മോദി കാലത്തെ പെട്രോള്‍; ഇന്ധന വില വരുംദിവസങ്ങളില്‍ കുറയുമോ ?

രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്തെ നയങ്ങള്‍ ജനജീവിതത്തെ ദുസഹമാക്കിയത് അത്രയെളുപ്പമൊന്നും രാജ്യം മറന്നിട്ടില്ല. കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഗ്യാസ് സിലിണ്ടറിന് പോലും എണ്ണം പറഞ്ഞ മന്‍മോഹന്‍ ഭരണം.

സോണിയാ ഗാന്ധിയുടെ ക്യാമ്പിനറ്റിലെ സര്‍വ്വശക്തനായ ധനമന്ത്രി പി.ചിന്ദംബരത്തിന്‍റെ കണക്കുകളില്‍ മുങ്ങി പെട്രോള്‍ വില നിശ്ചയിക്കാനുള്ള അധികാരം പൊതുമേഖല എണ്ണകമ്പനികള്‍ക്ക് നല്‍കി.

രണ്ടാഴ്ച്ചയിലൊരിക്കല്‍ രാജ്യം പെട്രോള്‍ വില മാറുന്നത് കണ്ടു.അങ്ങനെ ജനം നട്ടം തിരിഞ്ഞിരിക്കുമ്പോഴാണ് നാല്‍പ്പത് രൂപയ്ക്ക് പെട്രോള്‍ എന്ന വാഗ്ദാനവുമായി നരേന്ദ്രമോദിയുടെ കടന്ന് വരവ്.

ഹിന്ദുത്വം മാത്രം കൊണ്ട് വിജയിക്കാനാവില്ലന്ന തിരിച്ചറിവിന്റെ ഭാഗമായുള്ള വാഗ്ദാനം. പതിനഞ്ച് ലക്ഷം ബാങ്കിലിടുമെന്ന പ്രഖ്യാപനങ്ങളുമേറെ.

2014 മെയ് പതിനാറിന് നരേന്ദ്രമോദി ഭരണത്തിലേറുമ്പോള്‍ പെട്രോള്‍ വില 71രൂപ 40 പൈസ. കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി 3 രൂപ 56 പൈസ.

വില കുറയുന്നത് കാത്തിരുന്ന ജനതയ്ക്ക് മുമ്പില്‍ എക്‌സൈസ് ഡ്യൂട്ടി 9 തവണ വര്‍ദ്ധിപ്പിച്ച് മോദിയും സംഘവും മൗനം പാലിച്ചു. ഭക്തര്‍ മുന്‍ സര്‍ക്കാരിന്റെ പിടിപ്പ് കേടെന്ന് വിലപിച്ചു. വില മാത്രം കുറഞ്ഞില്ല.

വില വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍

ഇരുപത് വര്‍ഷം മുമ്പ് 1998 സെപ്ന്റബറില്‍ ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് നല്‍കേണ്ടി വന്നത് 23 രൂപ 94 പൈസ. ഇരുപത് വര്‍ഷത്തിന് ശേഷം 238 ശതമാനം വില വര്‍ദ്ധിച്ചിരിക്കുന്നു.

അതായത് ഓരോ വര്‍ഷവും 12 ശതമാനത്തിന്റെ ശരാശരി വര്‍ദ്ധനവ്. ഈ ലേഖനം എഴുതുമ്പോള്‍ പെട്രോള്‍ വില മഹാരാഷ്ട്രയില്‍ 90 രൂപ കഴിഞ്ഞു.

അഞ്ച് കാരണങ്ങളാണ് വില വര്‍ദ്ധനവിന് കാരണമായിരിക്കുന്നത്. പ്രധാനപ്പെട്ട കാരണം അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയിലെ ചാഞ്ചാട്ടം.

