ബിജെപി ഒടിയുന്ന വാഴപ്പിണ്ടിയാണെന്ന‌് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തെളിയിക്കും: കോടിയേരി ബാലകൃഷ്ണൻ

ബിജെപി നിർവാഹക സമിതിയോഗം ഡൽഹിയിൽ ചേർന്നു. അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ മുദ്രാവാക്യത്തിന് രൂപംനൽകിയിരിക്കുകയാണല്ലോ.

‘അജയ് ഭാരത്, അടൽ ബിജെപി’ (അജയ്യ ഭാരതം, ഉറപ്പോടെ ബിജെപി) എന്നതാണ് മുദ്രാവാക്യം. വികസന കാർഡ് ഇറക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പാർടി അധ്യക്ഷൻ അമിത‌്‌ ഷായുടെയും നേതൃത്വത്തിൽ പ്രചാരണം നടത്താനും നിശ്ചയിച്ചു.

മോഡി സർക്കാരിന്‍റെ ‘സുഗന്ധം’ ജനങ്ങളെ ബോധ്യപ്പെടുത്തി 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ജയിച്ചുകയറാമെന്ന ഉറപ്പില്ലാത്ത വിശ്വാസമാണ് ബിജെപി നേതൃയോഗത്തിന് ഉള്ളത‌്. അതുകൊണ്ടാണ് അടൽ ബിജെപിയെന്ന മുദ്രാവാക്യം മുന്നോട്ടുവച്ചിരിക്കുന്നത്.

അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ 2004 ൽ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യമാണ് ബിജെപി ഉയർത്തിയത്.

എന്നാൽ, ജനങ്ങൾ തോൽപ്പിച്ചു. അതിന്റെ ആവർത്തനമാകും മോഡിയെയും കൂട്ടരെയും കാത്തിരിക്കുക. പക്ഷേ, വാജ്‌പേയി ഭരണകാലത്തേക്കാൾ പണം കൊടുത്ത് ആളെ രംഗത്തിറക്കുകയും,

വെള്ളംപോലെ പണമൊഴുക്കി വോട്ടർമാരെ സ്വാധീനിക്കുകയും ഭരണയന്ത്രം ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നതിൽ ആർഎസ്എസ് നേതൃത്വത്തിൽ മോഡി﹣അമിത‌് ഷാ കൂട്ടുകെട്ട‌് നിർല്ലജ്ജം ഇറങ്ങുന്നതിനുള്ള തീരുമാനമാണ് നേതൃയോഗം കൈക്കൊണ്ടിരിക്കുന്നത്.

ബൂത്തടിസ്ഥാനത്തിൽ പ്രവർത്തനം നടത്താൻ ഒമ്പത് കോടി പ്രവർത്തകരുടെ ഫോൺ നമ്പരും വിവരങ്ങളും ശേഖരിച്ചിട്ടണ്ടെന്നും ഇവർക്കൊപ്പം അനുഭാവികളായ ഇരുപത്തിരണ്ട് കോടി പേരെ കൂട്ടിച്ചേർക്കുമെന്നുമാണ് ബിജെപി വക്താക്കൾ വെളിപ്പെടുത്തിയത്.

പണത്തിന്റെയും കേന്ദ്രഭരണത്തിന്റെയും സഹായത്തോടെ ആസൂത്രിതമായി നുണപ്രചാരണം നടത്തിയും ഭീഷണിയും പ്രലോഭനവും പ്രയോഗിച്ചും വോട്ട‌് പിടിക്കാനുള്ള ബിജെപിയുടെ പുറപ്പാടിനെ അർഹിക്കുന്ന ഗൗരവത്തോടെ ജനാധിപത്യശക്തികൾ കാണണം.

നാലുവർഷം പിന്നിടുന്ന മോഡി സർക്കാരിന്റെ ജനദ്രോഹ ഭരണത്തെ മറച്ചുപിടിക്കാൻ ആർക്കും കഴിയില്ല.

തീവിലയായ ഇന്ധനവിലയ്ക്ക് താക്കീതേകി ദേശവ്യാപകമായി പ്രതിപക്ഷ പ്രക്ഷോഭം ആളുന്നതിനിടെ ചേർന്ന ബിജെപി നേതൃയോഗം ഇന്ധനവില പിടിച്ചു നിർത്താനോ കുറയ്ക്കാനോ ചെറുവിരൽ അനക്കിയില്ല.

