ദുരൂഹത നിറഞ്ഞ് ഹെല്‍മെയ്റ്റ്; മലയാളത്തിലെ വെബ്‌സീരീസ് ശ്രദ്ധനേടുന്നു – Kairalinewsonline.com
DontMiss

ദുരൂഹത നിറഞ്ഞ് ഹെല്‍മെയ്റ്റ്; മലയാളത്തിലെ വെബ്‌സീരീസ് ശ്രദ്ധനേടുന്നു

ഹെല്‍മെയ്റ്റിന്റെ രണ്ടാം ചാപ്റ്റര്‍ നവംബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു

പ്രമുഖ സിനിമ സീരിയല്‍ താരം ഷാജു ശ്രീധറിനെ നായകനാക്കി നവാഗതരായ നിജയ് ഘോഷ് തിരക്കഥയെഴുതി മഹേഷ് പി നായര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം ഹെല്‍മെയ്റ്റ് ചാപ്റ്റര്‍ ഒന്ന് റിലീസ് ചെയ്തു.

ചങ്ക്‌സ്, അഡാര്‍ ലൗ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഉമര്‍ ലുലുവാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവെച്ചത്.

പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ലഭിക്കുന്നത്.

ഒരു കൊലപാതകിയുടെ ജീവിതത്തെ ആധാരമാക്കിയാണ് ഹെല്‍മെയ്റ്റിന്റെ കഥ പുരോഗമിക്കുന്നത്. മലയാളം ഇന്നുവരെ കണ്ടതില്‍ വച്ച് മുഴുനീള ത്രില്ലര്‍ സ്വഭാവവും സസ്‌പെന്‍സും നിറഞ്ഞ ഷോര്‍ട്ട് ഫിലിം ഗണത്തിലാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഹെല്‍മെയ്റ്റ് സ്ഥാനം പിടിച്ചിരിക്കുന്നത്.

ദുബായിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിന് പിന്നില്‍. അഞ്ച് എപ്പിസോഡുകളായാണ് ഹെല്‌മെയ്റ്റ് എത്തുക.

മലയാളി പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമല്ലാത്ത ഒരു കഥ പറച്ചില്‍ രീതിയാണ് വെബ് സീരിസുകള്‍. ചെറിയ കഥയെ ചുരുങ്ങിയ സമയത്തിലൊതുക്കാതെ ഓരോ എപ്പിസോഡുകളാക്കി അവതരിപ്പിക്കുന്ന രീതി അന്യഭാഷകളില്‍ ഉള്‍പ്പെടെ കണ്ട് ശീലിച്ച മലയാളികള്‍ക്കിടയിലാണ് ഹെല്‍മെയ്റ്റ് എന്ന ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നത്.

ഷാജു ശ്രീധറിനെ കൂടാതെ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധ നേടിയ ചലച്ചിത്ര താരങ്ങളായ രാജേഷ്ബാബു, നിതിന്‍ സൈനുദ്ദീന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഇവരെക്കൂടാതെ പത്തോളം പുതുമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.

വ്യത്യസ്തമായ അവതരണത്തിലൂടെ ശ്രദ്ധ നേടിയ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് സൂപ്പര്‍ഹിറ്റ് സംവിധായകരായ അജയ് വാസുദേവ്, ജിയോ ബേബി കിനാവള്ളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അജ്മല്‍ സയാന്‍, വിജയ് ജോണി, സൗമ്യ മേനോന്‍ തുടങ്ങി താരങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും വൈശാഖ് ബാല, ക്യാമറ അസിസ്റ്റന്റ് സഗീത്, പശ്ചാത്തല സംഗീതം രതീഷ് റോയി, നിഖില്‍ പ്രഭ, വരികള്‍ എഴുതിയത് രാജീവ് മേനോന്‍ കോലടി, മേക്കപ്പ് ഷിജി താനൂര്‍, ഫോട്ടോഗ്രാഫര്‍ ബിജു ഹരി, മുഹമ്മദ് സഹല്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, കിരണ്‍ ഗോപാലകൃഷ്ണന്‍, മുഹമ്മദ് സഹല്‍, ഫലാല്‍ തുടങ്ങി സിനിമാ മോഹവുമായി ഒത്തുചേര്‍ന്ന ദുബായ് മലയാളികളും ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നുണ്ട്. ഏതന്‍സ് പ്രൊഡക്ഷന്‍സിന്റെ ജെന്‍സി സാമുവലും ഡ്രീം സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഡ്രീ സിനിമാസ് പ്രെഡക്ഷന്‍ ഹൗസാണ് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്യുന്നത്. വിഷായവതരണത്തിലെ പുതുമ കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ഹെല്‍മെയ്റ്റിന്റെ രണ്ടാം ചാപ്റ്റര്‍ നവംബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ബിഗ് ബജറ്റില്‍ മലയാളത്തില്‍ ആദ്യമായാണ് ഇത്തരമൊരു ചിത്രം പുറത്തിറങ്ങുന്നത്. മഹേഷ് പി നായര്‍, നിജയ് ഘോഷ് കൂട്ടുകെട്ടിന്റെ മുന്‍ വര്‍ഷങ്ങളില്‍ ഇറങ്ങിയ ‘നിശാഗന്ധി’യും ‘പ്ലാന്‍ ഡി’യും പ്രേക്ഷകരില്‍ ഏറെ സ്വീകാര്യത ഉണ്ടാക്കിയ ചിത്രങ്ങളായിരുന്നു.

പ്രമേയത്തിലെ വ്യത്യസ്ഥതകൊണ്ടും അവതരണത്തിലെ പുതുമുഖ കൊണ്ടും രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളകളില്‍ ഉള്‍പ്പെടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

To Top