ഇറക്കുമതി ചെയ്യപ്പെടുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്ന രാജ്യത്തിന് അന്താരാഷ്ട്ര വിപണിയിലെ വില പ്രധാനം തന്നെയാണ്. നമ്മുടെ രാജ്യത്തിനോ സര്‍ക്കാരിനോ അക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ല.

പക്ഷെ അതോടൊപ്പം പ്രധാനമാണ് രൂപയുടെ മൂല്യം. ഡോളര്‍ നിരക്കില്‍ കൈമാറ്റം ചെയ്യപ്പെടുന്ന രൂപയുടെ മൂല്യം കുറയുന്നത് പൊതുമേഖല എണ്ണ കമ്പനികളുടെ ഇറക്കുമതി ചിലവ് വര്‍ദ്ധിപ്പിക്കുന്നു.

രണ്ടാമത്തെ വിഷയം ഇന്ധനത്തിന്റെ ട്രാന്‍സ്‌പോര്‍ട്ടിങ്ങ്. സംസ്‌കരിച്ച എണ്ണ പെട്രോള്‍ പമ്പുകളില്‍ എത്തിക്കുന്ന ചിലവ് കൂടി എണ്ണ കമ്പനികള്‍ ഇന്ധന വിലയില്‍ ഉള്‍പ്പെടുത്തുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ വരുമാനമാര്‍ഗമായ എക്‌സൈസ് ഡ്യൂട്ടിയാണ് വില വര്‍ദ്ധനവിനുള്ള മൂന്നാമത്തെ കാരണം. നാലാമത്തേതായി എണ്ണ കമ്പനികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഡീലര്‍ കമ്മീഷന്‍.

സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വാറ്റ് നികുതി കൂടി കണക്കാക്കുമ്പോള്‍ പെട്രോള്‍-ഡീസല്‍ ഉപഭോക്താവിന് എത്ര രൂപയ്ക്ക് നല്‍കണം എന്ന കാര്യത്തില്‍ നിശ്ചയമുണ്ടാകും.

പെട്രോളിന് നമ്മള്‍ നല്‍കുന്ന തുക ആരുടെ കീശയിലേയ്ക്കാണ് പോകുന്നത്

പെട്രോള്‍-ഡീസല്‍ വിലയുടെ സിംഹഭാഗം വരുന്ന എക്‌സൈസ് ഡ്യൂട്ടിയായ 19 രൂപ 48 പൈസയും കേന്ദ്ര ഖജനാവിലെത്തും.

വാറ്റ് നികുതിയിലൂടെ സംസ്ഥാന സര്‍ക്കാരിനും ഒരു പങ്ക് ലഭിക്കും.ഇത് താരതമ്യേന കേന്ദ്ര നികുതിയെക്കാള്‍ കുറവാണ്.എന്നാല്‍ കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയെക്കാള്‍ വാറ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളും ഉണ്ട്. പെട്രോളിന് 39.12 ശതമാനം വാറ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.

പുതിയ സംസ്ഥാനമായ തെലങ്കാനയാണ് ഏറ്റവും കൂടുതല്‍ വാറ്റ് ഡീസലിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.26 ശതമാനം.

നിലവിലെ കണക്കനുസരിച്ച് ദില്ലിയില്‍ പെട്രോളിന് 86 രൂപ 17യാണ് വില. എന്നാല്‍ പെട്രോളിന് എണ്ണ കമ്പനികള്‍ നിശ്ചയിട്ടുള്ള അടിസ്ഥാന വില 40 രൂപ 45 പൈസ.

മോദി സര്‍ക്കാരിന്റെ എക്‌സൈസ് ഡ്യൂടി 19 രൂപ 48 പൈസ.അരവിന്ദ് കേജരിവാളിന്റെ സര്‍ക്കാര്‍ 17 രൂപ 16 പൈസ വാറ്റ് നികുതിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തില്‍ വാറ്റ് 17 രൂപ.94 പൈസയാണ് വാറ്റ്. ഇത് കൂടാതെ ഡീലര്‍ കമ്മീഷനായ 3 രൂപ 64 പൈസയും അഡീഷണല്‍ സെസുകളും കൂടി കഴിയുമ്പോള്‍ വില ഉപഭോക്താവ് ദില്ലിയില്‍ നിന്നും പെട്രോള്‍ വാങ്ങാന്‍ നല്‍കേണ്ടി വരുന്നത് 86 രൂപ 73 പൈസയാകും.

