ബ്രിട്ടാസ് സര്‍ നല്‍കിയ പേന ധൈര്യം പകരുന്നുവെന്ന് ഹനാന്‍; ഇരട്ടി ധൈര്യത്തിന് ഇത് കൂടിയിരിക്കട്ടെയെന്ന് മന്ത്രി എസി മൊയ്തീന്‍; ചികിത്സയില്‍ ക‍ഴിയുന്ന ഹനാനെ മന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ചു

കൊച്ചി:”ഉടന്‍ കച്ചവടം തുടങ്ങണം, പഠിച്ച് ഡോക്ടറാകണം, പുതിയ ഹനാനായി തിരിച്ചുവരും”. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് ഹനാന്‍ പറഞ്ഞു.

ഹനാനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച മന്ത്രി എ സി മൊയ്തീന്‍ സുഖവിവരം തിരക്കിയപ്പോ‍ഴായിരുന്നു ഹനാന്‍റെ ആത്മവിശ്വാസത്തോടെയുളള മറുപടി.

മുന്‍പത്തേക്കാള്‍ ക്ഷീണമാണെന്ന മന്ത്രിയുടെ വാക്കുകള്‍ക്ക് പുതിയ ഹനാനായി തിരിച്ചു വരുമെന്ന് ഹനാന്‍ പറഞ്ഞു.

ഹനാന്‍റെ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. പൂര്‍ണ്ണ ആരോഗ്യത്തോടെ ഉടന്‍ ആശുപത്രി വിടാന്‍ കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു.

ആശുപത്രി വിട്ടാലുടന്‍ മീന്‍ കച്ചവടം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് ഹനാന്‍ പറഞ്ഞു. കൂടുതല്‍ പഠിക്കണമെന്നും ഡോക്ടറാകണമെന്നും ഹനാന്‍ മന്ത്രിയോട് പറഞ്ഞു.

ബ്രിട്ടാസ് സാര്‍ നല്‍കിയ പേന ഉയര്‍ത്തി ഇത് തനിക്ക് കൂടുതല്‍ ധൈര്യം വകരുന്നുവെന്ന് ഹനാന്‍ പറഞ്ഞപ്പോള്‍ ഇരട്ടി ധൈര്യത്തിന് ഇതുകൂടി ഇരിക്കട്ടെ എന്നു പറഞ്ഞ് മറ്റൊരു പേന കൂടി മന്ത്രി സമ്മാനമായി നല്‍കി.

ഹനാന് കച്ചവടം നടത്താനും ആഗ്രഹിക്കുന്നിടത്തോളം പഠിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം സര്‍ക്കാര്‍ നല്‍കുന്ന സ്നേഹത്തിനും കരുതലിനും പരിചരണത്തിനും നന്ദിയുണ്ടെന്ന് ഹനാന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജ്മെന്‍റെ 15 ലക്ഷം രൂപ നല്‍കി.

ആശുപത്രിയിലെത്തിയ മന്ത്രി എ.സി. മൊയ്തീന്‍ മാനേജിംഗ് ഡയറക്ടര്‍ പി.വി. ആന്‍റണിയില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി.

പ്രളയത്തിനു ശേഷമുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

പുഴകളില്‍ അടിഞ്ഞിട്ടുള്ള മണല്‍ വാരുന്നതിന് കൃത്യമായ മാനദണ്ഡമുണ്ടാക്കും. എടുക്കാന്‍ കഴിയുന്ന മണലിന്‍റെ തോത് വിലയിരുത്തി മിതമായ വിലയില്‍ മണല്‍ ലഭ്യമാക്കും.

ലൈഫ് പദ്ധതികള്‍ക്കടക്കം ഇത് ഉപയോഗിക്കും. കാലാവസ്ഥാ വ്യതിയാനവും കേരളത്തിലെ പരിസ്ഥിതിയും സംബന്ധിച്ച് സര്‍ക്കാര്‍ പഠനം നടത്തും.

പുഴകളുടെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഹരിതകേരളം മിഷന്‍റെ ഭാഗമായി സര്‍ക്കാര്‍ നേരത്തേ ആരംഭിച്ചതാണ്. ജലവിഭവങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കിവരുന്നതെന്നും മന്ത്രി അറിയിച്ചു.

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പി.വി. ലൂയിസ്, ഡോ. മുഹമ്മദ് ഇഖ്ബാല്‍, ഡോ. മരിയ വര്‍ഗീസ്, ഡോ. ദീപു, ഡോ. രേഖ, ഡോ. ജോജോ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News