വിജയ് മല്യക്ക് വ‍ഴിവിട്ട സഹായം നല്‍കിയത് ബിജെപി തന്നെ; പുതിയ വെളിപ്പെടുത്തല്‍ വിവാദമായതോടെ രക്ഷതേടി അന്വേഷണത്തിനൊരുങ്ങി കേന്ദ്രം

വിജയ് മല്യയെ രാജ്യം വിടാന്‍ സഹായിച്ചെന്ന ആരോപണത്തില്‍ പ്രതിരോധത്തിലായ കേന്ദ്ര സര്‍ക്കാര്‍ വിവാദം വഴി തിരിച്ച് വിടാന്‍ പുതിയ അന്വേഷണത്തിന് തയ്യാറെടുക്കുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിജയ് മല്യയ്ക്ക് ലോണ്‍ അനുവദിച്ചതിനെക്കുറിച്ച് സിബിഐ പുതിയ കേസെടുത്ത് അന്വേഷിക്കും.

മുന്‍ ധനമന്ത്രാലയ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.അതേ സമയം വിജയ് മല്യ രാജ്യം വിടുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ നല്‍കിയ നിയമോപദേശം എസ്.ബി.ഐ അധികൃതര്‍ തള്ളികളഞ്ഞുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ വെളിപ്പെടുത്തി.

വിജയ് മല്യ സംഭവത്തില്‍ ആരോപണവിധേയരായ കേന്ദ്ര സര്‍ക്കാര്‍ വിവാദത്തിലേയ്ക്ക് മന്‍മോഹന്‍സിങ്ങ് സര്‍ക്കാരിനേയും ഉള്‍പ്പെടുത്താനുള്ള വഴികളാണ് ആലോചിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിജയ് മല്യക്ക് ബാങ്കുകള്‍ ലോണ്‍ അനുവദിച്ചതിന് പിന്നില്‍ അന്നത്തെ ധനമന്ത്രാലയത്തിന്റെ സമര്‍ദമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.

പുതിയ കേസായി അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കാനാണ് സിബിഐ നീക്കം.ഇതിന്റെ ഭാഗമായി രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ അരുണ്‍ ജറ്റ്‌ലിയുടെ ഓഫീസിനെ സമീപിച്ചു.ആവശ്യമെങ്കില്‍ മുന്‍ ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യും.

നേരത്തെ കിങ്ങ്ഫിഷറിന്റെ ആസ്ഥാനം റെയ്ഡ് ചെയ്തതില്‍ നിന്നും വിജയ് മല്യ അദേഹത്തിന്റെ കമ്പനി ഡയറക്ടര്‍മാര്‍ക്ക് സാമ്പത്തിക ലോണുകള്‍ വ്യക്തമാക്കി അയച്ച നിരവധി ഇ-മെയിലുകള്‍ ലഭിച്ചിരുന്നു.

ഇതില്‍ മന്‍മോഹന്‍സിങ്ങിന്റെ ഓഫീസിനെക്കുറിച്ചും, പെട്രോളിയം,ധനമന്ത്രാലയം, കോര്‍പറേറ്റ് മന്ത്രാലയം എന്നിവരുടെ ഇടപെടലുകള്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് സിബിഐ വൃത്തങ്ങള്‍ അറിയിച്ചത്.അതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം. ഇത് വഴി ആരോപണം വഴി തിരിച്ച് വിടാമെന്നും കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.

അതേ സമയം വിജയ് മല്യ ഇന്ത്യ വിടുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ എസ്.ബിഐ അധികൃതര്‍ക്ക് നിയമോപദേശം നല്‍കിയിരുന്നതായി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ഒരു ദേശിയമാധ്യമത്തോട് വെളിപ്പെടുത്തി.

ലോണ്‍ തട്ടിപ്പ് കേസില്‍ നിയമോപദേശം തേടി ഫെബ്രുവരി 28ന് എസ്.ബിഐ അധികൃതര്‍ കണ്ടപ്പോഴാണ് ഹര്‍ജി നല്‍കാന്‍ ആവശ്യപ്പെട്ടത്.എന്നാല്‍ അതിന് അവര്‍ തയ്യാറായില്ല. നാലു ദിവസത്തിന് ശേഷം വിജയ്മല്യ രാജ്യം വിട്ടുവെന്നും ദുഷ്യന്ത് ദാവെ ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here