പെട്രോള്‍ വിലയിലെ യുപിഎ-എന്‍ഡിഎ വ്യത്യാസം

വില വര്‍ദ്ധനവിലെ ശതമാന കണക്കെടുക്കുമ്പോള്‍ യുപിഎ കാലത്തെക്കാള്‍ പെട്രോള്‍ വില വര്‍ദ്ധിക്കുന്നുവെന്നാണ് ബിജെപി അവകാശ വാദം.

ഇത് എത്രത്തോളം ശരിയാണന്ന് ചോദിച്ചാല്‍. ഉത്തരം ശരിയെന്നും തെറ്റെന്നും പറയേണ്ടി വരും. വര്‍ദ്ധനവിലെ ശതമാന കണക്ക് നോക്കുമ്പോള്‍ ബിജെപി അവകാശവാദം ശരിയാണ്.

2004 മുതല്‍ 2014 വരെയുള്ള യുപിഎ കാലത്ത് ഇന്ധന വില 11.2 ശതമാനം വര്‍ദ്ധിച്ചു. 2014 മുതല്‍ 2018 വരെയുള്ള എന്‍ഡിഎ കാലത്താകട്ടെ വര്‍ഷം തോറും ശരാശരി വര്‍ദ്ധനവ് 3.25 ശതമാനം മാത്രം.

പക്ഷെ ഇതോടെ ചിത്രം പൂര്‍ണ്ണമാകുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ നിന്നും വാങ്ങുന്ന ക്രൂഡ് ഓയില്‍ വില കൂടി പരിശോധിക്കണം.

മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന 2004ല്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 32 ഡോളര്‍ മാത്രം. 2011 എത്തിയപ്പോള്‍ വില 111 ഡോളറായി വര്‍ദ്ധിച്ചു.

പക്ഷെ പക്ഷെ അപ്പോഴും യുപിഎ കാലത്ത് പെട്രോളിന് ഏര്‍പ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില 76 രൂപ 6 പൈസയായിരുന്നു.

അതേ സമയം ഇപ്പോഴത്തെ വില ക്രൂഡ് ഓയില്‍ വില ബാരലിന് 68 ഡോളര്‍ മാത്രം.എന്നാല്‍ പെട്രോള്‍ വിലയാകട്ട 90 ന് അടുക്കുന്നു.

ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും ഇന്ധന വില രാജ്യത്ത് ഉയര്‍ന്ന് നില്‍ക്കുന്നതിന് കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നത് 2014 മുതല്‍ 2016 വരെ ഒന്‍പത് തവണയായി വര്‍ദ്ധിപ്പിച്ച എക്‌സൈസ് ഡ്യൂട്ടിയാണ്.

എന്ത് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്നില്ല

2017-2018 സാമ്പത്തിക വര്‍ഷം 2.29 ലക്ഷം കോടി രൂപയാണ് എക്‌സൈസ് ഡ്യൂട്ടിയായി കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചത്.

അതിന് തൊട്ട് മുമ്പുള്ള വര്‍ഷം 2016-2017ല്‍ 2.42 കോടി രൂപയും ലഭിച്ചുവെന്നാണ് കണക്ക്.ഇത്ര വലിയ തുക വേണ്ടെന്ന് വയ്‌ക്കോനോ കുറയ്ക്കാനോ ഉള്ള സാമ്പത്തിക സ്ഥിതിയിലല്ല കേന്ദ്ര സര്‍ക്കാര്‍.

