാശനഷ്ടം ഇതിന്‍റെ പതിൻമടങ്ങ് ഇരട്ടിയാണ്. അതുകൊണ്ട് പൂർണ നാശനഷ്ട കണക്ക് ഉൾപ്പെടുന്ന സംസ്ഥാനത്തിന്‍റെ പുനരധിവാസ പാക്കേജ് ആവശ്യപ്പെടുന്ന മെമ്മോറാണ്ടം ഉടൻ കേന്ദ്രത്തിന് സമർപ്പിക്കും. ഇതിലാകും 40,000 കോടിയിലധികം വരുന്ന സംസ്ഥാനത്തിന്‍റെ ആകെ നാശനഷ്ടം ഉൾപ്പെടുക.

നിലവിൽ നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര സംഘം ഇൗ മാസം 20 ഒാടുകൂടി സംസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷ.

ഒാഗസ്റ്റ് ഒന്നു മുതൽ 31 വരെയുള്ള പ്രളയക്കെടുതിയിൽ 339 പേർ മരണപ്പെട്ടു. 59,345 ഹെക്ടർ കൃഷിനാശമുണ്ടായി, 9538 കിലോമീറ്റർ റോഡ് തകർന്നു, 6,05,675 പേരേ പ്രളയം ബാധിച്ചതായും നിവേദനം ചൂണ്ടിക്കാട്ടുന്നു.

നാശനഷ്ടം വളരെ വലുതാണെങ്കിലും NDRF മാനദണ്ഡപ്രകാരം അടിയന്തര സഹായം നൽകണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. നേരത്തെ സംസ്ഥാനത്തിന് 600 കോടിരൂപയുടെ കേന്ദ്ര സഹായം ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News