അക്കാര്യം ചർച്ച ചെയ്യാൻപോലും തയ്യാറായില്ല. ഇടതുപക്ഷ പാർടികളും കോൺഗ്രസും ഉൾപ്പെടെ 21 പ്രതിപക്ഷ പാർടികൾ വ്യത്യസ്തനിലയിൽ നടത്തിയ ആഹ്വാനപ്രകാരമാണ് രാജ്യവ്യാപക പ്രക്ഷോഭം അലയടിച്ചത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുൾപ്പെടെ ഈ പ്രക്ഷോഭം ജനജീവിതത്തെ സാരമായി ബാധിച്ചു. പ്രക്ഷോഭത്തിൽ അലതല്ലിയ ജനവികാരം മനസ്സിലാക്കി ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല.

എണ്ണക്കമ്പനികളെ വിലകൂട്ടാൻ കയറൂരി വിട്ടിരിക്കുന്നു. ഇത് ജനങ്ങളെ പരമാവധി പിഴിഞ്ഞ‌് കോർപറേറ്റുകളെ കൂടുതൽ സമ്പന്നമാക്കുന്നതിനാണ്.

എണ്ണവില വിദേശത്ത് കൂടിയെന്നും അതുകൊണ്ടാണ‌് വിലകയറുന്നുവെന്നുമുള്ള കേന്ദ്ര പെട്രോളിയംമന്ത്രി ധർമേന്ദ്ര പ്രധാന്റെ വാദത്തിൽ കഴമ്പില്ല.

2011 ൽ ക്രൂഡോയിൽ വില ബാരലിന് 112 ഡോളർ, അന്ന‌് ഡൽഹിയിൽ പെട്രോൾ വില 65.76 രൂപ. ഇന്ന‌് ക്രൂഡോയിൽ വില ബാരലിന് 76.58 ഡോളർ.

പക്ഷേ, പെട്രോൾ വില 84.33 രൂപ. ഇന്ധനവില കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് വിട്ടത് രണ്ടാം യുപിഎ സർക്കാരാണ്. പെട്രോളിയം വിലനിയന്ത്രണം എടുത്തുകളഞ്ഞുകൊണ്ടായിരുന്നു തുടക്കം.

മൻമോഹൻ സർക്കാരിന്റെ ഈ നയം തിരുത്തുമെന്ന‌്‌ പറഞ്ഞാണ് ബിജെപി അധികാരത്തിലേറിയത്. എന്നാൽ, വിനാശകരമായ ആ നയം കൂടുതൽ ജനദ്രോഹപരമായി നടപ്പാക്കുകയാണിപ്പോൾ. ലോകത്ത് ഇന്ധനവില ഏറ്റവും കൂടുതലുള്ള രാജ്യമായി ഇന്ത്യ അധഃപതിച്ചു.

ഒരു ലിറ്റർ പെട്രോളിന് ഇറാനിൽ 20.79 രൂപയും മലേഷ്യയിൽ 38 രൂപയും പാകിസ്ഥാനിൽ 53.78 രൂപയുമാണ്. ഉസൈൻ ബോൾട്ടും കാൾ ലൂയിസുംതമ്മിൽ മത്സരയോട്ടം നടത്തുന്നതു പോലെ ലിറ്ററിന് 100 രൂപ കടക്കുന്നതിനുള്ള മത്സരത്തിലാണ് പെട്രോളും ഡീസലുമെന്ന‌് സാമൂഹ്യമാധ്യമങ്ങളിലെ ട്രോൾ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

ഇന്ത്യൻ കറൻസിയുടെ വിനിമയനിരക്ക് 72 രൂപയായി കൂപ്പുകുത്തിയിരിക്കുന്നു. എല്ലാ സാധനങ്ങൾക്കും വില കൂടുമെന്നാണ് കറൻസി മുല്യശോഷണത്തിന്റെ ഉടനടിയുള്ള പ്രത്യാഘാതം.

കറൻസി മൂല്യശോഷണം പ്രവാസികൾക്ക് പ്രയോജനമാണെന്ന വാദം കേൾക്കാൻ സുഖമുള്ളതാണെങ്കിലും ദീർഘകാല താൽപ്പര്യവും നാട്ടിൽ ബന്ധുജനങ്ങളുള്ളവർക്കും ഫലത്തിൽ ദോഷകരമാണ്.