നോട്ട്മാറ്റവും ജി.എസ്.ടിയും കേന്ദ്ര ഖജനാവിലേയ്ക്കുള്ള നികുതി വരവിനെ ഏറെകുറെ തടസപ്പെടുത്തി കഴിഞ്ഞു. പെട്രോളിയം ഉല്‍പനങ്ങളില്‍ നിന്നും ലഭിക്കുന്ന എക്‌സൈസ് ഡ്യൂട്ടി കുറച്ചാല്‍ അത് കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക അട്ടിത്തറയെ ബാധിക്കും.

സാമൂഹിക സുരക്ഷ പദ്ധതികള്‍ അവതാളത്തിലാകും. രൂപയുടെ മൂല്യം ദിനംപ്രതി ഇടിയുന്നത് ഇറക്കുമതിയെ ആശ്രയിക്കുന്ന വ്യവസായ മേഖലയെ ബാധിക്കുന്നുണ്ട്.

ഇതൊക്കെ മറികടക്കാന്‍ എക്‌സൈസ് ഡ്യൂട്ടി മതിയായെ തീരു. സമാനമായ രീതിയില്‍ വാറ്റ് നികുതിയിലൂടെ സംസ്ഥാനങ്ങളും നല്ലൊരു തുക സമാഹരിച്ചിട്ടുണ്ട്. 2017-2018 വര്‍ഷം 1.84 ലക്ഷം കോടി രൂപ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ലഭിച്ചിട്ടുണ്ട്.

എണ്ണ കമ്പനികളുടെ ലാഭം

അന്താരാഷ്ട്ര വിപണയിലെ നഷ്ട്ട കച്ചവടം പറഞ്ഞ് ദിനംപ്രതി വില വര്‍ദ്ധിപ്പിക്കുന്ന എണ്ണ കമ്പനികളുടെ ലാഭവിതമാകട്ടെ ഓരോ സാമ്പത്തിക വര്‍ഷവും വര്‍ദ്ധിക്കുന്നു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്രഖ്യാപിച്ചത് പ്രകാരം അവരുടെ ഈ വര്‍ഷം ലാഭം 21,346 കോടി. 2016-17ലാകട്ടെ 19,106 കോടിയായിരുന്നു ലാഭം.

ജി.എസ്.ടിയും പെട്രോളും

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. അങ്ങനെ ഉള്‍പ്പെടുത്തിയാല്‍ സ്വാഭാവികമായും എക്‌സൈസ് ഡ്യൂട്ടിയും വാറ്റും ഇല്ലാതാകും.

ജി.എസ്.ടിയിലെ ഏറ്റവും ഉയര്‍ന്ന നികുതി പരിധി പ്രകാരം തുക നിശ്ചയിച്ചാലും ലിറ്ററിന് 57 രൂപക്കെങ്കിലും വില്‍ക്കാന്‍ കഴിയും.

ഇന്ധന വില വരുംദിവസങ്ങളില്‍ കുറയുമോ ?

അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് നിലവില്‍ അന്താരാഷ്ട്ര വിപണയില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ ചാഞ്ചാട്ടം ഉണ്ടാക്കുന്നത്.

നയതന്ത്രമേഖലയിലെ നീക്കങ്ങളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരുന്നു. അങ്ങനെയെങ്കില്‍ ഇന്ധനവില പിടിച്ച് നിറുത്താനാകും.

പക്ഷെ ഇടിയുന്ന ഇന്ത്യന്‍ രൂപയുടെ മൂല്യം രാജ്യത്തെ ഇന്ധന ചിലവ് വര്‍ദ്ധിപ്പിക്കും. അത് കൊണ്ട് തന്നെ എക്‌സൈസ്-വാറ്റ് നികുതികള്‍ കുറയ്ക്കാതെ മറ്റ് പരിഹാര മാര്‍ഗങ്ങള്‍ ഇല്ലെന്ന് വിദഗദ്ധര്‍ ചൂണ്ടികാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News