ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിൽ നിന്നും വാതക ചോർച്ച; കോട്ടയത്ത് ഒ‍ഴിവായത് വന്‍ ദുരന്തം – Kairalinewsonline.com
Featured

ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിൽ നിന്നും വാതക ചോർച്ച; കോട്ടയത്ത് ഒ‍ഴിവായത് വന്‍ ദുരന്തം

ഇലക്ട്രിക്ക് ലൈനിൽ നിന്നും തീപ്പൊരി ചിതറി ടാങ്കറിൽ നിന്നും ചോർന്ന ഇന്ധനത്തിൽ തീ പടരുകയായിരുന്നു

കൊച്ചിയിൽ നിന്നും ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിൽ നിന്നും വാതക ചോർച്ച. ടാങ്കറിൽ നിന്നും ഇന്ധനം ചോർന്ന് തീപടർന്നത് പരിഭ്രാന്തി പടർത്തി.

കോട്ടയം മുട്ടമ്പലം റെയിൽവെ ഗേറ്റിന് സമീപമാണ് സംഭവം. അഗ്നിശമനസേനയുടെ സമയോജിത ഇടപെടൽ മൂലം ഒഴിവായത് വൻദുരന്തം.

ഇരുമ്പനത്തെ യാർഡിൽ നിന്നും ഇന്ധനവുമായി തിരുനൽവേലിയിലേക്ക് പോയ ഗുഡ്സ് ട്രെയിനിന്റെ അവസാനത്തെ ടാങ്കറിലാണ് വാതകം ചോർന്ന് തീ പടർന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം റെയിൽവെ സ്റ്റേഷന് ഒരു കിലോമീറ്റർ അകലെ മുട്ടമ്പലം റെയിൽവെ ഗേറ്റിന് സമീപമായിരുന്നു സംഭവം.

ഇലക്ട്രിക്ക് ലൈനിൽ നിന്നും തീപ്പൊരി ചിതറി ടാങ്കറിൽ നിന്നും ചോർന്ന ഇന്ധനത്തിൽ തീ പടരുകയായിരുന്നു. കോട്ടയം സ്റ്റേഷനിലെത്തിയ ഗുഡ്സ്ട്രെയിൻ ഇവിടെ നിന്നും പുറപ്പെട്ട് രണ്ടാം നമ്പർ തുരങ്കം കടന്നപ്പോഴാണ് പിന്നിലെ ബോഗിയിൽ നിന്നും തീ ഉയരുന്നത് നാട്ടുകാർ കണ്ടത്.

തുടർന്ന് എഞ്ചിൻ നിർത്തി ഡ്രൈവർ പുറത്തിറങ്ങി.തുടർന്ന് അഗ്നി രക്ഷാസേനയെ
നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് തീ നിയന്ത്രണ
വിധേയമാക്കിയത്. തുടർന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെ സൈറൺ മുന്നറിയിപ്പില്ലാതെ ചിങ്ങവനം സ്റ്റേഷനിലേക്ക് മാറ്റി.

അതിനിടയിലും ഗുഡ്സ് ട്രെയിനിലെ ആറ് ടാങ്കറുകളിൽ നിന്നും ഇന്ധനം പുറത്തേക്ക് ചോർന്ന്
ഒഴുകുന്നുണ്ടായിരുന്നു. മുട്ടമ്പലം റെയിൽവെ ഗേറ്റിന് സമീപത്തും ചിങ്ങവനത്തും ട്രെയിൻ പിടിച്ചിട്ടതോടെ ഒന്നര മണിക്കൂറോളം കോട്ടയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.

പിന്നിട് ചിങ്ങവനത്തു നിന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ട്രെയിൻ ചങ്ങനാശേരിയിലേക്ക് മാറ്റിയതോടെ ഗതാഗതം പുനസ്ഥാപിച്ചത്.

To Top