ദിവസേനയെന്നോണം രൂപയുടെ മൂല്യം താഴോട്ട‌് പോകുകയാണ്. ഇന്ധനവില വാണംപോലെ കയറ്റിയും രൂപയുടെ മൂല്യം സർവകാല തകർച്ചയിലെത്തിച്ചും ലോകത്തിനുമുമ്പിൽ ഇന്ത്യയുടെ ശിരസ്സ് അപമാനകരമായി താഴ്ത്തിയാണോ അജയ്യ ഭാരതമായി ഇന്ത്യയെ ബിജെപി മാറ്റുക. ഇങ്ങനെ ജനങ്ങളെ ദുരിതത്തിലാഴ‌്ത്തുന്നതിലാണ‌് ബിജെപിയുടെ ഉറപ്പ് (അടൽ).

എണ്ണവില വർധന, ദളിത് പ്രക്ഷോഭങ്ങൾ, ആൾക്കൂട്ടക്കൊല തുടങ്ങിയവ ബിജെപി യോഗം ചർച്ചചെയ്തില്ലെന്നാണ് യോഗതീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് മാധ്യമങ്ങളെ അറിയിച്ചത്.

ജനങ്ങളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിലെ താൽപ്പര്യമില്ലായ്മയാണ് ഇത് വെളിപ്പെടുത്തുന്നത്. മോഡി ഭരണത്തിൽ തൊഴിലില്ലായ്മ 2016ലെ ഒരു ശതമാനത്തിൽനിന്ന‌് കഴിഞ്ഞ വർഷം 1.2 ശതമാനമായി വർധിച്ചു.

കള്ളപ്പണം പിടിക്കാനെന്ന വ്യാജേന നടത്തിയ നോട്ട‌്നിരോധനം സമ്പദ്ഘടനയുടെ താളംതെറ്റിച്ചു. നിരോധിച്ച കറൻസി 99.3 ശതമാനം തിരിച്ചെത്തിയതായി റിസർവ‌് ബാങ്ക‌് തന്നെ വെളിപ്പെടുത്തിയതോടെ നോട്ട‌്നിരോധന നടപടി ദയനീയമായി പരാജയപ്പെട്ടെന്ന‌് പകൽവെളിച്ചംപോലെ വ്യക്തമായി.

പുതിയ നോട്ടുകൾ അച്ചടിക്കാൻ ചെലവ് ഇരുപത്തൊന്നായിരം കോടി. ഇനി തിരിച്ചുവരാത്ത നോട്ടുകളുടെ മൂല്യം വെറും 10720 കോടി.

അതിന്റെ ഇരട്ടി പണമാണ് പുതിയ നോട്ട‌് അച്ചടിക്കാൻ ചെലവാക്കിയത്. ആഭ്യന്തര ഉൽപ്പാദനത്തിൽ മൂന്ന‌് ലക്ഷം കോടിരൂപയുടെ നഷ്ടം നോട്ട‌് നിരോധനത്തിലൂടെ ഉണ്ടായെന്നാണ് കണക്ക്.

‘50 ദിവസങ്ങൾക്കുള്ളിൽ നോട്ട‌് നിരോധനം ശരിയാണെന്ന‌് തെളിയിക്കും. ഇല്ലെങ്കിൽ എന്നെ ജീവനോടെ കത്തിക്കൂ’ എന്ന‌് വെല്ലുവിളിച്ച മോഡി അതേപ്പറ്റി മാസങ്ങൾ പലത് കഴിഞ്ഞിട്ടും മിണ്ടുന്നില്ല.

കർഷകരും തൊഴിലാളികളും വലിയ പ്രതിസന്ധിയിലാണ്. കർഷക ആത്മഹത്യ വർധിച്ചു. വേതനയിടിവും തൊഴിൽനഷ്ടവുമാണ് തൊഴിലാളികൾ നേരിടുന്നത്.

ഇതിനുപുറമെയാണ് മോഡി ഭരണം വന്ന ശേഷം പതിവായി മാറിയ ആൾക്കൂട്ട കൊലപാതകങ്ങൾ. ഇതിൽ സുപ്രീംകോടതി ഇടപെടുകയും നിയമനിർമാണത്തിനും ഭരണകൂട ഇടപെടലിനും ഉത്തരവ് കൊടുത്തിരിക്കുകയുമാണ്.

