ഏകമകന്‍റെ മരണത്തിനുശേഷം ആ അമ്മ ഉള്ളുതുറന്ന് ചിരിച്ചത് ഇന്നലെയായിരുന്നു. മരുമകളുടെ തളരാത്ത പോരാട്ടത്തിന്‍റെയും ദൃഢ നിശ്ചയത്തിന്‍റേയും ഫലമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആ മുഖത്ത് വിടര്‍ന്ന പുഞ്ചിരി.

അധ്യാപകനും കവിയുമായ കെ.വി സുധാകരന്‍ കഴിഞ്ഞ വര്‍ഷമായിരുന്നു വാഹനാപകടത്തില്‍ മരിച്ചത്. വര്‍ഷങ്ങളായി ഒരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സുധാകരനും ഭാര്യ ഷില്‍നയും.

ചികിത്സയുടെ ഭാഗമായി കോഴിക്കോട്ടെ ആശുപത്രിയിലേക്കു പോകുന്നതിനിടെയുണ്ടായ അപകടത്തിലാണ് ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാതെ തലശ്ശേരി ബ്രണ്ണൻ കോളജ് അധ്യാപകനായിരുന്ന സുധാകരന്‍ മാഷ് യാത്രയായത്.

എന്നാല്‍ ഭര്‍ത്താവിന്‍റെ മരണശേഷം തളര്‍ന്നിരാക്കാന്‍ ഷില്‍ന തയ്യാറല്ലായിരുന്നില്ല. സുധാകരന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ഷില്‍ന ചികിത്സ തുടര്‍ന്നു. ബന്ധുക്കളുടേയും ആത്മമിത്രങ്ങളുടേയും പിന്തുണ ഷില്‍നയ്ക്ക് കരുത്തേകി.

ഒടുവില്‍ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ഇന്നലെ വിരാമമായി. കണ്ണൂര്‍ കൊയിലി ഹോസ്പിറ്റലിലെ ലേബർ റൂമിന് മുന്നിൽ ഇന്നലെ രാവിലെ രണ്ട് പൊന്നോമനങ്ങള്‍ക്ക് ഷില്‍ന ജന്മം നല്‍കിയപ്പോള്‍ ആ കരളുറപ്പിന് ആശംസകൾ കൊണ്ട് മൂടുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്നേഹിതരുമെല്ലാം.

പ്രണയവിവാഹിതരായ സുധാകരനും ഷിൽനയും നാലുവർഷം മുൻപാണു കുഞ്ഞുങ്ങൾക്കായി ചികിൽസ തുടങ്ങിയത്. 2016ലും 2017 തുടക്കത്തിലും ഐവിഎഫ് വഴി ഷിൽന ഗർഭം ധരിച്ചെങ്കിലും ഫലം കണ്ടില്ലായിരുന്നു.

2017 ഓഗസ്റ്റ് 15ന് നിലമ്പൂരിലെ അധ്യാപക ക്യാംപിനുശേഷം കോഴിക്കോട്ടേക്കു യാത്രയിലായിരുന്നു  ഒരു ലോറി കെ.വി.സുധാകരന്റെ ജീവന്‍ കവര്‍ന്നത്. എന്നാല്‍ കോഴിക്കോട് എആർഎംസി ചികിൽസാ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സുധാകരന്റെ ബീജം മരണശേഷം ഭാര്യ ഷിൽനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു. അങ്ങനെ തന്‍റെയും ഭര്‍ത്താവിന്‍റെയും ആഗ്രഹ സഫലീകരണത്തിന് മൂന്നാമത്തെ പരീക്ഷണത്തിന് ഷില്‍നയൊരുങ്ങി.

പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും  വീട്ടുകാരുടേയും അടുത്ത സുഹൃത്തുകളുടേയും പിന്തുണയോടെ ഷില്‍മ ചികിത്സ തുടരുകയായിരുന്നു. ഡോ.ഷൈജസ് നായരുടെ നേതൃത്വത്തില്‍ നടന്ന ചികിൽസ ഇന്നലെ പൂര്‍ണ ഫലത്തിലെത്തി.