ഇപ്രകാരം സുപ്രീംകോടതി ഇടപെടുംവിധം പ്രശ്‌നം സങ്കീർണമാക്കി. ഗോരക്ഷ, സദാചാര പൊലീസിങ‌്, ലൗ ജിഹാദ് തുടങ്ങിയവയുടെപേരിൽ ഒരു ഡസൻ സംസ്ഥാനങ്ങളിലായി 48 ആൾക്കൂട്ടക്കൊലപാതകങ്ങൾ നടന്നു.

ഇതെല്ലാം ബിജെപിയുടെ കേന്ദ്ര﹣ സംസ്ഥാന സർക്കാരുകളുടെ പിന്തുണയുള്ള സ്വകാര്യ അക്രമിസംഘങ്ങൾ ചെയ്ത നീചകൃത്യങ്ങളാണ്. മുസ്ലിങ്ങളെയും ദളിതരെയുമാണ് മുഖ്യമായി ആൾക്കൂട്ട കൊലപാതകങ്ങളിൽ വകവരുത്തുന്നത്.

മോഡി സർക്കാരിന്റെ ‘സുഗന്ധം’ ജനങ്ങളിലെത്തിക്കാനാണല്ലോ ബിജെപി നേതൃയോഗത്തിന്റെ തീരുമാനം. എന്നാൽ, സുഗന്ധം എന്തെന്ന‌് വാജ്‌പേയി മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന അരുൺ ഷൂരി, യശ്വന്ത് സിൻഹ, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട‌്.

റഫാൽ പോർ വിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട‌് കുറ്റക്കാരനാണെന്നാണ‌് ഇവർ മൂവരും സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

കരാർ ചർച്ചകൾ അട്ടിമറിച്ച് രണ്ടുദിവസംകൊണ്ട് പുതിയ കരാർ ഒപ്പുവച്ചത് മോഡിയുടെ പ്രത്യേക താൽപ്പര്യമാണ്. പടക്കോപ്പ് വാങ്ങുന്നതിനുള്ള വ്യവസ്ഥാപിത നയം അട്ടിമറിച്ചെന്നും അവർ ചൂണ്ടിക്കാട്ടി.

റഫാൽ പോർ വിമാന ഇടപാടിലെ അഴിമതിയിൽനിന്ന‌് മോഡി സർക്കാരിന് രക്ഷപ്പെടാൻ കഴിയില്ല.

ഇതിനിടെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 12 ലക്ഷം രൂപയാണെന്ന‌് റിപ്പോർട്ട‌് വന്നു. കോൺഗ്രസ് ഭരണത്തേക്കാൾ കിട്ടാക്കടം ബിജെപി ഭരണത്തിൽ പെരുകി.

ദശകോടികൾ ബാങ്കുകളെ പറ്റിച്ച പെരുംകള്ളന്മാരെ വിദേശത്തേയ്ക്ക് രക്ഷപ്പെടാൻ ഒത്താശ ചെയ്തുകൊടുക്കുന്നത് കേന്ദ്രമന്ത്രിമാരടക്കമുള്ള ബിജെപി പ്രമാണിമാരാണെന്ന‌് പകൽപോലെ വ്യക്തമായി.

നീരവ് മോഡി, മെഹുൽ ചോക‌്സി, ലളിത‌് മോഡി എന്നിവരെ മാത്രമല്ല, മദ്യരാജാവ് വിജയ് മല്യയെയും വിദേശത്തേക്ക‌് കടക്കാൻ വഴിയൊരുക്കി കൊടുത്തത് കേന്ദ്രഭരണക്കാരാണ്.

ഇന്ത്യ വിടുന്നതിന് ഒരുദിവസം മുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന‌് ലണ്ടനിൽ കഴിയുന്ന വിജയ് മല്യയുടെ വെളിപ്പെടുത്തൽ ബിജെപിയുടെ അഴിമതിവിരുദ്ധ മുഖത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തരം അഴിമതിവിഷയങ്ങളും ബിജെപിയെ വേട്ടയാടും. ഉരുക്കുപോലെ ഉറപ്പ് അവകാശപ്പെടുന്ന ബിജെപി ഒടിയുന്ന വാഴപ്പിണ്ടിയാണെന്ന‌് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തെളിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News